'പൈല്‍സ്' അഥവാ 'മൂലക്കുരു' നാണക്കേട് ഭയന്ന് പലരും പുറത്തുപറയാന്‍ മടിക്കുന്ന രോഗമാണ്. ഹെമറോയ്‌ഡുകള്‍ എന്നും ഇത് അറിയപ്പെടുന്നു. ഈ രോഗാവസ്ഥയെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്‌ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും നവംബര്‍ 20 ലോക പൈല്‍സ് ദിനമായി (World Piles Day) ആചരിക്കുന്നത്.
എന്താണ് പൈല്‍സ്...? (What Is Piles): മലദ്വാരത്തില്‍ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണ് പൈല്‍സ് എന്നറിയപ്പെടുന്നത്. മലദ്വാരത്തില്‍ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതൽ വലിച്ചില്‍ ഉണ്ടാകുമ്പോഴും കനം കുറയുന്ന സാഹചര്യങ്ങളിലുമാണ് പൈല്‍സ് ഉണ്ടാകുന്നത്. ഇങ്ങനെ വീക്കം വരുന്ന രക്തക്കുഴലുകളുടെ മുകള്‍ ഭാഗത്ത് മര്‍ദം കൂടുന്ന സാഹചര്യങ്ങളില്‍ അവ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ചെയ്യാറുണ്ട്. ചില വ്യക്തികളില്‍ പാരമ്പര്യമായും പൈല്‍സ് കണ്ടുവരാറുണ്ട്.
രോഗ തീവ്രതയനുസരിച്ച് പൈല്‍സിനെ നാല് ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്.
- ഗ്രേഡ് 1: മലദ്വാരത്തിലെ ചെറിയ വീക്കം മാത്രമായിരിക്കും ഗ്രേഡ് 1 പൈല്‍സ്. പലപ്പോഴും ഇത് ദൃശ്യമാകാറില്ലെങ്കിലും മലവിസര്‍ജന സമയത്ത് രക്തസ്രാവം ഉണ്ടാകാറുണ്ട്.
- ഗ്രേഡ് 2: മലവിസര്‍ജനസമയത്ത് ഗ്രേഡ് 2 പൈല്‍സ് രക്തസ്രാവത്തോടൊപ്പം പുറത്തേക്ക് തള്ളി വരികയും സ്വയം തന്നെ ഉള്ളിലേക്ക് പോവുകയും ചെയ്യുന്നു.
- ഗ്രേഡ് 3: സ്വയം പുറത്തേക്ക് തള്ളി വരികയും അകത്തേക്ക് പോവുകയും ചെയ്യാത്തതാണ് ഗ്രേസ് 3 പൈല്‍സുകള്‍.
- ഗ്രേഡ് 4: മലദ്വാരത്തിന് പുറത്ത് മുഴുവന്‍ സമയവും നില്‍ക്കും. മലവിസര്‍ജന സമയത്ത് അധിക രക്തസ്രാവം ഉണ്ടാകും. ഗ്രേഡ് 4 പൈല്‍സുകള്‍ക്ക് ചികിത്സ ആവശ്യമാണ്
പൈല്‍സ് രോഗലക്ഷണങ്ങള്‍ (Piles Symptoms): മലവിസര്‍ജന സമയത്തുണ്ടാകുന്ന വേദനയില്ലാത്ത രക്തസ്രാവം, മലദ്വാരത്തിന് ചുറ്റും അനുഭവപ്പെടുന്ന ചൊറിച്ചിലും അസ്വസ്ഥതയും, മലമൂത്ര വിസര്‍ജന സമയത്തും അതിന് ശേഷവും അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍ എന്നിവയാണ് പൈല്‍സിന്‍റെ പ്രധാന ലക്ഷണങ്ങള്‍.
ആരൊക്കെ പൈല്‍സ് ബാധിതരാകാം : പതിവായി മലബന്ധവും വയറിളക്കവും ഉള്ളവര്‍, മലവിസര്‍ജനത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍, അമിത ഭാരമുള്ളര്‍, അധിക നേരം ഇരിക്കുന്ന ആളുകള്‍, വെയിറ്റ് ലിഫ്‌റ്റിങ് ഉള്‍പ്പടെ കഠിനമായ രീതിയിലുള്ള വ്യായാമം ചെയ്യുന്നവര്‍, എന്നിങ്ങനെയുള്ളവര്‍ക്ക് പൈല്‍സ് വരാനുള്ള സാധ്യത കൂടുതലാണ്.
ആവശ്യമായ ചികിത്സ (Treatments For Piles): ജീവിത ശൈലിയിലെ മാറ്റം കൊണ്ട് തന്നെ ആദ്യ ഘട്ടത്തില്‍ പൈല്‍സ് മാറ്റിയെടുക്കാം. ഇതിനായി ഭക്ഷണരീതിയിലുള്‍പ്പടെ മാറ്റം ആവശ്യമാണ്. കൂടാതെ പതിവ് വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചും പൈല്‍സ് മാറ്റിയെടുക്കാം. രോഗാവസ്ഥ കൂടുതല്‍ കഠിനമായി മാറുന്ന സാഹചര്യങ്ങളില്‍ മലബന്ധം കുറയ്ക്കാൻ നിർദ്ദേശിക്കുന്ന പോഷകങ്ങൾ അടങ്ങിയ വേദനസംഹാരികൾ, ക്രീം, പാഡ്, തൈലം എന്നിവയും ചികിത്സയ്‌ക്കായി ഉപയോഗിക്കാം. രോഗം കൂടുതല്‍ മൂര്‍ഛിച്ചാല്‍ മാത്രമായിരിക്കും മറ്റ് ചികിത്സാരീതികള്‍ തേടേണ്ടത്. ലേസര്‍ തെറാപ്പി, സ്ക്ലിറോതെറാപ്പി, ഹെമറോയ്‌ഡൽ ആർട്ടറി ലിഗേഷൻ, ഹെമറോയ്‌ഡെക്‌ടമി, സ്റ്റേപ്പിൾഡ് ഹെമറോയ്‌ഡോപെക്‌സി എന്നിവയാണ് പൈല്‍സിന്‍റെ മറ്റ് ചികിത്സാരീതികള്‍.