ഒരു ദിവസം ഏകദേശം 7000 ചുവടുകൾ നടന്നാല്‍ മരണസാധ്യത 50-70% കുറയ്‌ക്കാമെന്ന് പഠനം. ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ (ജെ.എ.എം.എ) പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്.
അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ നിന്നുള്ള 38 മുതൽ 50 വരെ പ്രായമുള്ള 2110 യുവാക്കളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇതില്‍, 1,205 പേർ സ്ത്രീകളും 888 പേർ കറുത്ത വര്‍ഗക്കാരുമാണ് പങ്കെടുത്തത്. 2005-2006 കാലഘട്ടത്തിലാണ് ഈ പഠനത്തിന് തുടക്കമിട്ടത്. ആളുകള്‍ നടക്കുമ്പോള്‍ ആക്‌സിലറോമീറ്റർ ( ചുവടുകള്‍ അളക്കുന്നതിനുള്ള ഉപകരണം) ധരിക്കുകയും ചുവടുകള്‍ അളക്കുകയും ചെയ്തു.
ഈ കാലയളവിൽ, ഉറങ്ങുന്ന സമയത്തും ഉപകരണം നനയാന്‍ സാധ്യതയുള്ള പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും മാത്രമേ ഇവ നീക്കം ചെയ്‌തുള്ളൂ. ഏകദേശം 10.8 വർഷത്തിനു ശേഷം ഈ പഠനത്തിൽ പങ്കെടുത്തവരെ ഗവേഷകർ നിരീക്ഷിച്ചു. ഇതില്‍, ഗവേഷണത്തിന്‍റെ ഭാഗമായ 72 പേര്‍ മരിച്ചതായാണ് കണ്ടെത്തിയത്. അതായത്, വെറും 3.4 ശതമാനം പേര്‍ മാത്രമെന്ന് സാരം.
ഈ ഗവേഷണത്തില്‍ ആളുകളെ മൂന്ന് വിഭാഗമായി തിരിച്ചു
- പ്രതിദിനം 7000 ചുവടുകളിൽ കുറവ് നടന്നവർ
- പ്രതിദിനം 7000 - 9999 ചുവടുകൾ നടന്നവർ
- 10,000 അല്ലെങ്കിൽ അതിൽ കൂടുതൽ ചുവടുകള്‍ നടന്നവര്‍
ഗവേഷണത്തിന്‍റെ ഭാഗമായവരുടെ നടത്തത്തിന്‍റെ ശരാശി വേഗത, ഓരോ 30 മിനിറ്റിലും നടന്ന ചുവടുകളുടെ എണ്ണം, ഒരു മിനിറ്റിലോ അതിൽ കൂടുതലോ 100 ചുവടുകൾ നടന്നവര്‍ എന്നിവയും നിരീക്ഷിച്ചു. ആളുകളുടെ പുകലി, ഭാരം, കൊളസ്ട്രോൾ, ഭക്ഷണ കാര്യത്തിലെ നിയന്ത്രണങ്ങള്‍, രക്തത്തിലെ ഗ്ലൂക്കോസ് അളവ്, മദ്യപാനം, രക്തസമ്മർദം, മരുന്നുകൾ കഴിക്കുന്നത്, ഹൃദയ സംബന്ധമായ അസുഖം തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു.
വ്യായാമം കൂടിയാലും പ്രശ്‌നം, പെട്ടന്നുള്ള മരണ സാധ്യത കുറയ്‌ക്കില്ല
ഒരു ദിവസം 7000 ചുവടുകളോ അതിൽ കൂടുതലോ നടന്ന ആളുകളുടെ പെട്ടന്നുള്ള മരണസാധ്യത ഇതില്‍ കുറവുനടന്നവരേക്കാള്‍ 50-70% വരെ കുറഞ്ഞതായി സംഘം കണ്ടെത്തി. എന്നാല്‍, പ്രതിദിനം 10,000 ത്തിലധികം ചുവടുകൾ നടക്കുന്നത് മരണസാധ്യത കുറയ്ക്കുന്നതില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ല.
പതിവ് ശാരീരിക വ്യായാമമോ കൂടുതൽ നടത്തമോ മരണസാധ്യത കുറയ്‌ക്കില്ലെന്ന നിഗമനത്തിലാണ് ഗവേഷകര്‍. എന്നാല്‍, സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (സി.ഡി.സി) പഠന റിപ്പോര്‍ട്ടില്‍ നിത്യവുമുള്ള ശാരീക വ്യായാമവും നടത്തവും ആരോഗ്യപരമായ ജീവിതത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് താഴെ പറയുന്നു.
- എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നു.
- ഹൃദ്രോഗങ്ങളും ടൈപ്പ് -രണ്ട് പ്രമേഹ രോഗവും കുറയ്‌ക്കുന്നു
- മൂത്രസഞ്ചി, സ്‌തനം, വൻകുടൽ തുടങ്ങിയവയ്‌ക്ക് വരാന്‍ സാധ്യതയുള്ള അര്‍ബുദം തടയുന്നു.
- ഉറക്കത്തിന്‍റെ ഗുണം മെച്ചപ്പെടുത്തുന്നു.
- വിഷാദത്തിന്‍റെയും ഉത്കണ്ഠയുടെയും സാധ്യത കുറയ്ക്കുന്നു