കാര്യങ്ങള്‍ ഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍ (cognitive function ) ശരിയായ വിധത്തില്‍ നടക്കുന്നതിനും മാനസികാരോഗ്യത്തിനും ഉറക്കം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പ്രമുഖ ശാസ്ത്ര ജേര്‍ണലായ നെച്ചറില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്‌തമാക്കുന്നു. 50,000 ആളുകളുടെ ദീര്‍ഘകാലത്തെ മാനസികാരോഗ്യവും ഉറക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്‌താണ് പഠനത്തിലെ നിഗമനങ്ങള്‍. ബ്രിട്ടണിലേയും ചൈനയിലേയും ഗവേഷകര്‍ സംയുക്തമായാണ് പഠനം നടത്തിയത്.
പ്രായം കൂടുന്തോറം പലരുടേയും ഉറക്കത്തിന്‍റെ ക്രമം തെറ്റുന്നു. ഉറക്കമില്ലായ്‌മയും ഉറക്കം വരാത്ത അവസ്ഥയും പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ മാനസികാരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കുന്നു. 38 മുതല്‍ 73 വയയുള്ള ആളുകളാണ് പഠനത്തില്‍ പങ്കാളികളായത്.
പഠനത്തില്‍ പങ്കെടുത്തവരില്‍ 40,000 പേരുടെ ബ്രെയിന്‍ ഇമേജിങ്ങും ജനിതക വിവരങ്ങളും ഗവേഷകര്‍ വിലയിരുത്തി. അവരുടെ ഉറക്ക ക്രമത്തിന്‍റെ വിവരങ്ങളോടൊപ്പം മാനസികാരോഗ്യം, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി മനസിലാക്കാനുള്ള പരിശോധനകളും നടത്തി. കാര്യങ്ങള്‍ വിലയിരുത്താനുള്ള ശേഷി, ഓര്‍മ, മാനസികാരോഗ്യം എന്നിവ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം ഏഴ് മണിക്കൂറില്‍ കൂടിയാലും കുറഞ്ഞാലും മോശാമായി ബാധിക്കുമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഉല്‍ക്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക.
ശരിയായ അളവിലുള്ള ഉറക്കം ലഭിക്കാത്തപ്പോള്‍ സംഭവിക്കുക ഗാഢ നിദ്രയില്‍ ഭംഗം വരുന്നതാണ്. ഇത് അമിലോയിഡ് എന്ന പ്രോട്ടീന്‍ തലച്ചോറില്‍ അടിഞ്ഞ് കൂടാന്‍ ഇടയാക്കും. ഇതാണ് ഓര്‍മക്കുറവിന് കാരണമാകുന്നത്. വിഷാംശമുള്ള വസ്‌തുക്കള്‍ പുറംതള്ളാനുള്ള തലച്ചോറിന്‍റെ കഴിവിനേയും ഉറക്കമില്ലായ്‌മ ബാധിക്കുന്നു.
പ്രായം കൂടുമ്പോള്‍ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള നമ്മുടെ ശേഷിയെ ബാധിക്കപ്പെടാന്‍ ഉറക്കം അമിതമായാലും കുറഞ്ഞാലും കാരണമാകുമെന്ന് പഠനം വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു. അല്‍ഷിമേഴ്‌സ്, മേധാക്ഷയം തുടങ്ങിയ രോഗങ്ങളും ഉറക്കത്തിന്‍റെ ദൈര്‍ഘ്യവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുന്‍പ് നടന്ന പല പഠനങ്ങളിലും വ്യക്‌തമായിരുന്നു.
ALSO READ: സ്‌ത്രീകൾ ആസ്‌മയെ ജാഗ്രതയോടെ കാണണം, പുരുഷൻമാരേക്കാൾ മരണമെന്ന് പഠനം