വാഷിങ്‌ടണ്‍: ഉപവാസം(fasting) രോഗപ്രതിരോധ ശേഷി കുറയ്‌ക്കുന്നതിനും ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കാനും കാരണമായേക്കുമെന്ന് പഠനം. യുഎസിലെ മൗണ്ട് സീനായിലെ ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭക്ഷണം ഒഴിവാക്കുമ്പോള്‍ തലച്ചോറില്‍ ഉണ്ടാകുന്ന പ്രതികരണം രോഗപ്രതിരോധ കോശങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയ ആദ്യത്തെ പഠനങ്ങളില്‍ ഒന്നാണ് ഇത്.
പ്രഭാത ഭക്ഷണത്തെ കേന്ദ്രീകരിച്ച് നടന്ന പഠനത്തിലെ കണ്ടെത്തലുകള്‍ 'ഇമ്മ്യൂണിറ്റി' എന്ന ശാസ്‌ത്ര ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്. ദീര്‍ഘ കാലഘട്ടത്തില്‍ ഉപവാസം എങ്ങനെ ശരീരത്തെ ബാധിക്കും എന്ന് കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ ഈ കണ്ടെത്തലുകള്‍ ഗവേഷകരെ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
"ഉപവാസം ശരീരത്തിന് നല്ലതാണ് എന്ന ധാരണ വ്യാപകമാണ്. അവ ശരീരത്തിന് നല്ലതാണെന്ന് തെളിയിക്കുന്ന ധാരളം ശാസ്‌ത്രീയ തെളിവുകളും ഉണ്ട്. എന്നാല്‍ ഞങ്ങളുടെ പഠനം ഇതിലൊരു മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ചില മോശം ഘടകങ്ങളും ഉപവാസത്തിന് ഉണ്ടാകാം എന്ന് ഞങ്ങളുടെ പഠനത്തിലെ കണ്ടെത്തലുകള്‍ സൂചന നല്‍കുന്നു", പഠനത്തിന് നേതൃത്വം നല്‍കിയ ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ കാര്‍ഡിയോവാസ്‌കലുര്‍ റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ഫിലിപ്പ് സ്വിര്‍സ്‌കി പറഞ്ഞു.
ഉപവാസവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ജീവിതശാസ്‌ത്രപ്രക്രിയ മനസിലാക്കുന്നതിനായിട്ടുള്ള ഒരു മെക്കാനിസ്‌റ്റിക്(mechanistic) പഠനമാണ് ഇത്. രോഗപ്രതിരോധ സംവിധാനവും നാഡീവ്യൂഹവും തമ്മില്‍ ഒരു ആശയവിനിമയം നിലനില്‍ക്കുന്നുണ്ടെന്ന് ഈ പഠനം വ്യക്തമാക്കുന്നു. ഏതാനും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഉപവാസം മുതല്‍ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കഠിന ഉപവാസങ്ങള്‍ വരെ എങ്ങനെയാണ് ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ബാധിക്കുക എന്നത് സംബന്ധിച്ച് വ്യക്തമായി മനസിലാക്കുകയായിരുന്നു ഗവേഷണത്തിന്‍റെ ലക്ഷ്യം.
പഠനം നടത്തിയ വിധം: പഠനത്തിനായി എലികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. ഒരു ഗ്രൂപ്പിന് രാവിലെ ഏഴുന്നേറ്റ ഉടനെ പ്രഭാത ഭക്ഷണം കൊടുത്തു. അടുത്ത ഗ്രൂപ്പിലെ എലികള്‍ക്ക് പ്രഭാത ഭക്ഷണം കൊടുത്തില്ല. എഴുന്നേറ്റ ഉടനെ രണ്ട് ഗ്രൂപ്പുകളിലേയും എലികളുടെ രക്ത സാമ്പിളുകള്‍ എടുത്തു. പിന്നീട് നാല് മണിക്കൂറിന് ശേഷവും, എട്ട് മണിക്കൂറിന് ശേഷവും അവയുടെ രക്ത സാമ്പിളുകള്‍ എടുത്തു.
പ്രഭാതഭക്ഷണം കഴിക്കാത്ത എലികളുടെ രക്തത്തില്‍ ഗവേഷകര്‍ പ്രത്യേകതകള്‍ കണ്ടെത്തി. മോണോസൈറ്റുകളിലെ(monocytes) എണ്ണത്തിലെ വ്യത്യാസമാണ് ഇതില്‍ പ്രധാനം. ശ്വേത രക്തകോശങ്ങളാണ്(white blood cells) മോണോസൈറ്റുകള്‍. ഇവ ബോണ്‍ മാരോയിലാണ്(bone marrow) ഉത്‌പാദിപ്പിക്കപ്പെടുന്നത്. ശരീരത്തില്‍ ഉടനീളം സഞ്ചരിക്കുന്ന മോണോസൈറ്റുകള്‍ രോഗാണുക്കളെ പ്രതിരോധിക്കുക, അര്‍ബുദം, ഹൃദ്രോഗം എന്നിവയെ ചെറുക്കുക തുടങ്ങിയ നിര്‍ണായക ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.
രക്തത്തിലെ മൊണോസൈറ്റുകളില്‍ ഉണ്ടായ വ്യതിയാനം: പ്രഭാതത്തില്‍ ഉണര്‍ന്ന ഉടനെ തന്നെ എടുത്ത രണ്ട് ഗ്രൂപ്പുകളിലും പെട്ട എലികളുടെ രക്തസാമ്പിളുകളിലുള്ള മോണോസൈറ്റുകളുടെ അളവ് ഒരേപോലെയായിരുന്നു. എന്നാല്‍ നാല് മണിക്കൂറിന് ശേഷം എടുത്ത രക്തസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഉപവാസത്തിലുള്ള എലികളിലെ രക്തത്തിലെ മോണോസൈറ്റുകളുടെ അളവ് കാര്യമായി ബാധിക്കപ്പെട്ടു. നാല് മണിക്കൂറിന് ശേഷം ഉപവാസത്തിലായിരുന്ന എലികളുടെ രക്തസാമ്പിളുകളിലെ മോണോസൈറ്റുകളില്‍ 90 ശതമാനവും അപ്രത്യക്ഷമായി. എട്ട് മണിക്കൂറിന് ശേഷം അവയുടെ മോണോസൈറ്റുകളുടെ അളവ് വീണ്ടും കുറഞ്ഞു. എന്നാല്‍ ഉപവാസത്തില്‍ അല്ലാത്ത എലികളുടെ രക്തത്തിലെ മോണോസൈറ്റുകളില്‍ യാതൊരു കുറവും സംഭവിച്ചില്ല.
ഉപവാസത്തിലുള്ള എലികളിലെ രക്തത്തിലെ മോണോസൈറ്റുകള്‍ ബോണ്‍ മാരോയിലേക്ക് തിരിച്ച് പോയി നിഷ്‌ക്രീയ അവസ്‌ഥയില്‍ ഇരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതേ അവസരത്തില്‍ തന്നെ ബോണ്‍ മാരോയില്‍ പുതുതായി മോണോസൈറ്റുകള്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത് കുറയുകയും ചെയ്‌തു. മോണോസൈറ്റുകള്‍ക്ക് സാധാരണയായി കുറഞ്ഞ ആയുസാണ് ഉള്ളത്. ബോണ്‍മാരോയിലേക്ക് തിരിച്ച് പോകുന്ന മോണോസൈറ്റുകള്‍ രക്തത്തില്‍ നിലയുറപ്പിക്കുന്ന മോണോസൈറ്റുകളേക്കാള്‍ കൂടുതല്‍ ആയുസ് ഉണ്ടാകും.
24 മണിക്കൂറിന് ശേഷം ഭക്ഷണം കൊടുത്തപ്പോള്‍ ബോണ്‍ മാരോയില്‍ നിലയുറപ്പിച്ച മോണോസൈറ്റുകള്‍ വീണ്ടും കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ രക്തത്തിലേക്ക് കുതിച്ച് കയറി വന്നു. മോണോസൈറ്റുകളുടെ ഈ ഒരു കുതിച്ച് വരവ് ഇന്‍ഫ്ലമേഷന്‍റെ(inflammation) തോത് വര്‍ധിപ്പിച്ചു. ഈ പരിവര്‍ത്തനം ചെയ്യപ്പെട്ട മോണോസൈറ്റുകള്‍ കൂടുതല്‍ ഇന്‍ഫ്ലമേറ്ററി ആയതിനാല്‍ ശരീരത്തിന് രോഗാണുക്കളെ ചെറുക്കാനുള്ള ശേഷി കുറഞ്ഞ അളവിലാകുന്നു. ഉപവാസ സമയത്ത് ഈ രോഗപ്രതിരോധ കോശങ്ങളും(മോണോസൈറ്റുകള്‍) തലച്ചോറും തമ്മിലുള്ള ബന്ധം വിശദമാക്കിയ ആദ്യ പഠനങ്ങളില്‍ ഒന്നാണ് ഈ പഠനം.
തലച്ചോറും മോണോസൈറ്റും തമ്മിലുള്ള ബന്ധം: തലച്ചോറിന്‍റെ ചില പ്രത്യേക ഭാഗങ്ങള്‍ ഉപവാസ സമയത്ത് മോണോസൈറ്റിന്‍റെ പ്രതികരണത്തെ നിയന്ത്രിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഉപവാസം തലച്ചോറില്‍ ഒരു സമ്മര്‍ദ്ദ പ്രതികരണം ഉണ്ടാക്കുന്നു. ഇതാണ് ആളുകളെ "hangry"(വിശപ്പും ദേഷ്യവും) ആക്കുന്നത്. ഈ സമ്മര്‍ദ പ്രതികരണത്തിന്‍റെ ഫലമായാണ് ഈ ശ്വേത രക്ത കോശങ്ങള്‍ വലിയ അളവില്‍ രക്തത്തില്‍ നിന്നും ബോണ്‍മാരോയിലേക്ക് പാലായനം ചെയ്യുന്നതിലേക്കും പിന്നീട് ഭക്ഷണം കഴിച്ച ഉടനെ രക്തത്തിലേക്ക് തിരിച്ച് വരുന്നതിനും കാരണമാകുന്നത്.
ഉപവാസത്തിന് മെറ്റാബോളിക്(metabolic) പരമായ ഗുണങ്ങളുണ്ട് എന്നുള്ളതിന് തെളിവുകള്‍ ഉണ്ടെങ്കിലും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ പൂര്‍ണതോതില്‍ മനസിലാക്കുന്നതിന് പുതിയ പഠനം സഹായകകരമാകുമെന്ന് ഡോ സ്വിര്‍സ്‌കി പറയുന്നു.
"ഉപവാസം ചംക്രമണം ചെയ്യുന്ന മോണോസൈറ്റുകളുടെ എണ്ണം കുറയ്‌ക്കുന്നു. മോണോസൈറ്റുകള്‍ ഇന്‍ഫ്ലമേഷന്‍റെ പ്രധാന ഘടകങ്ങള്‍ ആയതുകൊണ്ട് തന്നെ ഇത് നല്ല കാര്യമാണെന്ന് ഒരു പക്ഷെ തോന്നിയേക്കാം. എന്നാല്‍ ഇതിന്‍റെ മറുവശം ഉപവാസത്തിന് ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ മോണോസൈറ്റുകളുടെ ഒരു കുതിച്ചുവരല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഉപവാസത്തിലൂടെ ഉണ്ടാകുന്ന രക്‌തത്തിലെ മാറ്റങ്ങള്‍ പലപ്പോഴും ഗുണകരമാകണമെന്നില്ല. പ്രത്യേകിച്ച് രോഗാണുവിനെ പ്രതിരോധിക്കാനുള്ള ശരീരത്തിന്‍റെ ശേഷിയുടെ കാര്യത്തില്‍", ഡോ സ്വിര്‍സ്‌കി കൂട്ടിച്ചേര്‍ത്തു. മോണോസൈറ്റുകള്‍ ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്ന് മനസിലാക്കുന്നത് വളരെ പ്രധാനമാണെന്നും ഗവേഷകര്‍ പറഞ്ഞു.