വാഷിങ്ടണ്‍ : യുഎസിലെ മുതിര്‍ന്നവര്‍ക്കിടയില്‍ 42 ശതമാനം പേര്‍ക്കും പൊണ്ണത്തടി ബാധിക്കുന്നതായി പഠനം. ഇത് ഇവരില്‍ പ്രമേഹം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ ആരംഭത്തിന് കാരണമാകുന്നു. അതേസമയം രാത്രിയിലെ അമിത ആഹാരം ഒഴിവാക്കി ലഘുഭക്ഷണക്രമം സ്വീകരിക്കുന്നവര്‍ക്കിടയിലും വൈകിയുള്ള കഴിക്കല്‍ അമിത വണ്ണത്തിന് കാരണമാകുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.
വൈകി ഭക്ഷണം കഴിക്കുന്നത് ഊർജ ചെലവ് കുറയ്ക്കുന്നതിനും വിശപ്പ് വർധിപ്പിക്കുന്നതിനും കൊഴുപ്പ് കോശങ്ങളിലെ മാറ്റത്തിനും കാരണമാകുന്നു. വൈകി ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന സംവിധാനങ്ങള്‍ പരിശോധിക്കാനാണ് തങ്ങള്‍ ഈ പഠനം നടത്തിയതെന്ന് ഇതിന് നേതൃത്വം നല്‍കിയ ഫ്രാങ്ക് എ.ജെ.എൽ ശീർ വ്യക്തമാക്കി. തങ്ങളുടെ തന്നെ മുന്‍ പഠനങ്ങളും മറ്റുള്ളവരുടെ കണ്ടെത്തലുകളും വൈകി ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയതായി ബ്രിഗാംസ് സ്ലീപ്പ് ആന്റ് സർക്കാഡിയൻ ഡിസോർഡേഴ്‌സ് ഡിവിഷനിലെ മെഡിക്കൽ ക്രോണോബയോളജി പ്രോഗ്രാം ഡയറക്‌ടർ കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമയം ഒരു പ്രശ്‌നമാണോ? : മറ്റെല്ലാം സ്ഥിരമായിരിക്കെ നമ്മൾ കഴിക്കുന്ന സമയം പ്രധാനമാണോ ? എന്നതായിരുന്നു പഠനത്തില്‍ തങ്ങള്‍ ഉയര്‍ത്തിയ പ്രധാന ചോദ്യമെന്ന് ഗവേഷണസംഘത്തിലെ മറ്റൊരു പ്രധാന മുഖമായ നൈന വുജോവിച്ച് പറഞ്ഞു. ഭക്ഷണം കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷം വീണ്ടും കഴിക്കുന്നത് വിശപ്പിന്‍റെ അളവിലും, കലോറി എരിച്ചുകളയുന്നതിലും, കൊഴുപ്പ് സംഭരിക്കുന്ന രീതിയിലും കാര്യമായ വ്യത്യാസം വരുത്തുന്നതായി കണ്ടെത്തിയതായും നൈന വുജോവിച്ച് കൂട്ടിച്ചേര്‍ത്തു.
പഠനം നടത്തിയത് ഇങ്ങനെ : ബോഡി മാസ് ഇൻഡക്‌സില്‍ (ബിഎംഐ) അമിതഭാരമോ പൊണ്ണത്തടിയോ ഉള്ള 16 രോഗികളെയാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. ഇവര്‍ ഓരോരുത്തര്‍ക്കും കർശനമായി ഷെഡ്യൂൾ ചെയ്‌ത നേരത്തെയുള്ള ഭക്ഷണ ഷെഡ്യൂളും, അതേ ഭക്ഷണം തന്നെ ദിവസം ഏകദേശം നാല് മണിക്കൂർ കഴിഞ്ഞ് ഷെഡ്യൂൾ ചെയ്‌ത് കൊണ്ടുള്ള രണ്ട് തരം ലബോറട്ടറി നിബന്ധനകളും വച്ചു. ഈ രണ്ട് തരം ലബോറട്ടറി നിബന്ധനകളും തുടങ്ങുന്നതിന് രണ്ട് മുതല്‍ മൂന്ന് ആഴ്‌ചകള്‍ക്ക് മുമ്പ് പങ്കെടുക്കുന്നവര്‍ ചിട്ടയായ ഉറക്കത്തിന്‍റെയും ഉണർവിന്‍റെയും ഷെഡ്യൂളുകൾ പാലിച്ചു. മാത്രമല്ല ലബോറട്ടറി നിബന്ധനകള്‍ പാലിക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ഒരേ ഭക്ഷണക്രമങ്ങളും ഭക്ഷണ ഷെഡ്യൂളുകളും കർശനമായി പാലിച്ചുവെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Also Read:കാൻസറിന് കാരണം അനാരോഗ്യകരമായ ജീവിതശൈലി
പഠനത്തില്‍ പങ്കെടുത്തവരുടെ വിശപ്പും ഭക്ഷണത്തോടുള്ള ആഗ്രഹങ്ങളും പതിവായി രേഖപ്പെടുത്തിയെന്നും ഇടയ്ക്കിടെ രക്ത സാമ്പിളുകൾ ശേഖരിച്ച് അവരുടെ ശരീര താപനിലയും ഊർജ വിനിയോഗവും അളക്കുകയും ചെയ്‌തുവെന്നും ഗവേഷകര്‍ പറഞ്ഞു. പങ്കെടുക്കുന്നവരില്‍ ഭക്ഷണം കഴിക്കുന്ന സമയം അഡിപോജെനിസിസിൽ ഉൾപ്പെട്ടിരിക്കുന്ന തന്മാത്രാ പാതകളെ എങ്ങനെ ബാധിച്ചുവെന്നും, ശരീരം എങ്ങനെ കൊഴുപ്പ് സംഭരിക്കുന്നുവെന്നും രണ്ട് തരം ലബോറട്ടറി നിബന്ധനകളുടെ സമയക്രമങ്ങളിലും അഡിപ്പോസ് ടിഷ്യുവിന്‍റെ ബയോപ്‌സികൾ ശേഖരിച്ചുകൊണ്ട് പഠനവിധേയമാക്കിയെന്നും ഗവേഷകര്‍ അറിയിച്ചു.
ശരീരത്തിന് വരുന്ന മാറ്റങ്ങള്‍ : ഇതുപ്രകാരം വൈകി ഭക്ഷണം കഴിക്കുന്നത് വിശപ്പിനെയും അതിനെ നിയന്ത്രിക്കുന്ന ഹോർമോണുകളായ ലെപ്റ്റിൻ, ഗ്രെലിൻ എന്നിവയെയും ആഴത്തില്‍ സ്വാധീനിക്കുന്നതായി കണ്ടെത്തി. ഭക്ഷണം കഴിക്കുമ്പോഴുള്ള സംതൃപ്‌തിയുടെ സൂചന നൽകുന്ന ലെപ്റ്റിൻ എന്ന ഹോർമോണിന്‍റെ അളവ് വൈകി ഭക്ഷണം കഴിക്കുന്നവരില്‍ വളരെയധികം കുറഞ്ഞതായും പിന്നീട് ഭക്ഷണം കഴിക്കുമ്പോള്‍ ഇവരില്‍ കുറഞ്ഞ നിരക്കിൽ മാത്രമാണ് കലോറി കത്തിതീരുന്നതെന്നും, ഇവരില്‍ കൊഴുപ്പ് വളർച്ച കൂടുന്നതായും വ്യക്തമായതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.