ശാരീരികാധ്വാനത്തിന് ശേഷമോ ജോലിക്ക് ശേഷമോ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണ്. അല്ലാത്ത അവസരങ്ങളിലും ക്ഷീണം അനുഭവപ്പെടാം. ആയാസകരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് ക്ഷീണത്തിന് കാരണമാകും. മതിയായ വിശ്രമത്തിലൂടെയും നല്ലതുപോലെ ഉറങ്ങുന്നതിലൂടെയും ക്ഷീണം കുറയ്ക്കാം.
ക്ഷീണിതനായിരിക്കുമ്പോൾ പതിവ് ദിനചര്യ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ചിലർക്ക് ഒരു മാസത്തിലധികമോ ആറ് മാസം വരെയോ ക്ഷീണം അനുഭവപ്പെടുന്നത് നീണ്ടുനിൽക്കാം. ഇത് ഓരോരുത്തരുടെയും ഭക്ഷണരീതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ശരീരത്തിലെ ഇരുമ്പിന്‍റെ കുറവ് ജോലിയിലും അക്കാദമിക് തലത്തിലുമുള്ള പ്രകടനത്തെ ബാധിക്കും.
കലോറിയില്ലാത്ത ഭക്ഷണ പദാർഥങ്ങൾ പോലെ, പഞ്ചസാരയും കൊഴുപ്പുമടങ്ങിയ മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവയ്ക്ക് പോഷകഗുണങ്ങൾ കുറവാണ്. അടിസ്ഥാന ഉപാപചയ പ്രക്രിയകൾ തടസമില്ലാതെ നടക്കാൻ ആളുകൾക്ക് സമീകൃതാഹാരവും മതിയായ പോഷകാഹാരവും ആവശ്യമാണ്. ഊർജോത്പാദനം, ഡിഎൻഎ നിർമാണം, ഓക്‌സിജൻ വിതരണം, സെറിബ്രൽ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പോഷകാഹാരങ്ങൾ അത്യന്താപേക്ഷിതമാണ്. അതിനാൽ തലച്ചോറിന്‍റെയും പേശികളുടെയും പ്രവർത്തനത്തിന് സമീകൃതാഹാരത്തിന്‍റെ പ്രാധാന്യം വളരെ വലുതാണ്.
ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, വിറ്റാമിൻ സി, ബി വിറ്റാമിനുകൾ (B1, B2, B3, B5, B6, B8, B9, B12) എന്നിവയെല്ലാം ക്ഷീണത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു. ക്ഷീണം അകറ്റാനും ഉന്മേഷം നിലനിർത്താനും ഭക്ഷണക്രമവും പോഷകാഹാരവും ഉപയോഗപ്പെടുത്തുന്നതിനുള്ള ചില എളുപ്പവഴികൾ ഇതാ…
ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക: സ്റ്റാമിന നിലനിർത്താനും ശേഷി വർധിപ്പിക്കാനും പ്രോട്ടീൻ സഹായിക്കുന്നു. പ്രോട്ടീൻ പേശികളുടെ തേയ്‌മാനവും പേശീനഷ്‌ടവും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ദൈനംദിന ജീവിതത്തിന് ആവശ്യമായ ആരോഗ്യം ഉണ്ടെന്ന് ഉറപ്പാക്കുന്നു. അതുകൊണ്ടാണ് കായികതാരങ്ങളും വർക്ക്ഔട്ട് ചെയ്യുന്നവരും സ്ഥിരമായി ഭക്ഷണത്തിലൂടെയും സപ്ലിമെന്‍റുകളിലൂടെയും പ്രോട്ടീൻ കഴിക്കുന്നത്.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് പ്രധാനം: കലോറിയില്ലാത്ത വെള്ളം എങ്ങനെ ഊർജം നിലനിർത്തുമെന്ന് തോന്നിയേക്കാം. എന്നാൽ ശരീരത്തിൽ നിർജലീകരണം ഉണ്ടാകുമ്പോൾ അത് ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകും. നേരിയ നിർജലീകരണം പോലും ഒരു വ്യക്തിയുടെ ശാരീരിക മാനസികാവസ്ഥ, ഊർജം, വ്യക്തമായി ചിന്തിക്കാനുള്ള കഴിവ് എന്നിവയെ ബാധിക്കുമെന്ന് കണക്‌ടിക്കട്ട് സർവകലാശാലയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിർജലീകരണം മൂലമുണ്ടാകുന്ന ഏകാഗ്രത കുറവ്, ക്ഷീണം, ഉത്‌കണ്‌ഠ എന്നിവ സ്ത്രീകളെയാണ് കൂടുതലായി ബാധിക്കുക.
കഫീൻ ഉപയോഗം കുറയ്ക്കുക: കഫീൻ പ്രേമികൾ, പ്രത്യേകിച്ച് രാവിലെ കാപ്പിയോ ചായയോ കുടിക്കാതെ ദിവസം തുടങ്ങാൻ കഴിയാത്തവർ, യഥാർഥത്തിൽ വലിയ ക്ഷീണത്തിലേക്ക് അവരെത്തന്നെ തള്ളിവിടുകയാണ് ചെയ്യുന്നത്. കാപ്പി താത്കാലിക ഉത്തേജകമായി പ്രവർത്തിക്കുകയും കുറച്ച് സമയത്തേക്ക് നിങ്ങൾക്ക് ഊർജം നൽകുകയും ചെയ്യുമെങ്കിലും അത് പിന്നീട് പെട്ടന്ന് ഊർജം ഇല്ലാതാകുന്നതിന് കാരണമാകും. മാത്രമല്ല, സിർക്കേഡിയൻ താളം തെറ്റിക്കുന്നതിനും ഉറക്കപ്രശ്‌നങ്ങൾക്കും കഫീൻ കാരണമാകും. അതിനാൽ ഓരോ കപ്പ് കോഫിയ്ക്കും രണ്ട് കപ്പ് വെള്ളം അധികം കുടിക്കുക.
മദ്യപാനം ക്ഷീണത്തിന് കാരണമാകും: ഒരു ഗ്ലാസ് ആൽക്കഹോൾ നിങ്ങളുടെ ഊർജത്തെ പകുതിയാക്കി കുറയ്ക്കും. ആൽക്കഹോൾ നിർജലീകരണത്തിനും ഉറക്കപ്രശ്‌നങ്ങൾക്കും ഭക്ഷണക്രമം തെറ്റിക്കുന്നതിനും മാത്രമല്ല, ഹൃദയമിടിപ്പ് കൂട്ടുകയും ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സ്ട്രെസ് ഹോർമോൺ ആയ എപിനെഫ്രിന്‍റെ അളവ് വർധിപ്പിക്കുയും ചെയ്യും. ഇത് രാത്രികാലത്ത് ഉറക്കം നഷ്‌ടപ്പെടുന്നതിലേക്ക് നയിക്കുമെന്ന് ഹാർവാർഡ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ആരോഗ്യപരമായ ഉറക്കം ലഭ്യമാകണമെങ്കിൽ മദ്യപാനത്തിന്‍റെയും പുകവലിയുടേയും ഉപയോഗം ഒഴിവാക്കുക.
നല്ല ഭക്ഷണം കഴിക്കുക: ജങ്ക് ഫുഡിന്‍റെ ഉപയോഗം, പുറത്തുനിന്നുമുള്ള ഭക്ഷണം കഴിക്കുന്നത്, പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർഥങ്ങളുടെ ഉപയോഗം എന്നിവ ശരീരത്തിലെ പോഷകങ്ങളുടെ അളവ് കുറയ്ക്കുകയും ഭക്ഷണക്രമത്തെ താളം തെറ്റിക്കുകയും ചെയ്യും. പ്രായം, ലിംഗം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയ്ക്ക് അനുസൃതമായി നിർദേശിച്ചിട്ടുള്ള അളവിൽ കലോറി ഉൾപ്പെടുത്തുക. ഭാരം കുറയ്ക്കുന്നതിന് അമിതമായ ഡയറ്റുകൾ ചെയ്യാതിരിക്കുക. ഭക്ഷണം നിങ്ങളുടെ ശരീരത്തിന്‍റെ ഇന്ധനമാണ്. ആവശ്യത്തിന് അളവിലുള്ളതും ഗുണനിലവാരമുള്ളതുമായ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ക്ഷീണം ഉണ്ടാകാൻ സാധ്യത ഏറെയാണ്.
ശരിയായ ഭക്ഷണക്രമത്തിന് ശാരീരിക പ്രവർത്തനങ്ങൾ, മതിയായ ഉറക്കം, സമാധാനം, വിശ്രമം എന്നിവ ആവശ്യമാണ്. പഴങ്ങൾ, പച്ചക്കറി, മാംസം എന്നിങ്ങനെ വിവിധ സ്രോതസ്സുകളിൽ നിന്ന് സുപ്രധാന വിറ്റാമിനുകളും ധാതുക്കളും ലഭ്യമാകും. പ്രായം, ലിംഗഭേദം, ഗർഭം, മുലയൂട്ടൽ ഉൾപ്പെടെയുള്ള മെഡിക്കൽ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ കാരണം ഓരോ വ്യക്തിക്കും ആവശ്യമായ പോഷകാഹാരങ്ങളുടെ അളവ് വ്യത്യാസപ്പെടുന്നു.