വാഷിംഗ്‌ടൺ: കൊവിഡ് 19 രോഗം ബാധിച്ച പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ (പുരുഷ ലൈംഗിക ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ) ഹോർമോണിന്‍റെ അളവ് കുറവാണെങ്കിൽ, വൈറൽ രോഗത്തിനും ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിക്കേണ്ടി വരുന്നതിനും സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. സെന്‍റ് ലൂയിസിലെ വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
വാക്‌സിനുകൾ ലഭ്യമാകുന്നതിന് മുമ്പ് 2020ൽ കൊവിഡ് പോസിറ്റീവായ 723 പുരുഷന്മാരിൽ നടത്തിയ പഠനത്തിലാണ് വിശകലനം നടത്തിയത്. പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ എന്നിവ കൊവിഡ് ബാധിച്ചവരിൽ അപകട സാധ്യതക്ക് കാരണമാകുന്നു. എന്നാൽ, ഇവയ്‌ക്ക് സമാനമായി കുറഞ്ഞ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവും കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കൂട്ടിയേക്കുമെന്നാണ് പഠനങ്ങൾ.
ജെഎഎംഎ നെറ്റ്‌വർക്ക് ഓപ്പൺ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ ഉള്ള പുരുഷന്മാർക്ക് കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഇത് സാധാരണ അളവിൽ ഹോർമോൺ ഉള്ളവർ ആശുപത്രിയിൽ പ്രവേശിക്കുന്നവരേക്കാൾ 2.4 മടങ്ങ് കൂടുതലാണെന്നും പഠനങ്ങൾ വെളിപ്പെടുത്തി.
ഹോർമോൺ റീപ്ലേസ്‌മെന്‍റ് തെറാപ്പി: കുറഞ്ഞ അളവിൽ ടെസ്റ്റോസ്റ്റിറോൺ ഉള്ളവരിൽ ഹോർമോൺ റീപ്ലേസ്‌മെന്‍റ് തെറാപ്പിക്കുശേഷം കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. കുറഞ്ഞ ടെസ്റ്റോസ്റ്റിറോൺ ഉള്ള പുരുഷന്മാരെ ചികിത്സിക്കുന്നത് ഗുരുതരമായ രോഗങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കാനും കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുറയ്‌ക്കാനും സാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
കൊവിഡ് പ്രതിരോധം അടിസ്ഥാനമാക്കിയുള്ള പ്രതിരോധ കുത്തിവെപ്പുകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി പുതിയ വകഭേദങ്ങൾ വൈറസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ കൊവിഡ് പ്രതിസന്ധി തുടരുമെന്നും വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയിലെ മെഡിസിൻ പ്രൊഫസറായ സീനിയർ എഴുത്തുകാരൻ അഭിനവ് ദിവാൻ പറഞ്ഞു. ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് സാധാരണമാണ്. 30 വയസിന് മുകളിലുള്ള പുരുഷന്മാരിൽ മൂന്നിലൊന്ന് വരെ ഇത് കാണപ്പെടുന്നു.
പഠനത്തിലെ കണ്ടെത്തലുകൾ: കൊവിഡ് മൂലമുള്ള ആശുപത്രി വാസം കുറയ്‌ക്കുന്നതിന് ഈ പഠനങ്ങൾ ഒരുപരിധിവരെ സഹായിക്കുന്നു. കൊവിഡ് 19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുരുഷന്മാരിൽ അസാധാരണമാംവിധം ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് കുറവാണ്. എന്നിരുന്നാലും ഗുരുതരമായ രോഗമോ, പരിക്കുകളോ ഹോർമോണിന്‍റെ അളവിൽ വ്യതിയാനത്തിന് കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.