രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിന് സാധ്യത. കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. മുതിർന്നവരേക്കാൾ കൂടുതൽ കുട്ടികളെ വൈറസ് ബാധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
അണുബാധ ആദ്യ രണ്ട് തരംഗങ്ങളിലേത് പോലെ ഗുരുതരവും മാരകവുമാകില്ലെങ്കിലും എല്ലാ മുൻകരുതലുകളും പാലിക്കുന്നത് വൈറസിനെ അകറ്റി നിർത്താൻ സഹായിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. വാക്‌സിനേഷൻ വൈറസിനെതിരെ 100 ശതമാനം പ്രതിരോധശേഷി ഉറപ്പുനൽകാത്ത സാഹചര്യത്തിൽ വാക്‌സിനേഷൻ എടുക്കുന്നതിനോടൊപ്പം തന്നെ കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ, മാസ്‌ക് ധരിക്കൽ, ഹാൻഡ് സാനിറ്റൈസർ ഉപയോഗം തുടങ്ങി മറ്റ് പ്രതിരോധ നടപടികളും മുൻകരുതലുകളും പാലിക്കേണ്ടത് പ്രധാനമാണെന്ന് ഡൽഹി ആസ്ഥാനമായുള്ള സീനിയർ ജനറൽ ഫിസിഷ്യൻ ഡോ. രാജേഷ് ശർമ്മ പറഞ്ഞു.
ഭൂരിഭാഗം കുട്ടികളും ഇതുവരെ വാക്‌സിനേഷൻ എടുക്കാത്തതാണ് വൈറസ് ബാധിതരാകാനുള്ള പ്രധാന കാരണമെന്നും ഡോ. രാജേഷ് അഭിപ്രായപ്പെട്ടു. അത്തരമൊരു സാഹചര്യത്തിൽ സ്‌കൂളുകൾ വീണ്ടും തുറന്നത് അപകട സാധ്യത വർധിപ്പിച്ചു. അതിനാൽ, കുട്ടികൾക്ക് എത്രയും വേഗം വാക്‌സിനേഷൻ നൽകണം, കൂടാതെ മാതാപിതാക്കളും അധ്യാപകരും മറ്റ് സ്‌കൂൾ ജീവനക്കാരും ചേർന്ന് മാസ്‌കുകളുടെയും കൈകഴുകലിന്‍റെയും അണുവിമുക്തമാക്കലിന്‍റെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി കൊടുക്കണം
സുരക്ഷയ്ക്കായിരിക്കണം മുൻഗണന
- സ്‌കൂളുകളിലും കളിസ്ഥലങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടത് പ്രധാനമാണ്.
- മാസ്‌ക് നിർബന്ധമാണ്. നിങ്ങളുടെ കുട്ടിയുടെ മാസ്‌ക് കുട്ടിക്ക് ശരിയായി യോജിക്കുന്നവയാണെന്നും അയഞ്ഞതല്ലെന്നും അവർ അത് എപ്പോഴും മൂക്കിന് മുകളിൽ ധരിക്കുന്നുവെന്നും ഉറപ്പാക്കുക. കൂടാതെ, മാസ്‌ക് നീക്കം ചെയ്യേണ്ടതുണ്ടെങ്കിൽ, മാസ്‌ക് നീക്കം ചെയ്യുന്നതിനും ധരിക്കുന്നതിനും മുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കണം.
- എപ്പോഴും വൃത്തിയുള്ള മാസ്‌ക് ധരിക്കുക. തുണി മാസ്‌കാണെങ്കിൽ, അത് ശരിയായി കഴുകുക, ഡിസ്പോസിബിൾ മാസ്‌കുകൾ ഒന്നിലധികം തവണ ധരിക്കരുത്.
- കുട്ടികൾ എപ്പോഴും സാനിറ്റൈസർ കയ്യിൽ കരുതണം. കൃത്യമായ ഇടവേളകളിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് തുടരാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
- കുട്ടികൾ കണ്ണുകൾ, മൂക്ക്, വായ എന്നിവ നിരന്തരം സ്‌പർശിക്കുന്നത് ഒഴിവാക്കാനും കൈകൾ അണുവിമുക്തമാക്കിയതിന് ശേഷം സ്‌പർശിക്കുന്നതിനെ കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കുക.
- വീട്ടിൽ തിരിച്ചെത്തിയാലുടൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക. ബാഗുകൾ, പഴ്‌സ്, പുറത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങൾ എന്നിവ അണുവിമുക്തമാക്കുക.
- വീട്ടിൽ വന്നാൽ ഉടനെ കുളിക്കുക.
- കുട്ടികളോട് കൊവിഡിന്‍റെ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ നിങ്ങളെ അറിയിക്കാൻ ആവശ്യപ്പെടുക. അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, പരിഭ്രാന്തരാകരുത്, ഒരു ഡോക്‌ടറെ ബന്ധപ്പെടുക, നിങ്ങളുടെ കുട്ടിയെ പരിശോധിച്ച് നിർദ്ദേശിച്ച പ്രകാരം മരുന്നുകൾ നൽകുക.
- ജലദോഷവും ചുമയും ഉള്ളവരിൽ നിന്ന് അകന്നുനിൽക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക.
- നിലവിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും നിങ്ങളുടെ കുട്ടികളെ ബോധ്യപ്പെടുത്തുക.
- നല്ല പ്രതിരോധശേഷി ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം കുട്ടികളോട് വിശദീകരിക്കുകയും ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും സ്വീകരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.
Also read: ആറുമുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിന് അനുമതി