താനെ: നാല് വർഷങ്ങൾക്ക് മുമ്പ് ചാരിറ്റി സംഘടനയായ അശോക ഫൗണ്ടേഷന്‍റെ പ്രവർത്തകൻ ശിവാജി റാഗ്‌ഡെക്ക് മഹാരാഷ്‌ട്രയിലെ ഉല്ലാസ് നഗറിലെ വഡോൾഗാവിലെ അഴുക്ക് ചാലിൽ നിന്നും ഒരു പ്ലാസ്‌റ്റിക്ക് പൊതി കിട്ടി. മലിനജലത്തിൽ പൊതിഞ്ഞ ആ കവറിനുള്ളിൽ നിർദ്ദയരായ പ്രസവ ശുശ്രൂഷകർ കളഞ്ഞ ഒരു ആണ്‍കുരുന്നുണ്ടായിരുന്നു. മൂക്കിലേക്ക് മലിനജലം കയറിയും വീഴ്‌ചയിൽ തലയ്‌ക്കേറ്റ ഗുരുതര പരിക്കും കുഞ്ഞിന്‍റെ ആരോഗ്യ നിലയെ വഷളാക്കിയിരുന്നു. ജനിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും മുലപ്പാലോ മരുന്നോ ലഭിക്കാതെ ജീവനുവേണ്ടി പിടഞ്ഞ കുരുന്നിനെ റാഗ്‌ഡെ ആശുപത്രിയിലെത്തിച്ചു.
സിനിമാക്കഥയെ വെല്ലുന്ന അതിജീവനം: 2018 ഡിസംബർ 30ന് നടന്ന ഈ സംഭവം മാനവികതയുടെ ഉദാത്ത മാതൃകകളിലൊന്നായി മാറി. കുഞ്ഞിന് അശോക ഫൗണ്ടേഷൻ ചികിത്സ നൽകിയെങ്കിലും തലയിലെ അണുബാധ ഭേദമായില്ല. തുടർചികിത്സ ചെലവേറിയതായതിനാൽ ഒടുക്കം ശിവാജി റാഗ്‌ഡെ അന്നത്തെ എംഎൽഎ ജ്യോതികലാനിയുടെ സഹായം അഭ്യർഥിച്ചു. ജ്യോതികലാനി തുടർചികിത്സക്കായി വാഡിയ ഹോസ്‌പിറ്റലിൽ കുഞ്ഞിനെ പ്രവേശിപ്പിക്കാനുള്ള സൗകര്യം ചെയ്‌തു.
കൈത്താങ്ങായി സന്നദ്ധ സംഘടനകൾ: ഫണ്ട് റൈസിംഗ് എൻജിഒയായ കെറ്റോയുമായി റഗാഡെ കരാർ ഒപ്പിട്ടതാണ് തുടർചികിത്സക്ക് വഴിയൊരുക്കിയത്. വാഡിയ ആശുപത്രിയുടെ പേരിൽ അക്കൗണ്ട് തുറന്ന് 24 മണിക്കൂറിനുള്ളിൽ 10.42 ലക്ഷം രൂപ കുഞ്ഞിന്‍റെ ചെലവിനായി അക്കൗണ്ടിലെത്തി. ശസ്‌ത്രക്രിയ നടത്തുകയും ഏകദേശം നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം 2019 ഏപ്രിൽ അഞ്ചിന് കുഞ്ഞിനെ ഡിസ്‌ചാർജ് ചെയ്‌തു. മരണത്തെ തോൽപ്പിച്ച കുരുന്നിനവർ കടുവ എന്ന് പേരിട്ടു.
തുടർന്ന് മഹിള ബാലകല്യൺ സമിതിയുടെ നിർദേശപ്രകാരം റഗഡെ ദമ്പതികളും പൊലീസും ചേർന്ന് 'കടുവയെ' നവി മുംബൈയിലെ നെരൂളിലുള്ള വിശ്വബാലക് കേന്ദ്രയിൽ പ്രവേശിപ്പിച്ചു. രഗഡെ ദമ്പതികൾക്ക് ആഴ്‌ചയിൽ ഒരിക്കൽ കടുവയെ കാണാൻ ഔദ്യോഗിക അനുമതി ലഭിച്ചു. ഇതിനിടെ രണ്ട് ശസ്ത്രക്രിയകൾ കൂടി കുഞ്ഞ് കടുവ നേരിട്ടു. ആരോഗ്യവാനായ മിടുക്കനായ കുഞ്ഞിന് ഇപ്പോൾ നാല് വയസ് കഴിഞ്ഞു. അനാഥാലയത്തിന്‍റെ ഒറ്റപ്പെടലിൽ നിന്നും കുഞ്ഞ് കടുവ സനാഥത്വത്തിലേക്ക് കടന്നു.
അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക്: കടുവ ഇപ്പോൾ ഇറ്റലിയിലാണ്. ഇറ്റലിയിലെ ഒരു ദമ്പതികൾ കടുവയെ ദത്തെടുക്കാൻ മുന്നോട്ടുവന്നു. കോടതി നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 17 വെള്ളിയാഴ്‌ച ടൈഗർ ഇറ്റലിയിലെ തന്‍റെ പുതിയ വീട്ടിലേക്ക് യാത്ര തിരിച്ചു. ടൈഗറിനെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയ ശിവാജി റാഗ്‌ഡെയേയും ഭാര്യ ജയശ്രീ റാഗ്‌ഡെയേയും ടൈഗറിനെ അവസാനമായി കാണാനും പുതിയ മാതാപിതാക്കളെ കാണാനും ഫെബ്രുവരി 17 ന് വിശ്വ ബാലക് കേന്ദ്രത്തിൽ എത്തിയിരുന്നു.