മെലാമിൻ, സയനൂറിക് ആസിഡ്, ആരോമാറ്റിക് അമിൻ തുടങ്ങിയ രാസവസ്‌തുക്കളുമായി സമ്പർക്കം പുലർത്തുന്ന ഗർഭിണികളില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. റിസര്‍ച്ച് ജേണലായ കെമോസ്‌ഫിയറിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. രാസവസ്‌തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ശിശുക്കളുടെ വികാസത്തെ ബാധിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഡിഷ്‌വാഷര്‍, പ്ലാസ്റ്റിക്, തറ പാകാന്‍ ഉപയോഗിക്കുന്ന വസ്‌തുക്കള്‍, കീടനാശിനികൾ എന്നിവയില്‍ സാധാരണയായി കാണപ്പെടുന്ന രാസവസ്‌തുവാണ് മെലാമിന്‍. അണുനാശിനിയായും പ്ലാസ്റ്റിക് സ്റ്റെബിലൈസറായും നീന്തൽക്കുളങ്ങളിൽ ക്ലീനിങ് ലായകമായുമാണ് സയനൂറിക് ആസിഡ് ഉപയോഗിക്കുന്നത്. ഹെയർ ഡൈ, മസ്‌കാര, ടാറ്റൂ ഇങ്ക്, പെയിന്‍റ്, പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പുക, ഡീസൽ എക്‌സ്‌ഹോസ്റ്റ് എന്നിവയിലാണ് ആരോമാറ്റിക് അമിനുകളുടെ സാന്നിധ്യം കാണപ്പെടുന്നത്.
12 വര്‍ഷത്തെ ഗവേഷണം: സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാല, ജോണ്‍സ് ഹോപ്‌കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്. 2008 മുതല്‍ 2020 വരെയായിരുന്നു പഠന കാലയളവ്. അമേരിക്കയിലെ കാലിഫോർണിയ, ജോർജിയ, ഇല്ലിനോയി, ന്യൂ ഹാംപ്‌ഷെയര്‍, ന്യൂയോര്‍ക്ക്, പോര്‍ട്ടോ റിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള 171 സ്‌ത്രീകളുടെ മൂത്ര സാമ്പിളുകളാണ് ഗവേഷക സംഘം ശേഖരിച്ചത്.
ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേര്‍ ലാറ്റിന്‍ വംശജരും, 34 ശതമാനം പേര്‍ അമേരിക്കന്‍ വംശജരും, 20 ശതമാനം പേര്‍ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജരുമായിരുന്നു. നാല് ശതമാനം ഏഷ്യന്‍ വംശജരും മൂന്ന് ശതമാനം മറ്റ് വംശജരും പഠനത്തില്‍ പങ്കെടുത്തു. മൂത്രത്തിലെ രാസവസ്‌തുക്കളുടെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനായി നടത്തിയ പഠനത്തില്‍ അർബുദം ഉള്‍പ്പെടെയുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട 45 രാസവസ്‌തുക്കള്‍ ഗവേഷക സംഘം പരിശോധിച്ചു.
കണ്ടെത്തല്‍ ആശങ്ക ഉളവാക്കുന്നത്: പഠനത്തിൽ പങ്കെടുത്ത മിക്കവരുടേയും സാമ്പിളുകളിലും മെലാമിനും സയനൂറിക് ആസിഡും കണ്ടെത്തി. അമേരിക്കന്‍ വംശജരല്ലാത്ത ആളുകളിലും പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന പുക ശ്വസിക്കുന്നവരിലുമാണ് രാസവസ്‌തുക്കള്‍ കൂടുതല്‍ അളവില്‍ കണ്ടെത്തിയത്. കാൻസർ, ഡെവലപ്പ്‌മെന്‍റല്‍ ടോക്‌സിസിറ്റി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന രാസവസ്‌തുക്കളായതിനാല്‍ പുതിയ കണ്ടെത്തല്‍ ആശങ്ക സൃഷ്‌ടിക്കുന്നതാണെന്ന് ഗവേഷക സംഘത്തിലെ അംഗം ട്രേസി ജെ വുഡ്‌റഫ് പറഞ്ഞു.
അമേരിക്കയില്‍ രാസവസ്‌തുക്കളുടെ കൃത്യമായ പരിശോധന നടക്കുന്നില്ലെന്നും ട്രേസി ജെ വുഡ്‌റഫ് കൂട്ടിച്ചേര്‍ത്തു. ശ്വസിക്കുന്ന വായുവിലൂടെയോ രാസപദാര്‍ഥങ്ങള്‍ കലര്‍ന്ന ഭക്ഷണം കഴിക്കുന്നതിലൂടെയോ അന്തരീഷത്തിലെ പൊടിപടലങ്ങള്‍ ആഗിരണം ചെയ്യുന്നതിലൂടെയോ പ്ലാസ്റ്റിക്, ഡൈസ്, പിഗ്‌മെന്‍റുകള്‍ എന്നിവ അടങ്ങിയ ഉത്‌പന്നങ്ങൾ ഉപയോഗിക്കുമ്പോഴോ ആണ് മെലാമിന്‍, ആരോമാറ്റിക് അമിനുകൾ എന്നിവയുമായി ആളുകള്‍ക്ക് സാധാരണയായി സമ്പര്‍ക്കമുണ്ടാകുന്നത്.
Also read: അര്‍ബുദ സാധ്യത സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരിലോ? പഠനം പറയുന്നത്…