അപകടത്തില്‍ പരിക്കേറ്റവരേയും പ്രായാധിക്യമോ അല്ലാതെയോ ശാരീരിക ബുദ്ധിമുട്ടുകളാല്‍ ദുരിതമനുഭവിക്കുന്നവരേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കുന്നതാണ് ഫിസിയോതെറാപ്പി (Physiotherapy). ഈ ചികിത്സാരീതി പുതുജീവനേകും എന്നത് തന്നെയാണ് ഇന്നും പ്രധാനപ്പെട്ട ഒരു രോഗസൗഖ്യമാര്‍ഗമായി കണ്ട് ആളുകള്‍ മുഖവിലയ്‌ക്കെടുക്കുന്നത്. ഇക്കാരണത്താലാണ് എല്ലാ വർഷവും സെപ്റ്റംബർ എട്ടിന് 'ലോക ഫിസിയോതെറാപ്പി ദിനം' (World Physiotherapy Day) ആചരിക്കുന്നത്.
ആഗോളതലത്തില്‍ ഫിസിയോതെറാപ്പി തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കാനും ഈ ചികിത്സാരീതികളുടെ പ്രധാന്യം ചര്‍ച്ചാവിഷയമാക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. രോഗിയുടെ ചലനശേഷി, ആരോഗ്യം എന്നിവ വീണ്ടെടുക്കാനും മുന്‍പുള്ളതിനേക്കാള്‍ ഊര്‍ജസ്വലതയോടെയിരിക്കാനും ലക്ഷ്യമിടുന്ന ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. ശാരീരികമായ വീണ്ടെടുക്കൽ, ഫിറ്റ്നസ് എന്നിവയ്ക്ക് സഹായിക്കുന്നതാണ് ഈ ചികിത്സാരീതി (Benefits Of Physiotherapy). ഇതിനായി ഫിസിയോതെറാപ്പിസ്റ്റുകൾ നല്‍കുന്ന സംഭാവനകള്‍ ഒട്ടും ചെറുതല്ല.
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചികിത്സ: 'ഫിസിയോതെറാപ്പി വിദ്യാഭ്യാസം എന്നത് ബാച്ചിലർ അല്ലെങ്കിൽ മാസ്റ്റർ ഡിഗ്രിക്കും പുറമേയ്‌ക്ക് കടക്കുന്ന ഒരു തുടർപ്രക്രിയയാണ്. ജീവിതത്തിലുടെനീളം പഠിക്കാനും പരിശീലിക്കാനും കഴിയുന്ന തൊഴില്‍ മേഖലയാണിത്. ഇത് രോഗികള്‍ക്ക് പുതുജീവനേകാന്‍ സഹായിക്കുന്നു. നിരവധി സങ്കീർണതകളും വെല്ലുവിളികളുമുള്ള ഒരു തൊഴിൽ കൂടിയാണിത്. രോഗികളെ ചികിത്സിക്കുന്നതിനായി റോബോട്ടിക്‌സ് ഉൾപ്പെടുന്ന ധാരാളം നൂതന സാങ്കേതിക വിദ്യകൾ കൂടെ ഈ ചികിത്സാരീതിയുടെ ഭാഗമാണ്.' - കെജി കോളജ് ഓഫ് ഫിസിയോ തെറാപ്പി പ്രിന്‍സിപ്പാള്‍ ഡോ. മനോജ് എബ്രഹാം പറയുന്നു.
'ആധുനിക സാങ്കേതികവിദ്യ കൂടെ പ്രയോജനപ്പെടുത്തി വളരുന്ന ഒരു തൊഴില്‍ മേഖല കൂടിയാണിത്. ഫിസിയോതെറാപ്പി തൊഴിൽമേഖലയില്‍ സാധ്യതകളും വളരെ വലുതാണ്. നിരവധി ക്ലിനിക്കുകൾ / പുനരധിവാസ കേന്ദ്രങ്ങൾ അങ്ങനെ സജീവമാണ് ഈ തൊഴിലിടം. വരും വർഷങ്ങളിൽ ഫിസിയോതെറാപ്പി മേഖലയ്ക്ക് സുസ്ഥിരമായ വളർച്ച ഉണ്ടാവുമെന്നത് ഉറപ്പാണ്' - ഡോ. മനോജ് കൂട്ടിച്ചേർത്തു.
'ഫിസിയോതെറാപ്പി ഒരു ശ്രേഷ്‌ഠമായ തൊഴിലാണ്. ഇത് രോഗികളുടെ ദൈനംദിന ജീവിത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താന്‍ ഇടയാക്കുന്നു എന്നത് വസ്‌തുതയാണ്. ന്യൂറോളജിക്കൽ, ഓർത്തോപീഡിക്, കാർഡിയോ - റെസ്‌പിറേറ്ററി, ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജി, സ്പോർട്‌സ് എന്നിങ്ങനെ നിരവധി സ്പെഷലൈസേഷനുകൾ ഈ മേഖലയിലുണ്ട്. സ്ട്രോക്ക്, പാർക്കിൻസൺസ് രോഗം, ഒടിവുകൾ, സന്ധിവാതം, സ്പോർട്‌സ് പരിക്കുകൾ തുടങ്ങിയവയ്‌ക്ക് ഫിസിയോതെറാപ്പി വ്യായാമങ്ങള്‍ ഉത്തമമാണ്. ഡോക്‌ടര്‍ മരുന്ന് നിർദേശിക്കുന്നതുപോലെ, ഞങ്ങൾ രോഗികൾക്ക് വ്യായാമങ്ങൾ നിർദേശിക്കുന്നു.' - കെജി കോളജ് ഓഫ് ഫിസിയോതെറാപ്പിയിലെ അസോസിയേറ്റ് പ്രൊഫസറും ഫിസിയോതെറാപ്പിസ്റ്റുമായ എസ് ഹരിഹര സുദൻ പറയുന്നു.
'നല്‍കുക ശരിയായ ഇടവേളകളോടെയുള്ള വ്യായാമം': 'ഓരോ രോഗിയുടേയും അവസ്ഥ കണക്കിലെടുത്ത് ആവശ്യം വേണ്ടുന്ന വ്യായാമങ്ങൾ നിർദേശിക്കാന്‍ ഞങ്ങള്‍ക്ക് മാത്രമേ കഴിയുകയുള്ളൂ. ഒരു വ്യക്തിക്ക് ഫിസിയോതെറാപ്പി ചികിത്സ വേണമെങ്കിൽ, ഞങ്ങൾ ആദ്യം തന്നെ രോഗിയെ ശാരീരികമായി വിലയിരുത്തുകയും പ്രശ്‌നം നിർണയിക്കുകയും ചെയ്യും. അങ്ങനെ ആ രോഗിക്ക് ആവശ്യം വേണ്ട വ്യായാമം പ്രത്യേകം നിശ്ചയിക്കും. രോഗിക്ക് ഞങ്ങള്‍ കൊടുക്കാനുള്ള ഉദ്ദേശിക്കുന്ന വ്യായാമങ്ങൾ ചെയ്യാൻ കഴിയുമേയെന്ന് ആദ്യം ഉറപ്പാക്കും. വ്യായാമങ്ങൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, വ്യായാമ സെഷന്‍, ശരിയായ വിശ്രമ ഇടവേളകളോടെയുള്ള വ്യായാമ രീതികള്‍ അങ്ങനെ എല്ലാം നോക്കും.' - എസ് ഹരിഹര സുദൻ വിശദീകരിക്കുന്നു.