തിരുവനന്തപുരം : പുതുജീവനേകാന്‍ തുണയാകുന്ന സര്‍ക്കാര്‍ സംരംഭമാണ് 'മൃതസഞ്ജീവനി'. ഇതുവഴിയാണ് സംസ്ഥാനത്ത് മരണാനന്തര അവയവദാനം സാധ്യമാക്കുന്നത്. അവയവമാറ്റ ശസ്ത്രക്രിയക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതും മൃതസഞ്ജീവനി വഴി തന്നെ.
അവയവ കച്ചവടമടക്കമുള്ള വലിയ ചൂഷണങ്ങള്‍ തടയുന്നതിനാണ് പൂർണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം കൈമാറ്റം നടത്തുന്നത്. ഒരാളുടെ ശരീരത്തില്‍ എട്ടുപേരുടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായകമാകുന്ന പ്രധാന അവയവങ്ങളുണ്ട്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന 30ലേറെ ശരീര ഭാഗങ്ങളുമുണ്ട്. സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളാണെങ്കിലും കൃത്യമായ ഏകോപനത്തിലൂടെ ഇവയെ അനായാസമാക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.
അവയവദാനം രണ്ട് രീതിയില്‍ : നിലവില്‍ പ്രധാനമായും രണ്ട് രീതിയിലാണ് അവയവദാനം നടക്കുന്നത്. വൃക്ക, കരള്‍ പോലുള്ള അവയവങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ സാധിക്കും. മറ്റൊന്ന് മരണശേഷമുളള അവയവ ദാനമാണ്. ജീവിച്ചിരിക്കുന്ന കാലത്ത് അവയവദാനത്തിനുള്ള സമ്മതം നല്‍കാം.
ഇതിനായി www.notto.gov.in, www.knos.org.in എന്നീ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യാം. പല സംഘടനകളും ഇപ്പോള്‍ മരണ ശേഷം അവയവ ദാനത്തിനായി സമ്മതപത്രം നല്‍കുന്നത് പ്രോത്സാഹനാർഹമാണ്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്‌താലും മരണാനന്തരം അടുത്ത ബന്ധുക്കളുടെ സമ്മതത്തോട് കൂടി മാത്രമേ അവയവം കൈമാറ്റം ചെയ്യുകയുള്ളൂ.
രണ്ടാമത്തെ രീതി ഒരാളുടെ മരണശേഷം ബന്ധുക്കളുടെ ആവശ്യപ്രകാരം അവയവദാനം നിര്‍വഹിക്കാമെന്നതാണ്. മസ്‌തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് ബന്ധുക്കളുടെ അനുമതിയോടെ അവയവ കൈമാറ്റം നടത്താറുണ്ട്.
മസ്‌തിഷ്‌ക മരണം സംഭവിച്ചാല്‍ അതിവേഗ നടപടി : ഒരു വ്യക്തിക്ക് മസ്‌തിഷ്‌ക മരണം സംഭവിക്കുകയും ബന്ധുക്കള്‍ അവയവ ദാനത്തിന് സമ്മതം അറിയിക്കുകയും ചെയ്‌താല്‍ അതിവേഗ നടപടികളാണ് സ്വീകരിക്കുക. ചികിത്സിക്കുന്ന ഡോക്‌ടർ ആ വിവരം കേരള നെറ്റ്‌വർക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങിന് കൈമാറും. അവയവം സ്വീകരിക്കുന്നതിന് മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്‌ത രോഗികളെ മുന്‍ഗണനാക്രമത്തിലാണ് തിരഞ്ഞെടുക്കുക.
ദാതാവും സ്വീകര്‍ത്താവും തമ്മിലുള്ള രക്തഗ്രൂപ്പ് ചേര്‍ച്ച പരിശോധിക്കും. കൂടാതെ അവയവ ചേര്‍ച്ച പരിശോധിക്കുന്ന ലിംഫോസൈറ്റ് ക്രോസ്‌മാച്ച് ടെസ്റ്റുമുണ്ട്. 25 ശതമാനത്തിലധികം വ്യത്യാസമുണ്ടായാല്‍ അവയവമാറ്റം സാധ്യമല്ല.അവയവങ്ങള്‍ തമ്മില്‍ മാച്ചായാല്‍ ദാതാവില്‍ നിന്നും അവയവങ്ങള്‍ വേര്‍പെടുത്തി സ്വീകര്‍ത്താവില്‍ വച്ചുപിടിപ്പിക്കും.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്കാകും ഒരാളില്‍ നിന്നും വേര്‍തിരിക്കുന്ന അവയവങ്ങള്‍ എത്തിക്കുക. സ്വീകര്‍ത്താവ് ചികിത്സയിലിരിക്കുന്ന ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്ക് ദാതാവിന്‍റെ വിവരം അവിടത്തെ ആശുപത്രി അധികൃതർ കൈമാറും. തുടർന്ന് അവയവമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും.
ഒരു ശരീരത്തില്‍ നിന്നും അവയവം വേര്‍പെടുത്തിയാല്‍ എത്രയും വേഗം സ്വീകര്‍ത്താവിന്‍റെ ശരീരത്തില്‍ വച്ച് പിടിപ്പിക്കുന്നതാണ് അഭികാമ്യം എന്നതിനാലാണിത്. ഹൃദയം മാറ്റിവയ്ക്കലാണ് നടക്കുന്നതെങ്കില്‍ ദാതാവില്‍ നിന്ന് അവയവം വേര്‍പെടുത്തി നാല് മുതല്‍ ആറ് മണിക്കൂറിനകം നിര്‍ദിഷ്‌ട രോഗിയില്‍ വച്ചുപിടിപ്പിച്ചിരിക്കണം.
കരളിനും ശ്വാസകോശത്തിനും ഈ സമയപരിധി തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. വൃക്കകള്‍ക്ക് 12 മണിക്കൂറിനുള്ളിലും സമയപരിധിയുണ്ട്. ദാതാവില്‍ നിന്നെടുക്കുന്ന അവയവം ദൂരെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോകേണ്ടതെങ്കില്‍ പൊട്ടാഷ്യവും ഇലക്ട്രോലെറ്റുമടങ്ങുന്ന ലായനിയിലാക്കി അണുവിമുക്ത ബാഗില്‍ നിറയ്ക്കുന്നു. ആ ബാഗ് ഐസ് ക്യൂബ് നിറച്ച, അണുവിമുക്തമായ രണ്ട് ബാഗുകള്‍ക്കുള്ളിലാക്കി ഐസ് പെട്ടിയിലാക്കിയാണ് കൊണ്ടുപോകേണ്ടത്.
അവയവങ്ങളുടെ മെറ്റബോളിസം കുറയ്ക്കാനാണിങ്ങനെ ചെയ്യുന്നത്. ആശുപത്രിയിലെത്തിക്കുന്ന അവയവം കഴുകി വാം ചെയ്‌ത ശേഷമാകും രോഗിയില്‍ വച്ചുപിടിപ്പിക്കുക. സ്വീകര്‍ത്താവിന്‍റെ രോഗപ്രതിരോധശേഷി കുറച്ച ശേഷമാകും ശസ്ത്രക്രിയ നടത്തുക. സ്വീകരിക്കുന്ന ശരീരം അവയവം പുറന്തള്ളാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
നടക്കുന്നത് വിവിധ വകുപ്പുകളുടെ ഏകോപനം : സംസ്ഥാനത്തെ അവയവദാന പ്രവർത്തനങ്ങള്‍ക്കായി നടക്കുന്നത് വിവിധ വകുപ്പുകളുടെ ഏകോപനമാണ്. ഒരാളുടെ ശരീരത്തില്‍ നിന്നും മാറ്റുന്ന അവയവങ്ങള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്വീകര്‍ത്താക്കള്‍ ചികിത്സയിലുള്ള ആശുപത്രിയിലേക്കാകും എത്തിക്കുക. വേഗത്തില്‍ എത്തിക്കുക പ്രധാനമായതിനാല്‍ യാത്രയ്ക്കായി പൊലീസ് ഗ്രീന്‍ സംവിധാനമാകും ഒരുക്കുക.
റോഡ് മാര്‍ഗം കൂടാതെ സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്തിട്ടുള്ള ഹെലികോപ്‌റ്ററും അവയവങ്ങള്‍ എത്തിക്കാനായി ഉപയോഗിക്കുന്നുണ്ട്.