സ്‌താനാര്‍ബുദ ചികിത്സയില്‍ നിര്‍ണായക കണ്ടെത്തലുമായി ശാസ്‌ത്രജ്ഞര്‍. സ്‌താനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന തന്മാത്രയെ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി. പരമ്പരാഗത മരുന്നുകള്‍ ഫലം ചെയ്യാത്ത രോഗികളില്‍ തന്മാത്ര ഫലപ്രദമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ERX-11 എന്ന് പേരിട്ടിരിക്കുന്ന തന്മാത്ര ട്യൂമർ കോശങ്ങളുടെ ഈസ്ട്രജൻ റിസപ്റ്ററിലെ പ്രോട്ടീനെതിരെ പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. ടെക്‌സസിലെ സൗത്ത് വെസ്റ്റേൺ സര്‍വകലാശാലയിലെ (യുടി സൗത്ത് വെസ്റ്റേൺ) ഇന്ത്യന്‍-അമേരിക്കന്‍ ഗവേഷക സംഘമാണ് നിര്‍ണായക കണ്ടെത്തലിന് പിന്നില്‍.
പോരായ്‌മകളെ മറികടക്കാം
"ഈ തന്മാത്ര അടിസ്ഥാനപരമായി വ്യത്യസ്‌തമായ ഈസ്ട്രജൻ-റിസപ്റ്റർ-പോസിറ്റീവ് സ്‌തനാർബുദത്തിനുള്ള പുതിയ ക്ലാസ് ഏജന്‍റുകളാണ്," സര്‍വകലാശാലയിലെ സിമ്മൺസ് കാൻസർ സെന്‍ററിലെ പ്രൊഫസറായ ഗണേഷ് രാജ് വിശദീകരിച്ചു. ഇതിലൂടെ നിലവിലുള്ള ചികിത്സകളിലെ പോരായ്‌മകളെ മറിടക്കാന്‍ സാധിക്കും.
ഗവേഷണ പഠനത്തിന്‍റെ ഭാഗമായി സ്‌തനാര്‍ബുദം പരിശോധിച്ചതില്‍ ഏകദേശം 80 ശതമാനവും ഈസ്ട്രജൻ സെൻസിറ്റീവ് ആണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത്തരം കാൻസറുകളെ തമോക്‌സിഫെൻ പോലുള്ള ഹോർമോൺ തെറാപ്പി ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും. എന്നാൽ മൂന്നിലൊന്ന് കാൻസറുകളും പതിയെ ഇത്തരം മരുന്നുകളെ പ്രതിരോധിക്കാന്‍ തുടങ്ങും.
ഗവേഷകരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നം
തമോക്‌സിഫെൻ പോലുള്ള പരമ്പരാഗത ഹോർമോൺ മരുന്നുകൾ ക്യാൻസർ കോശങ്ങളിലെ ഈസ്ട്രജൻ റിസപ്റ്റർ എന്ന തന്മാത്രയുമായി ഒട്ടിച്ചേര്‍ന്ന് ഈസ്ട്രജനെ റിസപ്റ്ററുമായി ബന്ധിപ്പിക്കുന്നത് തടയുന്നു. ഈസ്ട്രജൻ റിസപ്റ്ററിന് കാലക്രമേണ പരിവർത്തനപ്പെടാനും അതിന്‍റെ ആകൃതി മാറ്റാനും കഴിയും. അങ്ങനെ ഇത്തരം ഹോര്‍മോണ്‍ മരുന്നുകള്‍ ഈസ്ട്രജൻ റിസപ്റ്ററുമായി പതിയെ ഒട്ടിച്ചേരാതാകും. ഇത് സംഭവിക്കുമ്പോൾ കാൻസർ കോശങ്ങൾ വീണ്ടും പെരുകാൻ തുടങ്ങും.
"ട്യൂമർ വളർച്ചയ്ക്ക് കാരണമാകുന്ന കോ-റെഗുലേറ്റർ പ്രോട്ടീനുകളുമായി ഇടപഴകുന്നതിൽ നിന്ന് ഈസ്ട്രജൻ റിസപ്റ്ററിനെ തടയുന്ന മരുന്നുകൾ വികസിപ്പിക്കാന്‍ ഗവേഷകര്‍ വര്‍ഷങ്ങളായി പരിശ്രമിക്കുകയാണ്," യുടി സൗത്ത് വെസ്റ്റേൺ പ്രൊഫസർ ഡേവിഡ് മംഗൽസ്ഡോർഫ് പറഞ്ഞു. അത്തരം പ്രോട്ടീൻ-പ്രോട്ടീൻ ഇടപെടലുകൾ തടയുന്നത് ഗവേഷകരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: 'മുലയൂട്ടല്‍, കൂട്ടായ ഉത്തരവാദിത്തം'; മുലയൂട്ടലിനെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍