ടൈപ് 2 പ്രമേഹത്തിന്‍റെ വ്യാപനം സാധാരണ ജനങ്ങളെ അപേക്ഷിച്ച് മാനസിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ ഉയര്‍ന്ന് നില്‍ക്കുന്നതായി 'ഡൈബെറ്റോളജിയ' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം. മുന്‍കാല ശാസ്ത്രീയ പഠനങ്ങളുടെ നാല് ഇലക്ട്രോണിക് ഡാറ്റ ബേസാണ് ഗവേഷകര്‍ പരിശോധിച്ചത്. ഈ വിഷയത്തില്‍ നടന്ന 245 മൗലിക പഠനങ്ങളുടെ 32 അവലോകനങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടുള്ളതാണ് പുതിയ റിപ്പോര്‍ട്ട്.
ലോക ജനസംഖ്യയുടെ ആറ് മുതല്‍ 9 ശതമാനം ആളുകള്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണക്ക്. പ്രമേഹ രോഗികളുടെ നിരക്ക് 1990കള്‍ മുതല്‍ വര്‍ധിച്ചുവരികയാണ്. ഈ പ്രവണത അടുത്ത 20 വര്‍ഷം കൂടി തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബൈപോളാര്‍ ഡിസോര്‍ഡര്‍(വിഷാദവും ഉന്‍മാദവും മാറി മാറി വരുന്ന അവസ്ഥ),സ്കിസോഫ്രീനിയ(ചിന്തകള്‍, വികാരങ്ങള്‍, പ്രവര്‍ത്തികള്‍ തമ്മില്‍ പൊരുത്തമില്ലാത്ത അവസ്ഥ),വാഷാദം എന്നീ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ മറ്റുള്ളവരേക്കാള്‍ ടൈപ് 2 പ്രമേഹം ഉണ്ടാകുന്നുണ്ടെന്ന് മുന്‍കാല പഠനങ്ങളില്‍ നിന്ന് തന്നെ വ്യക്തമായതാണ്.
എങ്കിലും ടൈപ് 2 പ്രമേഹവും മാനസിക രോഗങ്ങളും പരസ്പരം എങ്ങനെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച് കൃത്യമായ ഉത്തരം ഇന്നും ശാസ്ത്ര ലോകത്തിന് ലഭിച്ചിട്ടില്ല. ഈ ഉത്തരത്തിലേക്കുള്ള ഒരു ചുവടുവയ്‌പ്പാണ് മുന്‍കാല പഠനങ്ങളില്‍ നിന്ന് ലഭിച്ച ഡാറ്റ വിശകലനം ചെയ്തുകൊണ്ടുള്ള പുതിയ സംഗ്രഹം.
ALSO READ: കൊവിഡിനെതിരെ നാസല്‍ സ്പ്രെ വികസിപ്പിക്കാനൊരുങ്ങി ഗവേഷകര്‍
ഉറക്ക പ്രശ്നങ്ങള്‍(sleep disorder) നേരിടുന്നവരിലാണ് ഏറ്റവും കൂടുതലായി ടൈപ് 2 പ്രമേഹം ഉള്ളത് എന്നാണ്. ഇവരില്‍ 40ശതമാനം ആളുകള്‍ ടൈപ് 2 പ്രമേഹം നേരിടുന്നു. മറ്റ് മാനസിക വെല്ലുവിളികള്‍ നേരിടുന്നവരില്‍ ടെപ് 2 പ്രമേഹം ഇങ്ങനെയാണ്: ഭക്ഷണക്രമക്കേട് നേരിടുന്നവരില്‍ (binge eating disorder) 21 ശതമാനം, ലഹരി വസ്തുക്കളോട് അടിമപ്പെട്ടവരില്‍ 16 ശതമാനം, അമിത ഉത്കണ്ഠ ഉള്ളവരില്‍ 14 ശതമാനം,ബൈപോളാര്‍ ഡിസോഡര്‍ നേരിടുന്നവരില്‍ 11 ശതമാനം,ബുദ്ധിഭ്രമം(psychosis) നേരിടുന്നവരില്‍ 11 ശതമാനം.
മാനസിക വെല്ലുവിളികളില്‍, ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരിലാണ് ഏറ്റവും കുറഞ്ഞ ശതമാനം പേര്‍ ടൈപ് 2 പ്രമേഹം ബാധിക്കപ്പെട്ടവരായുള്ളത്. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന എട്ട് ശതമാനം ആളുകളിലാണ് ടൈപ് 2 പ്രമേഹം കാണപ്പെടുന്നത്. എന്നാല്‍ മേല്‍പറഞ്ഞ എല്ലാതരം മാനസിക വെല്ലുവിളികള്‍ നേരിടുന്നവരിലും ടൈപ് 2 പ്രമേഹത്തിന്‍റെ നിരക്ക് സാധാരണയില്‍ നിന്നും 6 മുതല്‍ 9 ശതമാനം കൂടുതലാണ്.
പല മാനസിക പ്രശ്ന്നങ്ങളും പ്രേമഹവും തമ്മിലുള്ള ബന്ധം ദ്വിമുഖമാണെന്ന് ഗവേഷകര്‍ പറയുന്നു. അതായത് ഒന്ന് മറ്റൊന്നിനെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് ഉറക്ക പ്രശ്നങ്ങള്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതേപൊലെ പ്രമേഹവും അതിനോടനുബന്ധിച്ചുള്ള മെറ്റാബോളിക് നിരക്കിലെ കുറവും ഉറക്ക പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു. ടൈപ് 2 പ്രമേഹങ്ങളും മാനസിക രോഗങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമാവാന്‍ ഇനിയും പഠനങ്ങള്‍ വേണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.