ന്യൂയോർക്ക് : 64% സ്ത്രീകളും ആർത്തവത്തിന് മുൻപ് മൂഡ് സ്വിങ്സും (മനോനിലയിലുണ്ടാകുന്ന ചാഞ്ചാട്ടം) ഉത്‌കണ്‌ഠയും അനുഭവിക്കുന്നവരാണ്. ആഗോളതലത്തിൽ ഇതൊരു പ്രധാന പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് പുതിയ പഠനം പറയുന്നു. ഭൂരിഭാഗം സ്ത്രീകൾക്കും ഓരോ ചക്രത്തിലും ആർത്തവത്തിന് മുൻപുള്ള ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. എല്ലാ പ്രായത്തിലുമുള്ള കുറഞ്ഞത് 61% സ്ത്രീകളിലും മാനസികാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ആർക്കൈവ്‌സ് ഓഫ് വിമൻസ് മെന്‍റൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആർത്തവത്തിന് മുൻപുള്ള മാനസിക ബുദ്ധിമുട്ടുകൾ ലോകമെമ്പാടുമുള്ള സ്ത്രീകളിൽ സാധാരണമാണെന്ന് പഠനം തെളിയിക്കുന്നുവെന്ന് വെർജീനിയ സർവകലാശാല സ്‌കൂൾ ഓഫ് മെഡിസിനിലെ റീപ്രൊഡക്‌ടീവ് സൈക്യാട്രി റിസർച്ച് പ്രോഗ്രാം ഡയറക്‌ടർ ജെന്നിഫർ എൽ പെയ്‌ൻ പറഞ്ഞു. ഭൂരിഭാഗം സ്ത്രീകളിലും ആർത്തവത്തിന് മുൻപുള്ള ലക്ഷണങ്ങൾ അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കാറുണ്ടെന്നും പെയ്‌ൻ കൂട്ടിച്ചേർത്തു.
പഠനത്തിനായി ഫ്ലോ ആപ്പിൽ 140 രാജ്യങ്ങളിൽ നിന്നുള്ള 18നും 55നും ഇടയിൽ പ്രായമുള്ള 238,000 സ്ത്രീകളുടെ പ്രതികരണങ്ങൾ വിശകലനം ചെയ്‌തു. സ്ത്രീകളുടെ ആർത്തവചക്രം ട്രാക്ക് ചെയ്യാനും ഗർഭകാലത്തും അതിനുശേഷവുമുള്ള മാനസികാവസ്ഥയും ശാരീരിക ലക്ഷണങ്ങളും ട്രാക്ക് ചെയ്യാനും സഹായിക്കുന്നതാണ് ഫ്ലോ ആപ്പ്. ഭക്ഷണത്തോടുള്ള ആസക്തി ആണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണം (85.28%). മൂഡ് സ്വിങ്സ്/ ഉത്‌കണ്‌ഠ (64.18%), ക്ഷീണം (57.3%) എന്നിവയും റിപ്പോർട്ട് ചെയ്‌തു.
28.61% പേർ ആർത്തവത്തിന് മുൻപുള്ള ലക്ഷണങ്ങളും അവരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. 34.84% പേർ ഇത്തരം ലക്ഷണങ്ങൾ അവരുടെ ദൈനംദിന ജീവിതത്തെ ചിലപ്പോഴൊക്കെ ബാധിക്കാറുണ്ടെന്നും വ്യക്തമാക്കി.
ആർത്തവത്തിന് മുൻപുള്ള ഇത്തരം ലക്ഷണങ്ങൾ ഓരോ രാജ്യത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. ജീവശാസ്ത്രപരവും സംസ്‌കാരാധിഷ്ഠിതവുമായ വ്യത്യാസങ്ങൾ രാജ്യങ്ങളിൽ ഇത്തരം ലക്ഷണങ്ങളുടെ നിരക്കുകളെ സ്വാധീനിക്കുന്നുണ്ടോ എന്നത് ഭാവിയിൽ പഠനവിധേമാക്കാവുന്നതാണ് എന്നും പെയ്‌ൻ ചൂണ്ടിക്കാട്ടി.
ഈ ലക്ഷണങ്ങൾ, പ്രത്യേകിച്ച് മൂഡ് സ്വിങ്‌സുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഇടയ്‌ക്കിടെ ഉണ്ടാകുന്നതിനെ കുറിച്ച് ആരോഗ്യപ്രവർത്തകരെ ബോധവാന്മാരാക്കുന്നത് സ്ത്രീകൾക്ക് മികച്ച പരിചരണം നൽകാൻ സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
ഇത്തരം ലക്ഷണങ്ങള്‍ ചികിത്സിക്കുന്നതിന് നിരവധി രീതികൾ ലഭ്യമാണ്. ഇവ എത്രത്തോളം സാധാരണമാണ് എന്നതിനെ കുറിച്ചും ചികിത്സയെ കുറിച്ചുമുള്ള അവബോധം വർധിപ്പിക്കുന്നത് സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പെയ്‌ൻ കൂട്ടിച്ചേർത്തു.