അങ്ങനെയല്ല ദേ ഇങ്ങനെ...; സുമലത ടീച്ചർക്ക് സംവിധായകന്‍റെ ട്രെയിനിങ്, ചിരി പടർത്തി വീഡിയോ - ratheesh balakrishnan
🎬 Watch Now: Feature Video
'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'ന്നാ താൻ കേസ് കൊട്' എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'സുരേശന്‍റെയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ'. പ്രഖ്യാപനത്തിലും പൂജ ചടങ്ങിലുമെല്ലാം വേറിട്ട വഴികൾ പിന്തുടർന്ന ചിത്രമാണ് 'ഹൃദയഹാരിയായ പ്രണയ കഥ'. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു ലൊക്കേഷൻ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ന്നാ താൻ കേസ് കൊട്' എന്ന സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ 'കാവുംതാഴെ സുരേനെയും സുമലത ടീച്ചറെയും മറക്കാന്‍ ഇടയില്ല. ഒരൊറ്റ സിനിമയിലൂടെ തന്നെ ട്രെൻഡ് സെറ്റർ ആയി മാറിയ, രാജേഷ് മാധവനും ചിത്ര നായരും ജീവൻ കൊടുത്ത കാവും താഴെ സുരേശനെയും സുമലത ടീച്ചറെയും ഒരു മുഴുനീള സിനിമയിലേക്ക് പകർത്തുകയാണ് 'ഹൃദയഹാരിയായ പ്രണയ കഥ'യിലൂടെ രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാൾ.
സുമലത ടീച്ചറായെത്തുന്ന ചിത്ര നായർക്ക് അഭിനയത്തില്‍ ട്രെയിനിംഗ് നല്‍കുന്ന സംവിധായകന്‍റെ വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സുരേഷേട്ടനെ 'ഹൃദയഹാരിയായി' നോക്കാൻ സുമലത ടീച്ചറെ പഠിപ്പിക്കുകയാണ് സംവിധായകൻ രതീഷ് ബാലകൃഷ്‌ണന്‍. അഭിനേതാക്കളെ വെല്ലുന്ന സംവിധായകന്‍റെ ആക്ഷൻ കയ്യടി നേടുകയാണ്.
സുരേഷിനും സുമലതയ്‌ക്കും ചലനങ്ങൾ പറഞ്ഞു കൊടുക്കുന്ന രംഗമാണെങ്കിലും പ്രണയിക്കുന്നവരുടെ ഇടയിലെ കട്ടുറുമ്പായാണ് സംവിധായകനെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അമ്പലത്തിലെ പ്രണയ രംഗത്തിനിടയിൽ പ്രേമലേഖനവുമായി എത്തുന്ന നായകനെ ഇടംകണ്ണിട്ട് നോക്കുകയാണ് രതീഷ്. കത്ത് ക്ഷേത്ര ഭണ്ഡരത്തിലേക്ക് പോകുമ്പോൾ നായകനെ നോക്കി രതീഷ് കണ്ണിറുക്കുന്നതും കാണാം. 29 സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ഹിറ്റ് ആയി കഴിഞ്ഞു.
പ്രഖ്യാപനം മുതല്‍ തന്നെ ജന ശ്രദ്ധ നേടിയ ചിത്രമാണ് 'ഹൃദയഹാരിയായ പ്രണയ കഥ'. നേരത്തെ രാജേഷ് മാധവനും ചിത്ര നായരും ഒരുമിച്ചഭിനയിച്ച 'സേവ് ദി ഡേറ്റ്' വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായെങ്കിലും പ്രേക്ഷകരുടെ ഉള്ളില്‍ ചില സംശയങ്ങൾ ബാക്കിയായി.
സിനിമ പ്രൊമോഷനാണോ അതോ യഥാർഥ ജീവിതത്തിലും ഇവർ ഒന്നിക്കുകയാണോ എന്നിങ്ങനെയായി പ്രേക്ഷകരുടെ ചിന്തകൾ. ഇരുവരുടെയും വിവാഹം ക്ഷണിച്ചു കൊണ്ടുള്ള കത്തും പിന്നാലെ പുറത്തു വന്നിരുന്നു. വൈകാതെ രാജേഷ് മാധവൻ അവതരിപ്പിച്ച ഓട്ടോ ഡ്രൈവർ സുരേശൻ കാവുംതാഴെയും ചിത്ര നായർ അവതരിപ്പിച്ച സുമലതയും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയുടെ വരവറിയിച്ച് അണിയറ പ്രവർത്തകർ തന്നെ രംഗത്തെത്തി.
നേരത്തെ പുറത്തുവന്ന ക്ഷണക്കത്തിലെ വിവാഹ സ്ഥലമായി കൊടുത്ത പയ്യന്നൂര്‍ കോളേജിലായിരുന്നു ചിത്രത്തിന്‍റെ പൂജ നടന്നത്. പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിൽവർ ബേ സ്റ്റുഡിയോസിന്‍റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടിന് ഏറെ അംഗീകാരവും പ്രശസ്‌തിയും നേടിക്കൊടുത്ത 'ആൻഡ്രോയിഡ് കുഞ്ഞപ്പനും' കുഞ്ചാക്കോ ബോബന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ 'ന്നാ താൻ കേസു കൊട്' എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്‌ണന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം 'ഹൃദയഹാരിയായ പ്രണയ കഥ'യ്‌ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ.