ഗര്‍ഭം ധരിക്കുന്നതുമുതല്‍ നിരവധി സ്വപ്‌നങ്ങളാണ് ഓരോ അമ്മമാരുടെയും മനസുകളില്‍ ഇതള്‍വിരിയുന്നത്. ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയില്‍ മാതാപിതാക്കളിലെ സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളും കൂടുതല്‍ വര്‍ണാഭമാകും. തൊട്ടിലില്‍ കിടന്ന് കൈകാലുകള്‍ അടിക്കുന്നതും കുഞ്ഞികണ്ണുകളാല്‍ പൊന്നോമന നോക്കി ചിരിക്കുന്നതുമെല്ലാം ഓരോ അമ്മമാരുടെയും മനസുകളില്‍ നിറയും.
പക്ഷേ പൂര്‍ണ ആരോഗ്യവാനായ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നവര്‍ക്ക് മറ്റൊന്നാണ് പ്രാപ്‌തമാകുന്നതെങ്കിലോ. മാസം തികയാതെയുള്ള ജനനം, വൈകല്യങ്ങളും രോഗങ്ങളുമുള്ള ജന്മം എന്നിവയൊക്കെയായാലോ. ഇങ്ങനെ തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജീവിതദുരന്തം അനുഭവിക്കുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും എണ്ണം ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരികയാണ്.
ഈ പ്രശ്‌നത്തിനെതിരെ സമൂഹത്തില്‍ അവബോധം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയണ് എല്ലാ വര്‍ഷവും നവംബര്‍ 17ന് ലോക പ്രീമെച്ച്യൂര്‍ (അകാലപ്പിറവി ദിനം) ദിനം ആചരിക്കുന്നത്. മാസം തികയാതെയുള്ള കുഞ്ഞുങ്ങളുടെ അകാലപ്പിറവിയുടെ തോത് കുറയ്‌ക്കുക എന്നതാണ് ഈ ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്.
ആഗോളതലത്തില്‍ ഓരോ വര്‍ഷത്തിലും ഏകദേശം 15 ദശലക്ഷത്തോളം കുഞ്ഞുങ്ങളാണ് മാസം തികയാതെ ജനിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് ജനിക്കുന്ന പത്തില്‍ ഓരോ കുട്ടിയും മാസം തികയാതെ പിറവിയെടുക്കുന്നവരാകാം. ലോകമെമ്പാടും മരണപ്പെടുന്ന 5 വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെല്ലാം തന്നെ ഇത്തരത്തില്‍ പുര്‍ണവളര്‍ച്ചയെത്തും മുന്‍പ് ജനിച്ച് വീണവരാണ്.
മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. കൂടാതെ ഇവരുടെ ശാരീരിക ഘടനയും മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് വ്യത്യസ്‌തമായിരിക്കും. ഇത്ര ഗുരുതരമായ ഒരു പ്രശ്‌നം നേരിടുന്നത് തടയാന്‍ പ്രസവത്തിന് മുന്‍പ് തന്നെ അമ്മമാര്‍ ശ്രദ്ധപുലര്‍ത്തണം.
കുഞ്ഞുങ്ങൾ നേരത്തെ ജനിക്കുന്നതിന് കൃത്യമായ കാരണങ്ങളൊന്നും എവിടെയും പ്രതിപാദിക്കുന്നില്ല. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ഗര്‍ഭകാലത്ത് ഉത്‌കണ്‌ഠ അനുഭവിക്കുന്ന സ്ത്രീകള്‍ സാധാരണ ഗര്‍ഭിണികളേക്കാള്‍ നേരത്തെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണ് എന്നായിരുന്നു കണ്ടെത്തല്‍. മാതൃ വിഷാദം കുരുന്നുകളില്‍ ചെലുത്തുന്ന സ്വധീനം കണ്ടെത്താനായി നടത്തിയ ഗവേഷണം ഹെല്‍ത്ത് സൈക്കോളജി റിപ്പോര്‍ട്ടിലാണ് പ്രസിദ്ധീകരിച്ചത്.
ഗര്‍ഭത്തിന്‍റെ 37 ആഴ്‌ചകള്‍ക്ക് മുന്‍പുള്ള ജനന ഉത്‌കണ്‌ഠ, കുഞ്ഞ് എങ്ങനെ ജനിക്കും എന്ത് സംഭവിക്കും തുടങ്ങിയ ആശങ്കകളും ഒരു അപകടകാരണമാകാം എന്നായിരുന്നു പഠനത്തിലെ കണ്ടെത്തല്‍. ലോസ് ഏഞ്ചൽസിലെ 196 ഗർഭിണികളിലായിരുന്നു പഠനം നടത്തിയത്.
നെഞ്ചിലെ ചൂടേറ്റുറക്കാം: മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്ക് സ്പര്‍ശനവും കരുതലുമാണ് ആവശ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. നവജാത ശിശുവിന് അമ്മയുടെ ചർമ്മവുമായി സമ്പർക്കം പുലർത്തുന്നതിന് പ്രത്യേക ഗുണങ്ങളുണ്ട്. അകാലപ്പിറവിയെടുക്കുന്ന ശിശുക്കളിൽ ഈ ചികിത്സ വളരെ പ്രധാനമാണ്.
ഈ രീതി കുഞ്ഞുങ്ങളുടെ ജനനത്തിന് ശേഷം ഉടൻ തന്നെ ആരംഭിക്കേണ്ടതാണ്. കൂടാതെ ശരിയായ മുലയൂട്ടല്‍ സമ്പ്രദായം ഹൃദയമിടിപ്പ്, രക്തത്തിലെ ഗ്ലൂക്കോസിന്‍റ അളവ് എന്നിവ കൃത്യമായി ക്രമീകരിക്കുന്നതിനും സഹായിക്കും. കൂടാതെ ഇത് കുരുന്നുകളില്‍ ദീർഘകാലത്തേക്ക് അധിക ആയുസ് നൽകുന്നു.
2008 നവംബർ 17ന് യൂറോപ്യൻ പാരന്‍റ് ഓർഗനൈസേഷന്‍ ആണ് ആദ്യമായി ഇന്‍റര്‍നാഷണല്‍ പ്രീമെച്യൂരിറ്റി ദിനാചരണം സംഘടിപ്പിച്ചത്. രക്ഷിതാക്കള്‍, കുടുംബങ്ങള്‍, ആരോഗ്യപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, ആശുപത്രികള്‍, വിവിധ സംഘടനകള്‍ ഇന്ന് ഈ ദിനം ആചരിക്കുന്നതില്‍ പങ്കാളികളാണ്. അകാലപ്പിറവിയെ കുറിച്ച് അന്താരാഷ്‌ട്രതലത്തില്‍ തന്നെ അവബോധം സൃഷ്‌ടിക്കാന്‍ പ്രീമെച്യൂരിറ്റി ദിനാചരണത്തിന് സാധിക്കുന്നുണ്ട്.