ദേശീയ കുടുംബാരോഗ്യ സര്‍വേ അഞ്ചാം റിപ്പോര്‍ട്ട് പ്രകാരം (2019-21 കാലയളവ്) കേരളത്തിലെ പതിനഞ്ച് വയസ് മുതല്‍ പ്രായമുള്ള 19.9 ശതമാനം പുരുഷന്‍മാര്‍ മദ്യപിക്കും. ഈ പ്രായപരിധിയുള്ള കേരളത്തിലെ 0.2 ശതമാനം സ്ത്രീകളാണ് മദ്യപിക്കുന്നത്. കേരളത്തില്‍ നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് മദ്യപര്‍ കൂടുതലുള്ളത്.
പതിനഞ്ച് വയസുമുതലുള്ള, ഗ്രാമങ്ങളിലെ പുരുഷന്‍മാരില്‍ 21 ശതമാനം പേര്‍ മദ്യപിക്കുമ്പോള്‍ നഗരങ്ങളില്‍ ഇത് 18.7 ശതമാനമാണ്. ഈ പ്രായപരിധിയിലുള്ള സ്ത്രീകളില്‍ ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും കണക്ക് യഥാക്രമം 0.3 ശതമാനവും 0.2ശതമാനവുമാണ്. ദേശീയ ആരോഗ്യ സര്‍വേ അഞ്ചാം റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മദ്യപിക്കുന്ന സംസ്ഥാനം അരുണാചല്‍ പ്രദേശാണ്. 18ശതമാനം സ്ത്രീകളാണ് ഇവിടെ മദ്യം ഉപയോഗിക്കുന്നത്.
രണ്ടാമത് സിക്കിമാണ്(15ശതമാനം). പുരുഷന്‍മാര്‍ ഏറ്റവും കൂടുതല്‍ മദ്യപിക്കുന്ന സംസ്ഥാനം ഗോവയാണ്. ഇവിടെ 59ശതമാനം പുരുഷന്‍മാര്‍ മദ്യപിക്കും. ഗോവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പുരുഷന്‍മാര്‍ മദ്യപിക്കുന്ന സംസ്ഥാനങ്ങള്‍ അരുണാചല്‍ പ്രദേശ്(57ശതമാനം), തെലങ്കാന(50ശതമാനം) എന്നിവയാണ്.
ദേശീയ ശരാശരി : രാജ്യത്തെ 15-49 വയസ് പ്രായപരിധിയിലുള്ള സ്ത്രീകളില്‍ ഒരു ശതമാനമാണ് മദ്യപിക്കുന്നത്. ഈ പ്രായ പരിധിയിലുള്ള പുരുഷന്‍മാരില്‍ 22 ശതമാനം പേര്‍ മദ്യപിക്കും. മദ്യപിക്കുന്ന സ്ത്രീകളില്‍ 17 ശതമാനവും ദിവസേന ഉപയോഗിക്കുന്നവരാണ്.
37 ശതമാനം പേര്‍ ആഴ്‌ചയില്‍ ഒരു ദിവസം മദ്യപിക്കുന്നവരാണ്. രാജ്യത്തെ മദ്യപിക്കുന്ന പുരുഷന്‍മാരില്‍ 15 ശതമാനം പേര്‍ ദിവസവും മദ്യപിക്കുന്നവരാണ്. 43 ശതമാനം പേര്‍ ആഴ്‌ചയില്‍ ഒരു ദിവസം മദ്യപിക്കുന്നവരാണ്. രാജ്യത്തെ മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ മദ്യപിക്കുന്നത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണെന്നും(4ശതമാനം)റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
അഞ്ച് വര്‍ഷത്തില്‍ കുറവ് വിദ്യാഭ്യാസം ലഭിച്ച പുരുഷന്‍മാരില്‍ 33 ശതമാനം മദ്യപിക്കുന്നവരാണ്. ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 34 ശതമാനം പുരുഷന്‍മാരാണ് മദ്യപിക്കുന്നവര്‍. 35-49 പ്രായപരിധിയിലുള്ള പുരുഷന്‍മാരില്‍ 30ശതമാനം പേര്‍ മദ്യപിക്കുന്നവരാണ്.
രാജ്യത്ത് മദ്യപാനം കുറഞ്ഞു : ദേശീയ കുടുംബാരോഗ്യ സര്‍വേ - 4ാം റിപ്പോര്‍ട്ടിനെ(2015-16 കാലയളവ്) അപേക്ഷിച്ച് ദേശീയ കുടുംബാരോഗ്യ സര്‍വെ-5ാം റിപ്പോര്‍ട്ടില്‍(2019-2021 കാലയളവ്) രാജ്യത്തെ മദ്യപിക്കുന്ന പുരുഷന്‍മാരുടെ എണ്ണം കുറഞ്ഞു. 29 ശതമാനത്തില്‍ നിന്നാണ് 22 ശതമാനമായി കുറഞ്ഞത്. അതേസമയം ഈ രണ്ട് സര്‍വേയ്ക്ക് ഇടയിലുള്ള കാലയളവില്‍ മദ്യപിക്കുന്ന സ്ത്രീകളുടെ ശതമാന കണക്കില്‍ വ്യത്യാസമില്ല.
പുരുഷന്‍മാരിലെ മദ്യപാനത്തിനുണ്ടായ ഈ കുറവിന് കാരണങ്ങളിലാണ് കൊവിഡ് ലോക്‌ഡൗണ്‍ കാലത്ത് മദ്യം ലഭ്യമാകാത്തതാണെന്നും വിലയിരുത്തപ്പെടുന്നു. അമിത മദ്യപാനം ഡിഎന്‍എയില്‍ അനാരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുമെന്നും മദ്യപാനം പിന്നീട് ഉപേക്ഷിച്ചാലും ഈ മാറ്റങ്ങള്‍ നിലനില്‍ക്കുമെന്നും ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളില്‍ ഏറ്റവും കുറഞ്ഞ ശതമാനം മദ്യപിക്കുന്ന സംസ്ഥാനങ്ങള്‍: യുപി(0.1ശതമാനം),ബിഹാര്‍(0.1),ഗുജറാത്ത്(0.1ശതമാനം), ലക്ഷദ്വീപ്(0.1ശതമാനം), തമിഴ്‌നാട്(0.1ശതമാനം)
പുരുഷന്‍മാരില്‍ ഏറ്റവും കുറഞ്ഞ ശതമാനം മദ്യപിക്കുന്ന സംസ്ഥാനങ്ങള്‍ : ലക്ഷദ്വീപ്(0.8ശതമാനം), ഗുജറാത്ത്(5.9ശതമാനം), ജമ്മുകശ്‌മീര്‍(10.5ശതമാനം), രാജസ്ഥാന്‍(11.5ശതമാനം), യുപി(16.5ശതമാനം)