ബെംഗളൂരു: 13 മാസം പ്രായമുള്ള കുഞ്ഞിന്‍റെ വൃക്കകള്‍ സ്വീകരിച്ച് 30-കാരന്‍. ബെംഗളൂരുവിലെ ഫോര്‍ട്ടിസ് (Fortis Hospital) ആശുപത്രിയിലാണ് റോബോട്ടിക് എന്‍ ബ്ലോക്ക് (Robotic En Bloc) പ്രക്രിയയിലൂടെ 13 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഇരു വൃക്കകളും 30 വയസുകാരനിലേക്ക് വിജയകരമായി മാറ്റിവച്ചത്. ഡോ.ശ്രീഹർഷ ഹരിനാഥ്, ഡോ.മോഹൻ കേശവമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ സംഘമാണ് അതിസങ്കീര്‍ണമായ ഈ ശസ്‌ത്രക്രിയ നടത്തിയത്. അപൂര്‍വമായ ഒരു കേസായിരുന്നു ഇതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.
'30 വയസുള്ള ഒരു വ്യക്തി വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ഹീമോഡയാലിസിസിന് വിധേയനായിരുന്നു. ഈ സാഹചര്യത്തില്‍ വൃക്ക മാറ്റിവയ്‌ക്കല്‍ അല്ലാതെ മറ്റൊരു മാര്‍ഗവും ഞങ്ങളുടെ മുന്നിലുണ്ടായിരുന്നില്ല. ഇതിനിടെയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് 13 മാസം പ്രായമുള്ള കുഞ്ഞ് മരിക്കുന്നത്. പിന്നീട് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ വൃക്ക ദാനം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നു' - ഡോ. കേശവമൂര്‍ത്തി പറഞ്ഞു.
ശസ്‌ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കുട്ടിക്ക് 7.3 കിലോഗ്രാം മാത്രമായിരുന്നു ശരീരഭാരം. വൃക്ക സ്വീകരിച്ച വ്യക്തിക്ക് 50 കിലോയോളം തൂക്കമാണ് ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തില്‍, ഒരു കുട്ടിയുടെ വൃക്ക മാറ്റിവയ്‌ക്കുക എന്ന കാര്യം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍, ഈ വെല്ലുവിളി ഏറ്റെടുത്ത ഞങ്ങള്‍ റോബോട്ടിക് എൻ-ബ്ലോക്ക് ശസ്‌ത്രക്രിയയിലൂടെ വിജയകരമായി തന്നെ വൃക്കകള്‍ മാറ്റി വയ്‌ക്കുകയായിരുന്നു' - ഡോ. കേശവമൂര്‍ത്തി വ്യക്തമാക്കി.
റോബോട്ടിക് എന്‍ ബ്ലോക്ക് എന്ന നൂതന സാങ്കേതിക വിദ്യ സ്വീകര്‍ത്താവിന്‍റെ ശരീരഭാരത്തിന് അനുസരിച്ച് മാറ്റിവച്ച വൃക്കകളുടെ വലിപ്പം കൂട്ടാന്‍ സഹായിക്കും. നാല് മണിക്കൂറോളം നീണ്ടതായിരുന്നു ശസ്‌ത്രക്രിയ. ഇതിന് ശേഷം ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. 12 ദിവസത്തിന് ശേഷം ഇയാള്‍ ആശുപത്രി വിടുമെന്നും ഡോ. കേശവമൂര്‍ത്തി പറഞ്ഞു.
റോബോട്ടിക്‌സ് വിദ്യ ഉപയോഗിച്ച് ഏത് സങ്കീര്‍ണമായ ശസ്‌ത്രക്രിയകളും എളുപ്പത്തില്‍ തന്നെ പൂര്‍ത്തീകരിക്കാമെന്ന് ഫോർട്ടിസ് ഹോസ്‌പിറ്റൽ ബിസിനസ് ഹെഡ് അക്ഷയ് ഒലേറ്റിയും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഒരു കേസ് ലോകത്ത് തന്നെ ആദ്യമായിട്ടായിരിക്കും നടക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊച്ചുമകന് വൃക്ക ദാനം മുത്തശ്ശി: കര്‍ണാടക വിജയപുര ജില്ലയില്‍ കൊച്ചുമകന് വൃക്ക ദാനം ചെയ്‌ത് 73 കാരിയായ മുത്തശ്ശി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിജയപുരയിലെ യശോദ ആശുപത്രിയില്‍ ആണ് വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ബെല്‍ഗാം ജില്ലയിലെ ഹരുഗേരി സ്വദേശിനി ഉദ്ധവ്വയാണ് തന്‍റെ കൊച്ചുമകന്‍ സച്ചിന് സ്വമധേയ വൃക്ക ദാനം ചെയ്‌തത്.
വൃക്ക സംബന്ധമായ അസുഖങ്ങള്‍ അലട്ടിയിരുന്ന യുവാവ് കഴിഞ്ഞ 18 വര്‍ഷമായി ചികിത്സയിലായിരുന്നു. അവയവത്തിന്‍റെ സ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ ഇയാള്‍ക്ക് ആഴ്‌ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസിന് വിധേയനാകേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇയാളുടെ മാതാപിതാക്കളും മകന് വൃക്ക ദാനം നല്‍കാന്‍ സമ്മതം നല്‍കി. എന്നാല്‍, അസുഖ ബാധിതരായ ഇവര്‍ക്ക് വൃക്ക ദാനം ചെയ്യാന്‍ കഴിയാതെ വന്നതോടെയാണ് മുത്തശ്ശി രംഗത്തെത്തിയത്.
Also Read : തണലായിരുന്ന കൈകൾ...വിനോദിന്‍റെയും അമ്പിളിയുടെയും കൈകളുമായി അമരേഷും യൂസഫും പുതു ജീവിതം നയിക്കും