രക്തത്തിലെ ഹോമോസിസ്റ്റീൻ എന്ന അമിനോ ആസിഡിന്‍റെ ഉയർന്ന അളവ് ആൽക്കഹോളിക് ഇതര ഫാറ്റി ലിവർ രോഗത്തിന്‍റെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശാസ്‌ത്രജ്ഞർ. രോഗം തടയുന്നതിനോ കാലതാമസം വരുത്തുന്നതിനോ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ ഉപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ. മദ്യം കുടിക്കാത്തവരെ ബാധിക്കുന്ന കരൾ രോഗങ്ങൾ ഉള്ളവർക്ക് ആശ്വാസമാണ് പുതിയ കണ്ടുപിടിത്തം.
ആഗോളതലത്തിൽ പ്രായപൂർത്തിയായവരിൽ 25 ശതമാനത്തെയും സിംഗപ്പൂരിൽ പ്രായപൂർത്തിയായ 10 പേരിൽ നാല് പേരും ആൽക്കഹോളിക് ഇതര ഫാറ്റി ലിവർ രോഗികളാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമുണ്ടാകുന്നത്. തൽഫലമായി രോഗികൾക്ക് കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വരുന്നു. രോഗകാരണം പ്രമേഹവും പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥ വീക്കം, വടുക്കൾ കല (Scar Tissue) രൂപീകരണം എന്നിവയായി മാറുമ്പോൾ അതിനെ നോൺ-ആൽക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH) എന്നറിയപ്പെടുന്നു.
പ്രാരംഭഘട്ടത്തിലെ ചികിത്സ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഭേദപ്പെടുത്താൻ കഴിയുമെങ്കിലും NASH എന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞാൽ കരൾ പ്രവർത്തന തകരാറിനും സിറോസിസിനും കരൾ കാൻസറിനും വരെ കാരണമാകുന്നുവെന്ന് ഡ്യൂക്ക്-എൻയുഎസിന്‍റെ കാർഡിയോവാസ്‌കുലർ & മെറ്റബോളിക് പ്രോഗ്രാമിലെ ശാസ്ത്രജ്ഞ ഡോ. മധുലിക ത്രിപാഠി പറയുന്നു.
നിലവിൽ NASH എന്ന അവസ്ഥയ്ക്ക് ചികിത്സകളൊന്നുമില്ല. ഹോമോസിസ്റ്റൈൻ എന്ന അമിനോ ആസിഡിന്‍റെ രക്തത്തിലെ ഉയർന്ന അളവ് ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും അത് എങ്ങനെയെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
ഡോ. മധുലിക ത്രിപാഠി, ഡോ. ബ്രിജേഷ് സിങ് എന്നിവർ ചേർന്ന് സിംഗപ്പൂർ, ചൈന, ഇന്ത്യ, യുഎസ് എന്നിവിടങ്ങളിലെ മനുഷ്യരിൽ NASH, ഹോമോസിസ്റ്റീൻ എന്നിവ തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചു. കരളിൽ ഹോമോസിസ്റ്റീന്‍റെ അളവ് വർധിക്കുമ്പോൾ വിവിധ കരൾ പ്രോട്ടീനുകളിലെ അമിനോ ആസിഡ് അവയുടെ ഘടന മാറ്റുകയും പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പ്രത്യേകിച്ച്, ഹോമോസിസ്റ്റീൻ സിന്‍റാക്‌സിൻ 17 എന്ന പ്രോട്ടീനുമായി സമ്പർക്കത്തിൽ വരുമ്പോൾ ഇത് പ്രോട്ടീന്‍റെ കൊഴുപ്പ് ഇല്ലാതാക്കൽ, വീക്കം തടയൽ ഉൾപ്പെടെയുള്ള തുടങ്ങിയ പ്രവർത്തനങ്ങൾ തടയുന്നു. ഇത് ഫാറ്റി ലിവർ രോഗത്തെ NASH എന്ന അവസ്ഥയിലേക്ക് നയിക്കും.
എന്നാൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ് എന്നിവ കഴിക്കുന്നത് കരളിൽ സിന്‍റാക്‌സിൻ 17ന്‍റെ അളവ് വർധിപ്പിക്കുകയും ഇത് കൊഴുപ്പ് നീക്കം ചെയ്യുന്നത് വർധിപ്പിക്കുകയും ചെയ്യും. ഇത് NASH എന്ന രോഗാവസ്ഥയിലേക്കെത്തുന്നത് മന്ദഗതിയിലാക്കുമെന്നും കരൾ വീക്കവും ഫൈബ്രോസിസും ഇല്ലാതാക്കുകയും ചെയ്യുമെന്നും ജേണൽ ഓഫ് ഹെപ്പറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
വളരെ ചെലവ് കുറഞ്ഞ ചികിത്സ രീതിയാണ് ഇത് എന്നതിനാൽ തങ്ങളുടെ കണ്ടുപിടിത്തം ചികിത്സ രംഗത്ത് വളരെ പ്രധാനമാണെന്ന് ഡോ. ബ്രിജേഷ് സിങ് പറയുന്നു. ഹോമോസിസ്റ്റീൻ മറ്റ് കരൾ പ്രോട്ടീനുകളെയും ബാധിച്ചേക്കാമെന്നും അതിന്‍റെ കണ്ടെത്തൽ ഗവേഷക സംഘം ഭാവിയിലേക്കുള്ള ഗവേഷണത്തിനായി മാറ്റിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കരൾ മാറ്റിവയ്ക്കൽ മാത്രമാണ് കരൾ രോഗത്തിനുള്ള ഏക ചികിത്സ. എന്നാൽ രോഗികൾക്ക് താങ്ങാനാവുന്നതും ലളിതവുമായ ചികിത്സയ്ക്കാണ് ഡോ.ത്രിപാഠിയുടെയും സഹപ്രവർത്തകരുടെയും ഗവേഷണം വഴിയൊരുക്കുക. ഇത് ഫാറ്റി ലിവർ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് എന്ന് ഡ്യൂക്ക്-എൻയുഎസിലെ റിസർച്ച് സീനിയർ വൈസ് ഡീൻ പ്രൊഫസർ പാട്രിക് കാസി പറഞ്ഞു.