വാഴപ്പഴം, അവൊക്കാഡോ, സാമൺ (മത്സ്യം) തുടങ്ങിയ പൊട്ടാസ്യം സമ്പുഷ്‌ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗങ്ങളില്‍ നിന്നും പ്രായമായ സ്‌ത്രീകളെ സംരക്ഷിക്കുമെന്ന് പഠനം. മെഡിക്കല്‍ ജേണലായ യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. പൊട്ടാസ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തെ ചെറുക്കാന്‍ സാധിക്കുമെന്നും ആംസ്റ്റർഡാം യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്‍ററിലെ ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു.
ശരീരത്തിന് ആവശ്യമായ ഒരു പ്രധാന ധാതുവാണ് പൊട്ടാസ്യം. ശരീരത്തിലെ രക്തസമ്മർദം നിലനിർത്തുന്നതില്‍ പൊട്ടാസ്യം പ്രധാന പങ്ക് വഹിക്കുന്നു. മൂത്രത്തിലൂടെ കൂടുതൽ സോഡിയം പുറന്തള്ളാൻ പൊട്ടാസ്യം സഹായിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, നട്‌സുകള്‍, വിത്തുകൾ, പാൽ, മത്സ്യം, ബീഫ്, ചിക്കൻ, ടർക്കി എന്നിവയിലൊക്കെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
പ്രായപൂർത്തിയായവർ ഒരു ദിവസം കുറഞ്ഞത് 3.5 ഗ്രാം പൊട്ടാസ്യം കഴിക്കണമെന്നും ഒരു ദിവസം കഴിക്കുന്ന ഉപ്പിന്‍റെ അളവ് ഒരു ടീസ്‌പൂണില്‍ (അഞ്ച് ഗ്രാമിൽ താഴെ) കവിയരുതെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. നാല് ഔൺസ് പഴത്തിൽ 375 മില്ലിഗ്രാം പൊട്ടാസ്യവും അഞ്ച് ഔൺസ് പാകം ചെയ്‌ത സാമണില്‍ 780 മില്ലിഗ്രാം പൊട്ടാസ്യവുമുണ്ട്. 136 ഗ്രാം ഉരുളക്കിഴങ്ങിൽ 500 മില്ലിഗ്രാം പൊട്ടാസ്യവും ഒരു കപ്പ് പാലിൽ 375 മില്ലിഗ്രാം പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു.
സ്‌ത്രീകള്‍ക്ക് ഗുണം ചെയ്യും: യുകെയിലെ 40 നും 79 നും ഇടയിൽ പ്രായമുള്ള 25,000 പുരുഷന്മാരിലും സ്‌ത്രീകളിലുമായാണ് പഠനം നടത്തിയത്. പ്രായം, ലിംഗം, ബിഎംഐ (ബോഡി മാസ് ഇൻഡക്‌സ്), കഴിക്കുന്ന സോഡിയത്തിന്‍റെ അളവ്, കൊളസ്‌ട്രോൾ കുറയ്‌ക്കുന്ന മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം, പ്രമേഹം, ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഘടകങ്ങളാണ് പഠനത്തില്‍ പരിഗണിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട ഗവേഷണ കാലയളവിനിടെ പഠനത്തില്‍ പങ്കെടുത്ത 13,596 പേര്‍ (55 ശതമാനം) ഹൃദയ സംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്‌തു.
ഭക്ഷണത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവ് വര്‍ധിപ്പിച്ചതിന് അനുസരിച്ച് ഉപ്പിന്‍റെ ഉപഭോഗം കൂടുതലുള്ള സ്‌ത്രീകളിൽ രക്തസമ്മർദം കുറഞ്ഞതായി കണ്ടെത്തി. സ്‌ത്രീകളില്‍ ഓരോ അധിക ഗ്രാം പൊട്ടാസ്യവും സിസ്റ്റോളിക് രക്തസമ്മർദത്തിൽ 2.4 എംഎം/എച്ച്ജി കുറച്ചതായാണ് കണ്ടെത്തിയത്. എന്നാല്‍ പുരുഷന്മാരില്‍ കൂടുതല്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ രക്തസമ്മർദം കുറയുന്നതായി കണ്ടില്ല.
ഭക്ഷണത്തില്‍ കൂടുതല്‍ പൊട്ടാസ്യം ഉള്‍പ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെന്ന് കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. ഭക്ഷണത്തില്‍ പൊട്ടാസ്യം കൂടുതലായി ഉള്‍പ്പെടുത്തുന്നത് സ്‌ത്രീകളുടെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുന്നതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സോഡിയം പുറന്തള്ളുന്നതിന് പുറമെ ഹൃദയത്തെ സംരക്ഷിക്കാൻ പൊട്ടാസ്യത്തിന് കഴിയുമെന്നാണ് പഠനത്തിലെ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.
പ്രൊസസ്‌ഡ് ഫുഡ് പരമാവധി ഒഴിവാക്കുക: 'ഭക്ഷണത്തില്‍ ഉപ്പ് അധികമായി ഉപയോഗിക്കുന്നത് രക്തസമ്മർദം ഉയരാന്‍ കാരണമാകുന്നു. ഇതുമൂലം ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉപ്പിന്‍റെ അളവ് കുറയ്‌ക്കാന്‍ പൊതുവേ പറയുമെങ്കിലും ഇന്ന് കൂടുതല്‍ പേരും പ്രൊസസ്‌ഡ് ഫുഡ് (ഓയില്‍, ഉപ്പ്, പഞ്ചസാര എന്നിവ ഉപയോഗിച്ച പാക്ക്‌ഡ് ഫുഡ് - ഉദാഹരണത്തിന് ബ്രെഡ്, കേക്ക്, ബിസ്‌ക്കറ്റ്, ഹാം, ബേക്കണ്‍, സോഫ്‌റ്റ് ഡ്രിങ്ക്സ്) കഴിക്കുന്നതിനാല്‍ ഇത് പ്രായോഗികമായി ബുദ്ധിമുട്ടാണ്', ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസർ ലിഫർട്ട് വോഗ്‌റ്റ് പറഞ്ഞു.
'ഫുഡ് കമ്പനികള്‍ പ്രൊസസ്‌ഡ് ഫുഡില്‍ നിന്ന് സോഡിയം അധിഷ്‌ഠിത ഉപ്പിന് പകരം പൊട്ടാസ്യം അധിഷ്‌ഠിത ഉപ്പ് ഉപയോഗിക്കുന്നത് സഹായകരമാകും. അതിലുപരിയായി ഹൃദയാരോഗ്യത്തിന് പ്രധാനമായും പ്രൊസസ്‌ഡ് ഫുഡുകളുടെ അളവ് കുറച്ച് പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുകയാണ് വേണ്ടത്', ലിഫർട്ട് വോഗ്‌റ്റ് കൂട്ടിച്ചേര്‍ത്തു.