ന്യൂഡൽഹി: ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷനുകൾ സുഗമമാക്കുന്ന ഇ-സഞ്ജീവനി ആപ്പ് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്‍റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ പ്രതിമാസ 'മൻ കി ബാത്ത്' പ്രക്ഷേപണത്തിൽ സംസാരിച്ച പ്രധാനമന്ത്രി, ഇ-സഞ്ജീവനി സാധാരണക്കാർക്കും ഇടത്തരക്കാർക്കും വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ഉൾപ്പെടെ സമൂഹത്തിന്‍റെ നാനാതുറയിൽ നിന്നുള്ളവർക്ക് ഒരു ലൈഫ് പ്രൊട്ടക്ഷൻ ആപ്പായി മാറുകയാണെന്ന് പറഞ്ഞു.
ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവത്തിന്‍റെ ശക്തിയാണ് ഇത്തരം മുന്നേറ്റങ്ങൾ എന്ന് പറഞ്ഞ മോദി ഡിജിറ്റൽ സാങ്കേതിക വിദ്യകൾ രാജ്യം സ്വീകരിച്ചതിലൂടെ രാജ്യം ത്വരിതഗതിയിലുള്ള മാറ്റങ്ങളിലൂടെ കടന്നു പോവുകയാണെന്ന് പ്രസംഗിച്ചു. ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്‍റ് ഇന്‍റർഫേസും (യുപിഐ) സിംഗപ്പൂരിന്‍റെ പേനൗവും തമ്മിലുള്ള സമീപകാല കരാറും അദ്ദേഹം പരാമർശിച്ചു. ഇത്തരം മാറ്റങ്ങൾ ഇരുരാജ്യങ്ങളിലെയും ആളുകൾക്കിടയിൽ എളുപ്പത്തിൽ പണമിടപാട് സാധ്യമാക്കുന്നു എന്നും കൂട്ടിച്ചേർത്തു.
സ്വച്ഛ് ഭാരത് പദ്ധതി ഒരു ബഹുജന പ്രസ്ഥാനമായി മാറിയെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ നിരവധി ശുചിത്വ രീതികൾ ഇതുമൂലം സ്വീകരിച്ചു എന്നും പ്രസംഗിച്ചു. നമ്മൾ ദൃഢനിശ്ചയം ചെയ്‌താൽ ഒരു വൃത്തിയുള്ള ഇന്ത്യയ്‌ക്കായി നമുക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ആഹ്വാനം ചെയ്‌ത മോദി ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തുന്ന വിവിധ ശ്രമങ്ങളും അദ്ദേഹത്തിന്‍റെ പ്രസംഗത്തിൽ ഉൾപ്പെടുത്തി സംസാരിച്ചു.