ജീവിക്കാനുള്ള തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ ചിരിക്കാൻ മറന്നുപോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഒരു ചെറു പുഞ്ചിരിക്ക് നമ്മുടെ ഒരു ദിവസം തന്നെ മാറ്റാൻ കഴിയും. ജീവിതത്തിൽ സന്തോഷവും പോസിറ്റിവിറ്റിയും സമാധാനവും നിറയ്ക്കാൻ ചിരിക്ക് കഴിയും. അപാരമായ സന്തോഷത്തിൽ നിന്നുണ്ടാകുന്ന ചിരിയോ, ചിരിച്ച് ചിരിച്ച് കണ്ണുനീർ വരുന്ന ചിരിയോ ആകട്ടെ, ഓരോ പുഞ്ചിരിക്കും ചുറ്റുപാടിനെയും പ്രകാശിപ്പിക്കുന്നതിനുള്ള മാന്ത്രികശേഷിയുണ്ട്.
പുഞ്ചിരിക്കുന്നത് എല്ലായ്‌പ്പോഴും മനോഹരമാണ്. എന്നാൽ മറ്റൊരാളുടെ ചിരി കാണുന്നതും അവരുടെ സന്തോഷത്തിന് പിന്നിൽ നമ്മളാണെന്ന് അറിയുന്നതും അതിലേറെ മനോഹരമാണ്. സന്തോഷം, ആവേശം, ആനന്ദം, സൗഹൃദം തുടങ്ങി പലതരം വികാരങ്ങൾ പ്രകടിപ്പിക്കാൻ പുഞ്ചിരിക്ക് കഴിയും. എല്ലായ്‌പ്പോഴും പുഞ്ചിരിക്കുന്ന വ്യക്തി എപ്പോഴും പ്രസന്നമായി കാണപ്പെടും.
എന്നാൽ എപ്പോഴൊക്കെ ചിരിക്കാൻ മറന്നാലും ഇന്നത്തെ ദിവസം ചിരിച്ചേ മതിയാകൂ…കാരണം ഇന്ന് ലോക ചിരിദിനമാണ്.
എല്ലാ വർഷവും ഒക്‌ടോബറിലെ ആദ്യ വെള്ളിയാഴ്‌ചയാണ് ചിരിദിനമായി ആചരിക്കുന്നത്. ചിരിയിലൂടെ സ്വയം സന്തോഷിക്കുകയും മറ്റുള്ളവർക്ക് സന്തോഷം പകരുകയും മാനസിക സമ്മർദം കുറയ്ക്കുകയും ചെയ്യുക എന്നതാണ് ചിരിദിനത്തിന്‍റെ ആശയം.
ചിരിമുഖത്തിന് പിന്നിലെ കലാകാരൻ: 1963ൽ മസാച്യുസെറ്റ്‌സിലെ ഹാർവി ബോൾ എന്ന കലാകാരനാണ് 'സ്‌മൈലി ഫേസ്' സൃഷ്‌ടിച്ചത്. 1999ലാണ് ആദ്യമായി ചിരിദിനം ആഘോഷിക്കുന്നത്. ഹാർവി ബോൾ ആണ് ഒക്‌ടോബറിലെ ആദ്യ വെള്ളിയാഴ്‌ച ചിരിദിനമായി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചത്.
2001ൽ ഹാർവിയുടെ മരണശേഷം ഹാർവി ബോൾ വേൾഡ് സ്‌മൈൽ ഫൗണ്ടേഷൻ നിലവിൽ വന്നു. അദ്ദേഹത്തിന്‍റെ ഓർമയ്‌ക്കായാണ് എല്ലാ വർഷവും ചിരിദിനം ആഘോഷിക്കുന്നത്.
1921 ജൂലൈ 10ന് ഏണസ്റ്റ് ജി. ബോളിന്‍റെയും ക്രിസ്റ്റീൻ "കിറ്റി" റോസ് ബോളിന്‍റെയും മകനായാണ് ഹാർവി റോസ് ബോൾ ജനിച്ചത്. വോർസെസ്റ്റർ ആർട്ട് മ്യൂസിയം സ്‌കൂളിൽ നിന്ന് കലയിൽ ബിരുദം നേടിയ ഹാർവി ബോൾ അമേരിക്കൻ കലാകാരനായിരുന്നു. വർഷങ്ങളോളം കലാകാരനായി ജോലി ചെയ്‌ത അദ്ദേഹം 1963ൽ 'സ്‌മൈലി ഫേസ്' സൃഷ്‌ടിച്ചു. വലിയ ജനപ്രീതി ലഭിച്ച സ്‌മൈലി ഫേസ് മുൻകാലങ്ങളിൽ വാണിജ്യപ്രചാരത്തിന് ഉപയോഗിച്ചിരുന്നു.
കൂടാതെ, 1970കളിൽ രാഷ്‌ട്രീയ പ്രചാരണങ്ങൾക്കും സിനിമകളിലും കാർട്ടൂണുകളിലും കോമിക് പുസ്‌തകങ്ങളിലും ചിരി മുഖം ഉപയോഗിക്കപ്പെട്ടു. ഇന്‍റർനെറ്റ് യുഗത്തിന്‍റെ ആദ്യനാളുകളിൽ വ്യാപകമായി ഉപയോഗിച്ചുപോന്ന സ്‌മൈലി ഫേസ് 1990കളിലാണ് ജനപ്രിയമാകുന്നത്.
ചിരിയുടെ ആരോഗ്യ ഗുണങ്ങൾ:
- സമ്മർദം കുറയ്ക്കുന്നു
- മറ്റുള്ളവർ പുഞ്ചിരിക്കുന്നത് കാണുന്നത് ഉത്സാഹവും പോസിറ്റിവിറ്റിയും നിറയ്ക്കുന്നു
- ഓരോ തവണ പുഞ്ചിരിക്കുമ്പോഴും രക്തസമ്മർദം നിശ്ചിത അളവിൽ കുറയുന്നു
- പുഞ്ചിരിക്കുമ്പോൾ പ്രകൃതിദത്ത വേദനസംഹാരികളായ എൻഡോർഫിനുകൾ ശരീരത്തിൽ ഉത്പാദിക്കപ്പെടുന്നു. ഇത് വേദനയിൽ നിന്നും അൽപം ആശ്വാസം നൽകുന്നു. ഇതിനാലാണ് വിവിധ ശസ്‌ത്രക്രിയ സമയത്ത് പല ഡോക്‌ടർമാരും ലാഫിങ് ഗാസ് ഉപയോഗിക്കുന്നത്
- ചിരി മനസിനെ ശാന്തമാക്കുന്നു. മാനസിക നില മാറ്റാനും നല്ല ചിന്തകൾ ഉണ്ടാകാനും ചിരി കാരണമാകുന്നു
- പുഞ്ചിരി മുഖത്തെ പേശികൾ പ്രവർത്തിക്കാൻ സഹായിക്കുന്നു. ഇത് മുഖത്തെ ചെറുപ്പം നിലനിർത്താൻ കാരണമാകും.
ദയ കാണിക്കുക. മറ്റൊരാളെ പുഞ്ചിരിക്കാൻ സഹായിക്കുക എന്നതാണ് ലോക ചിരിദിനത്തിന്‍റെ ആശയം. ഒരാളുടെയെങ്കിലും മുഖത്ത് പുഞ്ചിരി കൊണ്ടുവരുന്ന ഒരു പ്രവൃത്തി ചെയ്യാൻ ഇത് ആളുകളെ പ്രേരിപ്പിക്കുന്നു.
പുഞ്ചിരിയിൽ നിന്നാണ് സമാധാനം തുടങ്ങുന്നത് എന്ന് മദർ തെരേസ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരു ചെറുപുഞ്ചിരിക്ക് യുദ്ധങ്ങൾ അവസാനിപ്പിക്കാനും ലോക സമാധാനം കൊണ്ടുവരാനുമുള്ള കഴിവുണ്ട്. അതിനാൽ ചിരിക്കൂ…ചിരി പടർത്തൂ…