കണ്ണുകള്‍ പരിശോധിച്ച് പല രോഗങ്ങളും കണ്ടെത്താന്‍ സാധിക്കും. വൈദ്യശാസ്ത്രം വികസിക്കുമ്പോള്‍ ഇനിയും കുറേരോഗങ്ങള്‍ കണ്ണ് പരിശോധിക്കുന്നതിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് മെഡിക്കല്‍ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. ശരീരത്തിന്‍റെ അകത്ത് ഉപകരണങ്ങള്‍ കടത്തികൊണ്ടുള്ള പരിശോധനകള്‍ ഒഴിവാക്കാം എന്നതാണ് ഇതിന്‍റെ നേട്ടം. കണ്ണ് നിരീക്ഷിച്ച് കണ്ടെത്താന്‍ കഴിയുന്ന രോഗങ്ങളെ കുറിച്ച് താഴെ കൊടുക്കുന്നു
കൃഷ്‌ണമണി: പ്രകാശത്തോട് കൃഷ്‌ണമണി പെട്ടെന്ന് പ്രതികരിക്കുന്നു. പ്രാകാശം കൂടുമ്പോള്‍ കൃഷ്‌ണമണി ചെറുതാകുകയും പ്രകാശം കുറയുമ്പോള്‍ കൃഷ്‌ണമണി വികസിക്കുകയും ചെയ്യുന്നു. പ്രാകാശത്തോട് ഇങ്ങനെ കൃഷ്‌ണമണി പ്രതികരിക്കുന്നതിന്‍റെ വേഗം കുറയുമ്പോള്‍ അത് പല രോഗങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
അല്‍ഷിമേഴ്‌സ്, മയക്കുമരുന്ന് ഉപയോഗം, ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ ഉണ്ടാകുമ്പോഴാണ് കൃഷ്‌ണമണിയുടെ പ്രകാശത്തോടുള്ള പ്രതികരണം പതുക്കെയാവുന്നത്. ഹെറോയിന്‍ ഉപയോഗിക്കുന്നവരുടെ കൃഷ്‌ണ മണി ചെറുതായിരിക്കും.
ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ കണ്ണ് വിരല്‍ ചൂണ്ടുന്നത് : കണ്ണിന്‍റെയുള്ളിലെ വെള്ള നിറത്തിലുള്ള പാളി(sclera) നിറം മാറുമ്പോള്‍ അത് ചില രോഗങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലഹരിവസ്‌തുക്കളും മദ്യവും അമിതമായി ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ ചുവന്നിരിക്കും. അണുബാധയേറ്റതിന്‍റെ സൂചനകളും കണ്ണുകള്‍ ചുവന്നിരിക്കുമ്പോള്‍ നമുക്ക് നല്‍കുന്നുണ്ട്.
കണ്ണ് ചുവന്നിരിക്കുന്നത് സ്ഥിരാമായി നിലനില്‍ക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അണുബാധ, വീക്കം മുതലായതിന്‍റെ സൂചനകളാണ് നല്‍കുന്നത്. കാഴ്ച നഷ്ടപ്പെടുന്ന രോഗമായ ഗ്ലോര്‍ക്കാമ(glaucoma)യുടെ മുന്നറിയിപ്പും കണ്ണുകളിലെ ചുവപ്പ് നല്‍കുന്നുണ്ട്. കണ്ണുകള്‍ മഞ്ഞയാവുമ്പോള്‍ മഞ്ഞപ്പിത്തവും മറ്റ് കരള്‍ രോഗങ്ങളിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
കണ്ണുകളിലെ ചുവന്ന പാട് : കണ്ണിലെ രക്തക്കുഴലിന് ചെറിയരീതിയില്‍ പരിക്ക് പറ്റിയാല്‍ കണ്ണുകള്‍ക്കുള്ളില്‍ ചുവന്ന പാട് ഉണ്ടാകും. ഇങ്ങനെ സംഭവിക്കുമ്പോള്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാറുകയും ചെയ്യും. എന്നാല്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പ്രമേഹം, രക്തം കട്ടം പിടിക്കുന്ന രോഗം എന്നിവയുടെ ലക്ഷണവുമാണ് ഈ ചുവന്ന പാട്.
കണ്ണിന്‍റെ കാച പടലത്തിന് ചുറ്റുമുള്ള വളയം:വെള്ള അല്ലെങ്കില്‍ തവിട്ട് നിറമുള്ള കണ്ണിന്‍റെ കാച പടലത്തിന് ചുറ്റുമുള്ള പടലം പലപ്പോഴും വിരല്‍ ചൂണ്ടുന്നത് ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദ്രോഗത്തിന്‍റെ ഉയര്‍ന്ന സാധ്യത എന്നിവയിലേക്കാണ്. മുഴു മദ്യപാനിയായിട്ടുള്ള ആളുകളിലും ഇങ്ങനെയുണ്ടാവും. പ്രായമായവരിലും ഈ വളയം ഉണ്ടാകും.
കണ്ണിലെ മാസംപിണ്ഡം: ഇവ ഭയാനകമായി തോന്നുമെങ്കിലും എളുപ്പത്തില്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കണ്ണിന്‍റെ വെള്ളയിൽ പ്രത്യക്ഷപ്പെടുന്ന മഞ്ഞകലർന്ന കൊഴുപ്പ് പിണ്ഡമായ ഇതിനെ പിംഗ്യൂകുല എന്നാണ് വൈദ്യശാസ്ത്രത്തില്‍ പറയുന്നത്. കൊഴുപ്പിന്‍റേയും പ്രോട്ടീനിന്‍റേയും ഒരു ചെറിയ നിക്ഷേപമാണ് ഇത്. മരുന്ന് തുള്ളികൾ വഴിയും അല്ലെങ്കിൽ ലളിതമായ ഒരു ഓപ്പറേഷനിലൂടേയും ഇവ പരിഹരിക്കാം.