തിരുവനന്തപുരം: കേരളത്തെ ഗ്രീൻ ഹൈഡ്രജന്‍ ഊർജ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥ മാറ്റവും വികസനവും എന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവും സംസ്ഥാന പരിസ്ഥിതി വകുപ്പും ലോകബാങ്കിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട് കേരളത്തിന്‍റെ കർമപദ്ധതി ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു.
ഫ്രഞ്ച് വികസന ബാങ്കായ എ.എഫ്.ഡി കേരളത്തിന് അനുവദിക്കുന്ന 865.8 കോടിയുടെ വികസന വായ്‌പ പദ്ധതി കരാറും ഒപ്പുവച്ചു. 'കാലാവസ്ഥ വ്യതിയാനം; ആസൂത്രണവും നടപ്പാക്കലും' സെഷനിൽ മുഖ്യമന്ത്രി സംസാരിച്ചു. പരിപാടിയിൽ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, ലോക ബാങ്ക് പ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്തു.
കാലാവസ്ഥ മാറ്റത്തിന്‍റെ സാഹചര്യത്തിൽ അന്താരാഷ്ട്ര ഫണ്ടിങ് ഏജൻസികളുടെ പങ്കും മാറുന്ന മുൻഗണനയും, ഈജിപ്‌റ്റില്‍ നടന്ന ലോക കാലാവസ്ഥ സമ്മേളനം (COP27) തുടങ്ങിയ വിവിധ സെഷനുകളും പരിപാടിയിൽ നടക്കും. സമ്മേളനത്തിൽ യുഎൻ പരിസ്ഥിതി പരിപാടിയുടെ ഇന്ത്യ ഗുഡ്‌വിൽ അംബാസഡർ ദിയ മിർസ പങ്കെടുക്കും.
ഈ മാസം എട്ടിന് ജന കേന്ദ്രീകൃത കാലാവസ്ഥ സേവനം, കാലാവസ്ഥ ദുരന്തങ്ങളെ അതിജീവിക്കുന്നതിനുള്ള ബഹുമുഖ പ്രവർത്തനപരിപാടി, ക്ലൈമറ്റ് സ്‌മാര്‍ട്ട് നിക്ഷേപം തുടങ്ങിയ സെഷനുകൾ നടക്കും. വൈകിട്ട് 3.45ന് സമാപന സമ്മേളനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നീതി ആയോഗ് സി.ഇ.ഒ. പരമേശ്വരൻ അയ്യർ, ഡോ.വി.വേണു, രാജശ്രീ റായി, ജോൺ എ.റൂം, ദീപക് സിങ് എന്നിവർ പങ്കെടുക്കും.