രണ്ട് വര്‍ഷം നീണ്ട അടച്ചിടലുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ശേഷം ലോകം സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെ ആശങ്ക തിരികെ വിതച്ചുകൊണ്ടാണ് സൗത്ത് ആഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തത്. കൊവിഡിന്‍റെ ഏറ്റവും അപകടകാരിയെന്ന് കരുതപ്പെടുന്ന ഡെല്‍റ്റ വകഭേദത്തേക്കാള്‍ വ്യാപനശേഷി ഒമിക്രോണിനുണ്ടെന്നാണ് ശാസ്‌ത്ര ലോകത്തിന്‍റെ വെളിപ്പെടുത്തല്‍. മരണ നിരക്ക് കുറവാണെങ്കിലും ഒമിക്രോണിനെ നിസാരമായി കാണരുതെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
കൊവിഡിനെതിരെ നിലവിലുള്ള ഏക പ്രതിരോധ മാര്‍ഗം വാക്‌സിനേഷനാണ്. ഓരോ മാസവും ദശലക്ഷക്കണക്കിന് ഡോസ് വാക്‌സിനാണ് ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നത്. ഈ വര്‍ഷം മധ്യത്തോടെ എല്ലാ രാജ്യങ്ങളിലെയും ജനസംഖ്യയുടെ 70% പേർക്കും കുത്തിവയ്‌പ്പ് നൽകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം.
എന്നാല്‍ ഒമിക്രോണിന്‍റെ അതിവേഗത്തിലുള്ള വ്യാപനം സൂചിപ്പിക്കുന്നത് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ ആളുകള്‍ക്ക് വൈറസ് പിടിപെട്ടേക്കുമെന്നാണ്. ആഫ്രിക്കയിലുടനീളം, 85% ആളുകൾക്ക് ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും ലഭിച്ചിട്ടില്ല. ഒമിക്രോണിനെതിരെ വാക്‌സിന്‍ ഫലപ്രദമല്ലെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും കൊവിഡ് വ്യാപനത്തെ തടയിടാനുള്ള മറ്റൊരു പ്രതിരോധ മാര്‍ഗവും നിലവിലില്ല.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
ഒമിക്രോണിന് പിന്നാലെ യൂറോപ്പിലും വടക്കേ അമേരിക്കയിലും സ്ഥിതി വീണ്ടും രൂക്ഷമാകുകയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തില്‍ പ്രതിദിന കേസുകളില്‍ ഗണ്യമായ വർധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർക്കാണ് കൂടുതല്‍ അപകട സാധ്യതയുള്ളത്.
വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ രോഗം വരാനുള്ള സാധ്യത എട്ട് മടങ്ങാണെന്നാണ് യുകെ അടിസ്ഥാനമായുള്ള ഒരു ഗവേഷണ പഠനം സൂചിപ്പിക്കുന്നത്. ജനുവരി 12 വരെയുള്ള കണക്കുകള്‍ പ്രകാരം യുകെയിലെ ആശുപത്രികളിൽ ഏകദേശം 20,000 കൊവിഡ് ബാധിതരുണ്ട്. കൊവിഡിനെ അത്ര നിസാരമായി കാണാനാകില്ലെന്ന് ചുരുക്കം.
കൊവിഡ് ബാധിച്ചവരുടെ ശരീരത്തില്‍ സ്വമേധയാ പ്രതിരോധശേഷിയുണ്ടാകും. ഭാവിയിൽ ഹ്രസ്വകാലത്തേക്കെങ്കിലും ഇത് കൊവിഡിനെതിരെ സംരക്ഷണം നല്‍കിയേക്കാം. എന്നിരുന്നാലും വാക്‌സിന്‍ എടുക്കുന്നത് തന്നെയാണ് ഉചിതം.
വ്യാപനത്തെ തടയുന്നു
ലോക്ക്ഡൗണ്‍, സാമൂഹിക അകലം, മാസ്‌കിന്‍റെ ഉപയോഗം എന്നിവയ്‌ക്കൊപ്പം തന്നെ കൊവിഡ് വ്യാപനം തടയുന്നതില്‍ സുപ്രധാനമാണ് വാക്‌സിനുകൾ. കൊവിഡ് മൂലമുണ്ടാകുന്ന ഗുരുതരാവസ്ഥയില്‍ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം വാക്‌സിനേഷനിലൂടെ രോഗബാധിതരാകാനും അതുവഴി വൈറസ് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയും കുറയ്ക്കുന്നു.
കൊവിഡിന്‍റെ ജനിതക മാറ്റം അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. ഒമിക്രോണിനെക്കാള്‍ വ്യാപനശേഷിയുള്ളതും മാരകവുമായ മറ്റൊരു വകഭേദം ഉയര്‍ന്നുവരാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന മേധാവി കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു. കൊവിഡിന്‍റെ അനിയന്ത്രിത വ്യാപനമാണ് പുതിയ വകഭേദത്തിനുള്ള അപകട സാധ്യത സൃഷ്‌ടിക്കുന്നത്. അതുകൊണ്ട് വാക്‌സിനേഷനിലൂടെ കൊവിഡ് വ്യാപനത്തേയും കൊവിഡ് വകഭേദമുണ്ടാകാനിടയുള്ള സാഹചര്യത്തേയും ഒരു പരിധി വരെ തടയാം.
Also read: എന്താണ് ഒമിക്രോണ്‍? എന്തുക്കൊണ്ട് ഉയര്‍ന്ന വ്യാപനം, കാരണമിതാണ്
വാക്‌സിന്‍ അസമത്വം
ഒമിക്രോണ്‍ ബാധിച്ച് ആഗോളതലത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും വാക്‌സിന്‍ എടുക്കാത്തവരാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കുത്തിവയ്‌പ്പ് കുറഞ്ഞ രാജ്യങ്ങളില്‍ വാക്‌സിന്‍ ഡോസുകൾ ലഭ്യമാക്കണം.
യുകെ പോലുള്ള ചില രാജ്യങ്ങളിൽ വിപുലമായ വാക്‌സിൻ ബൂസ്റ്റർ പ്രോഗ്രാമുകൾ ഉണ്ട്. മുന്‍കരുതല്‍ ഡോസ് ഒമിക്രോണിനെതിരെ സംരക്ഷണം നൽകുമെന്നാണ് വിലയിരുത്തല്‍. എന്നാൽ വാക്‌സിൻ ബൂസ്റ്റർ പ്രോഗ്രാമുകള്‍ക്ക് മുന്‍പായി ലോകമെമ്പാടും വിപുലമായ വാക്‌സിനേഷൻ പ്രോഗ്രാമുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
G7 രാജ്യങ്ങള്‍ മിച്ചം വരുന്ന (ഒരു ബില്യണിലധികം വാക്‌സിന്‍ ഡോസ് മിച്ചമുണ്ടാകുമെന്നാണ് കരുതുന്നത്) വാക്‌സിനുകള്‍ അതിന്‍റെ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി ദരിദ്ര രാജ്യങ്ങൾക്ക് സംഭാവന ചെയ്യണം. സബ്-സഹാറൻ ആഫ്രിക്കയിലുടനീളം നിരവധി വാക്‌സിൻ നിർമാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും വാക്‌സിന്‍ സമത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വേണം. മഹാമാരിയുടെ കാലത്ത് സമ്പന്ന രാജ്യങ്ങൾ വാക്‌സിന്‍ പൂഴ്ത്തിവയ്ക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തണം.
ഇൻഫ്ലുവൻസ, സാർസ്, എബോള, സിക്ക തുടങ്ങി ഇപ്പോള്‍ കൊവിഡ് വരെയെത്തി നില്‍ക്കുന്ന വൈറസ് വ്യാപനം സൂചിപ്പിക്കുന്നത് ആഗോള തലത്തിലെ ആരോഗ്യ അടിയന്തരാവസ്ഥയെ കുറിച്ചാണ്. ആഗോള തലത്തിലുള്ള പ്രതിരോധമാണ് എപ്പോഴും ഗുണം ചെയ്യുക. വാക്‌സിന്‍ അസമത്വം ആര്‍ക്കും ഗുണം ചെയ്യില്ല.
Also read: Omicron Home Care: ഒമിക്രോണ്‍, കൊവിഡ്: രോഗികളും ക്വാറന്‍റൈനില്‍ ഉള്ളവരും ശ്രദ്ധിക്കേണ്ടവ