ചർമത്തിന്‍റെ ഉപരിതലത്തിൽ വസിക്കുന്ന ട്രില്യൺ കണക്കിന് അതിസൂക്ഷ്‌മങ്ങളായ ബാക്‌ടീരിയകളുടെ ശേഖരമാണ് മൈക്രോബയോമുകൾ അഥവാ സ്‌കിൻ ഫ്ലോറ. ചർമത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലും തിളക്കം നിലനിർത്തുന്നതിൽ ഇവയ്ക്ക് നിർണായക പങ്കുണ്ട്.
മൈക്രോബയോമിന്‍റെ പങ്ക്
മനുഷ്യശരീരത്തിന്‍റെയും ചർമത്തിന്‍റെയും ആരോഗ്യം, സംരക്ഷണം എന്നിവയിൽ സ്‌കിൻ മൈക്രോബയോമുകൾ പ്രധാന പങ്ക് വഹിക്കുന്നു. രോഗപ്രതിരോധം, ആരോഗ്യം, സൗന്ദര്യം, വ്യക്തിശുചിത്വം എന്നിവയിലും ഈ വിഭാഗം സൂക്ഷ്‌മാണുക്കൾ ഒഴിച്ചുകൂടാനാവാത്ത സ്വാധീനം ചെലുത്തുന്നു.
ചർമ സംരക്ഷണത്തെക്കുറിച്ച് മനസിലാക്കാൻ മൈക്രോബയോമിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അയഞ്ഞ ചർമം, കറുത്ത പാടുകൾ, മുഖക്കുരു, അലർജികൾ, ഡാർക്ക് സർക്കിളുകൾ, അകാല വാർധക്യം തുടങ്ങിയ വൈകല്യങ്ങള്‍ മൈക്രോബയോമുകളുടെ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്താണ് സ്‌കിൻ മൈക്രോബയോമുകൾ, അവ എങ്ങനെ പ്രവർത്തിക്കുന്നു?
ചർമം എങ്ങനെ കാണപ്പെടുന്നു എന്നതിലും അതിന്‍റെ രൂപത്തിലും മൈക്രോബയോമുകൾ വലിയ സ്വാധീനം ചെലുത്തുന്നു. നല്ലതും ചീത്തയുമായ ബാക്‌ടീരിയകൾ ചർമത്തിലുണ്ട്. സുന്ദരവും ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമം നിലനിർത്തുന്നതിന് രണ്ട് തരം ബാക്‌ടീരിയകളും സന്തുലിതാവസ്ഥയിലായിരിക്കേണ്ടത് പ്രധാനമാണ്.
നല്ല ബാക്‌ടീരിയകളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് ചീത്ത ബാക്‌ടീരിയകൾക്ക് വളരാൻ അവസരം നല്‍കില്ല. ഇവയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് ചർമത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും മുഖക്കുരു, കറുത്ത പാടുകൾ, ഡാർക്ക് സർക്കിളുകൾ എന്നിവയുടെ ചികിത്സയിലും ഉപകാരപ്രദമാണ്. ഇവ യുവത്വവും തിളക്കവും നൽകുകയും ചെയ്യുന്നു.
നമ്മുടെ സ്‌കിൻ മൈക്രോബയോം പ്രോബയോട്ടിക്‌സ്, പ്രീബയോട്ടിക്‌സ്, പോസ്റ്റ്ബയോട്ടിക്‌സ് എന്നിവയാൽ നിറഞ്ഞിരിക്കുന്നു
പ്രോബയോട്ടിക്‌സ് : ചർമത്തിൽ കാണപ്പെടുന്ന ലൈവ് ബാക്‌ടീരിയയാണ് പ്രോബയോട്ടിക്‌സ്. മൈക്രോബയോമുകളെ നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു.
പ്രീബയോട്ടിക്‌സ് : നമ്മുടെ ചർമത്തിലെ പ്രധാനപ്പെട്ടതും നിർണായകവുമായ പദാർഥങ്ങളാണ് പ്രീബയോട്ടിക്‌സ്. പ്രോബയോട്ടിക്‌സിന്‍റെ വളർച്ചയും സ്ഥിരതയും പോഷിപ്പിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക എന്നതാണ് ഇതിന്‍റെ പ്രധാന ധർമം.
പോസ്റ്റ്ബയോട്ടിക്‌സ് : പ്രോബയോട്ടിക്കുകളുടെ പ്രവർത്തനത്തിലൂടെ രൂപപ്പെടുന്നവയാണ് പോസ്റ്റ്ബയോട്ടിക്കുകൾ. അനുയോജ്യമായ സ്‌കിൻ മൈക്രോബയോം രൂപീകരിക്കുന്നതിൽ പോസ്റ്റ്ബയോട്ടിക്‌സ് പ്രധാന പങ്കുവഹിക്കുന്നു. ഈർപ്പവും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിനും ഇവ സഹായിക്കുന്നു.