അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇറങ്ങുന്നു. അഡ്‌ലെയ്‌ഡില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര മുതലാണ് ഇന്ത്യയുടെ നിര്‍ണായക മത്സരം ആരംഭിക്കുന്നത്.
രണ്ട് തുടര്‍ ജയങ്ങള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 5 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് രോഹിതും സംഘവും അയല്‍ക്കാര്‍ക്കെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പുറം വേദനയെ തുടര്‍ന്ന് ഗ്രൗണ്ട് വിട്ട ദിനേശ് കാര്‍ത്തിക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ കളിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. മത്സരത്തില്‍ കാര്‍ത്തിക്ക് കളിച്ചില്ലെങ്കില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ ബാറ്ററാകാനാണ് സാധ്യത.
അതേസമയം റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്ന കെഎല്‍ രാഹുലിനെ ഒഴിവാക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ടീമിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടില്‍ മാറ്റമുണ്ടാകില്ല. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ സ്ഥാനത്തിനും കോട്ടം തട്ടാനിടയില്ല.
അതേസമയം ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ കഴിഞ്ഞ മത്സരം കളിച്ച ദീപക് ഹൂഡ തുടര്‍ന്നാല്‍ അക്സര്‍ പട്ടേലിന് പുറത്തിരിക്കേണ്ടി വരും. സ്‌പിന്നറായി ആര്‍ അശ്വിന്‍ തന്നെ കളിച്ചേക്കാനാണ് സാധ്യത. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷാമി, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ക്ക് തന്നെയാകും ഇന്ത്യയുടെ പേസ് ബോളിങ് ചുമതല.
മറുവശത്ത് സിംബാബ്‌വെയെ തകര്‍ത്താണ് ബംഗ്ലാദേശ് എത്തുന്നത്. കളിച്ച മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ടസ്‌കിന്‍ അഹമ്മദ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കും വെല്ലുവിളിയുയര്‍ത്തുമെന്നാണ് ബംഗ്ലാദേശ് ആരാധകരുടെ പ്രതീക്ഷ. അതേ സമയം ഇന്ത്യയെ തോല്‍പ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ക്യാപ്‌റ്റന്‍ ഷാക്കിബ് അല്‍ ഹസനും മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
കാലാവസ്ഥ പ്രവചനം: മത്സരത്തിന് മുന്‍പുള്ള രണ്ട് ദിവസങ്ങളിലും ശക്തമായ മഴ അഡ്‌ലെയ്‌ഡ് ഓവലില്‍ പെയ്‌തിരുന്നു. മത്സരദിവസവും മേഘാവൃതമായ കാലാവസ്ഥയായിരിക്കും അഡ്‌ലെയ്‌ഡിലേതെന്നാണ് പ്രവചനം. ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിന്‍റെ അന്ന് നിലവില്‍ 70 ശതമാനം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
പിച്ച് റിപ്പോര്‍ട്ട്: ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് അഡ്‌ലെയ്‌ഡിലേത്. ബിഗ് ബാഷ് മത്സരങ്ങളിലുള്‍പ്പടെ 170 ആണ് ഇവിടുത്തെ ശരാശരി ഒന്നാം ഇന്നിങ്സ് സ്‌കോര്‍. എന്നാല്‍ മത്സരദിവസം മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ പിച്ചിന്‍റെ സ്വഭാവം പ്രവചനാതീതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കണക്കിലെ കളികള്‍: അന്താരാഷ്‌ട്ര ടി20 മത്സരങ്ങളില്‍ 11 പ്രാവശ്യമാണ് ഇരു ടീമും പരസ്‌പരം ഏറ്റുമുട്ടിയത്. അതില്‍ പത്തിലും ജയം ഇന്ത്യക്കൊപ്പം നിന്നു. ഒരു മത്സരം മാത്രമാണ് ബംഗ്ലാദേശിന് ജയം സ്വന്തമാക്കാനായത്.
തത്സമയം കാണാന്‍: അഡ്‌ലെയ്‌ഡ് ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നര മുതലാണ് ഇന്ത്യ -ബംഗ്ലാദേശ് മത്സരം ആരംഭിക്കുന്നത്. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ എന്നിവയിലൂടെ മത്സരം തത്സമയം കാണാന്‍ സാധിക്കും.
ഇന്ത്യന്‍ ടീം സാധ്യത പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ/അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിങ്.
ബംഗ്ലാദേശ് ടീം സാധ്യത പ്ലേയിങ് ഇലവന്‍: നജ്‌മുൽ ഹൊസൈൻ ഷാന്‍റോ, സൗമ്യ സർക്കാർ, ലിറ്റൺ ദാസ്, ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), അഫീഫ് ഹൊസൈൻ, യാസിർ അലി, മൊസാദ്ദെക് ഹൊസൈൻ, നൂറുൽ ഹസൻ (വിക്കറ്റ് കീപ്പര്‍), മുസ്‌തഫിസുർ റഹ്മാൻ, ഹസൻ മഹ്മൂദ്, ടസ്കിൻ അഹമ്മദ്.