വേനല്‍കാലത്ത് ശീതളപാനീയങ്ങള്‍ കുടിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. ചൂടില്‍ നിന്ന് മുക്തി നേടുന്നതിനും ദാഹം ശമിപ്പിക്കുന്നതിനുമായി രുചികരമായ പല കൂള്‍ ഡ്രിംഗ്‌സുകളാണ് നമ്മളില്‍ പലരും ഉപയോഗിക്കുന്നത്. ഒരുപക്ഷേ ഒരുനേരത്തെ ആശ്വാസത്തിനായി നാം കുടിക്കുന്ന പല പാനീയങ്ങളും നമ്മുടെ ആരോഗ്യത്തിന് ഹാനീകരമായിട്ടുള്ളവയാണ്.
ശീതളപാനീയങ്ങളില്‍ ചേര്‍ത്തിരിക്കുന്ന നിറങ്ങള്‍, ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, കൂടാതെ മറ്റ് രാസപദാര്‍ഥങ്ങളും നമ്മുടെ ഹൃദയത്തെയും ദഹനശക്‌തിയേയുമുള്‍പ്പടെ ശരീര ഭാഗങ്ങളെ മോശമായി ബാധിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്‌ദയായ റഷല്‍ ജോര്‍ജ് അഭിപ്രായപ്പെടുന്നത്. അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പകരമായി പോഷകപ്രദവും പ്രകൃതിദത്തവുമായ പദാര്‍ഥങ്ങള്‍ കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
വേനല്‍കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതിനോടടൊപ്പം കുടിക്കാന്‍ കഴിയുന്ന രുചികരമായ കുറച്ച് ശീതളപാനീയങ്ങളെ നമുക്ക് പരിചയപ്പെടാം
ഫ്രഷ് ഫ്രൂട്ട് ജ്യൂസ്: ഏത് കാലാവസ്ഥയിലും ഫ്രഷ് ജ്യൂസുകള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം. ഇവയ്‌ക്ക് പുറമേ പഴവര്‍ഗങ്ങളുപയോഗിച്ച് നിര്‍മ്മിക്കുന്ന സ്‌മൂത്തികൾ, ഷേക്ക് തുടങ്ങിയവയും വളരെ പോഷക ഗുണങ്ങളുള്ളവയാണ്. ശരീരത്തിന്‍റെ പ്രതിരോധശേഷിയും മെറ്റബോളിസവും വർധിപ്പിക്കുന്നതിനും, വേനൽക്കാലത്ത് സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷണം നല്‍കുന്നതിനും ഫ്രഷ് ഫ്രൂട്ട് ജ്യൂസുകള്‍ ഉത്തമമാണെന്നാണ് വിലയിരുത്തല്‍.
വേനല്‍കാലത്ത് കൂടുതലാളുകളും കഴിക്കുന്നത് തണ്ണിമത്തൻ ജ്യൂസ്, വുഡ് ആപ്പിൾ പാനീയം (ബെൽ ഷർബത്ത്), മധുര നാരങ്ങ നീര് തുടങ്ങിയവയാണ്. ഇവ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്‌സിഡെന്‍റുകളും മറ്റ് പോഷകങ്ങളും നൽകുന്നുണ്ട്. കൂടാതെ ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താനും ഇത്തരം പാനീയങ്ങള്‍ സഹായിക്കും.
ലസിയും മോരും: മധുരമുള്ള ലസിയും, ഉപ്പിട്ട മോരും പല വിധത്തിൽ ആരോഗ്യത്തിന് ഗുണകരമാണ്. തൈരിൽ നിന്ന് തയ്യാറാക്കുന്നതുകൊണ്ട് ഇവയ്‌ക്ക് പ്രോ-ബയോട്ടിക് ഗുണങ്ങളുണ്ട്. വിറ്റാമിൻ എ, സി, ഇ, ധാതുക്കൾ, ആന്‍റിഓക്‌സിഡേറ്റിവുകള്‍ എന്നിവയും ഈ പാനീയങ്ങളില്‍ അടങ്ങിയിട്ടുണ്ട്.
തേങ്ങാവെള്ളം/ കരിക്കിന്‍വെള്ളം: മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്‌ടമാണ് തേങ്ങാവെള്ളം. ഇത് ശരീരത്തെ തണുപ്പിക്കാൻ മാത്രമല്ല, ദഹനസംബന്ധമായ ആരോഗ്യം പരിപാലിക്കാനും സഹായിക്കുന്നു. കലോറിയുടെ അളവ് തേങ്ങാവെള്ളത്തില്‍ കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് അനുയോജ്യമാണ്. കൂടാതെ ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരു പാനീയം കൂടിയാണ് ഇത്.
ഹെര്‍ബല്‍ ഡ്രിങ്ക് (ഷെർബത്ത്/ഔഷധപാനീയം): റോസ്, ഖുസ്, ചന്ദനം തുടങ്ങി നിരവധി തരം ഔഷധ സർബത്തുകൾ വേനൽകാലത്ത് വിപണിയിൽ ലഭ്യമാണ്. വാങ്ങി ഉപയോഗിക്കുന്നതിന് മുന്‍പായി ഇവയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് പരിശോധിക്കാന്‍ ശ്രമിക്കണം.
നാരങ്ങ വെള്ളം: ദിവസവും ഒരു ഗ്ലാസ് നാരങ്ങ വെള്ളമെങ്കിലും കഴിക്കുന്നത് ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് വർധിപ്പിച്ച് ചൂടിന്‍റെ അളവ് കുറയ്‌ക്കും. വിറ്റാമിൻ സി, പൊട്ടാസ്യം, മറ്റ് ധാതുക്കൾ എന്നിവയും നാരങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസവും പ്രതിരോധശേഷിയും മെച്ചപ്പെടുത്തുന്നു. നാരങ്ങ വെള്ളം ഒരു പരിധിവരെ മാത്രമേ ഉപയോഗിക്കാവു എന്നുള്ളത് പ്രധാനമായും ശ്രദ്ധിക്കണം.
ഗ്രീന്‍ ടീ: ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യുന്ന ഒന്നാണ് ഗ്രീൻ ടീ. പരിമിതമായ അളവിലുള്ള ഇവയുടെ ഉപയോഗം ശരീരത്തിലെ ജലാംശത്തിന്‍റെ അളവിനെ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
പച്ചമാങ്ങ ജ്യൂസ്(ആം പന്ന): ഇന്ത്യയില്‍ വളരെ പ്രശസ്‌തമായ വേനൽകാല പാനീയങ്ങളില്‍ ഒന്നാണ് ആം പന്ന. ഇതില്‍ ചേരുവകളായി ഉപയോഗിക്കുന്ന കറുത്ത ഉപ്പ്, കുരുമുളക് പൊടി, ജീരകപൊടി, അസഫോറ്റിഡ, പുതിന സത്ത് തുടങ്ങിയ വസ്‌തുക്കളാണ് പാനീയത്തിന് ഔഷധ ഗുണങ്ങൾ നൽകുന്നത്. കുടലിന്‍റെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ് ഈ പച്ചമാങ്ങ ജ്യൂസ്. പൈനാപ്പിൾ ഉപയോഗിച്ചും സമാനമായ പാനീയം നിർമ്മിക്കാന്‍ സാധിക്കും.
താണ്ടൈ: ഉണങ്ങിയ പഴങ്ങളും കുരുമുളക്, ഏലം, കുങ്കുമപ്പൂവ് തുടങ്ങിയ സുഗന്ധവ്യഞ്‌ജനങ്ങളും അടങ്ങിയിരിക്കുന്നതിനാൽ തണ്ടൈ ആരോഗ്യകരമായ ഒരു പാനീയമാണ്. ഇവയുടെ ഔഷധഗുണം ശരീരത്തെ പോഷിപ്പിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സഹായിക്കും. മഹാശിവരാത്രി, ഹോളി തുടങ്ങിയ ആഘോഷങ്ങളുമായും ഏറെ ബന്ധപ്പെട്ടിരിക്കുന്ന പാനീയം കൂടിയാണിത്.
സത്തു: വറുത്തതും പൊടിച്ചതുമായ പയറുവർഗ്ഗങ്ങളും ധാന്യങ്ങളും സംയോജിപ്പിച്ച് ഉണ്ടാക്കുന്ന പൊടിയുടെ രൂപമാണ് സത്തു. വെള്ളത്തിൽ ചേർത്താണ് ഇത് കഴിക്കേണ്ടത്. ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാനും ശരീരത്തിന് ഊർജം നൽകാനും ഇത് സഹായിക്കും.