ലക്ഷങ്ങളുടെ ജീവനെടുത്ത കൊവിഡ് മഹാമാരിക്ക് പിന്നാലെ നൈജീരിയയില്‍ ലസ്സ പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) റിപ്പോര്‍ട്ട് അനുസരിച്ച് 2022 ജനുവരി 3 മുതൽ 30 വരെ 40 മരണങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മൊത്തം റിപ്പോര്‍ട്ട് ചെയ്ത കേസിന്‍റെ 19 ശതമാനമാണ് മരണനിരക്ക്. 211 പേര്‍ക്കാണ് ഈ കാലയളവില്‍ രോഗം സ്ഥിരീകരിച്ചത്. യഥാർഥത്തില്‍ എന്താണ് ലസ്സ പനി ? അത് എത്രമാത്രം ഗൗരവമുള്ളതാണ് ? തുടങ്ങിയ കാര്യങ്ങളാണ് ചുവടെ പറയുന്നത്.
എന്താണ് ലസ്സ പനി?
ഇത് ഒരു വൈറൽ പനിയാണ്. മാസ്റ്റോമിസ് എലികളാണ് പ്രധാന രോഗ വാഹകര്‍. വൈറസ് ബാധയുള്ള എലികളുടെ ഇടപഴകലിനെ തുടര്‍ന്ന്, ഭക്ഷണത്തിലൂടെയും വീട്ടുപകരണങ്ങളിലൂടെയും ഇവ പകരാം. എലികളുടെ വിസര്‍ജ്യങ്ങളിലൂടെ വൈറസ് പുറന്തള്ളപ്പെടും.
രോഗബാധിതരുടെ രക്തം, സ്രവങ്ങൾ, എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാം. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് രോഗം പകരുമെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രോഗം എത്രയും പെട്ടെന്ന് കണ്ടെത്തി ചികിത്സ നല്‍കുകയും സമ്പര്‍ക്കം കുറയ്ക്കുകയുമാണ് പ്രധാനമായും രോഗം പകരാതിരിക്കാനുള്ള മാര്‍ഗം. ചികിത്സയിലൂടെ രോഗിയെ രക്ഷിക്കാനാകും.
വൈറസ് ബാധിച്ചാൽ ഒന്ന് മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് ഇൻഫെക്ഷൻ (സിഡിസി) റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 80 ശതമാനം രേഗികളിലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. നേരിയ പനി, ക്ഷീണം, തലവേദന തുടങ്ങിയവയാണ് പ്രധാനമായും ലക്ഷണങ്ങളായി കണ്ടുവരുന്നത്.
രോഗബാധിതരായ 20% ആളുകളിൽ, രക്തസ്രാവം (മോണ, കണ്ണ്, മൂക്ക് എന്നിവയില്‍ നിന്നും), ശ്വാസതടസ്സം, ഛർദ്ദി, മുഖത്തെ വീക്കം, നെഞ്ച്, പുറം, വയറുവേദന എന്നിവ ഉൾപ്പടെയുള്ള ഗുരുതരമായ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. കേൾവിക്കുറവ്, വിറയൽ, എൻസെഫലൈറ്റിസ് എന്നിവയുൾപ്പടെയുള്ള നാഡീസംബന്ധമായ പ്രശ്നങ്ങളും ചിലരില്‍ കണ്ടിട്ടുണ്ട്. ഒന്നിലധികം അവയവങ്ങളുടെ തകരാർ മൂലം രണ്ട് ആഴ്ചക്കുള്ളില്‍ രോഗി മരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
പ്രധാന പ്രശ്നങ്ങള്‍
ലസ്സ പനിയുടെ ഏറ്റവും സാധാരണമായ പ്രശ്നം കേള്‍വി ശക്തി കുറയുന്നതാണ്. ഓരോ മൂന്ന് വ്യക്തിയിലും ഒരാൾക്ക് കേൾവിക്കുറവ് അനുഭവപ്പെടുന്നു. ചില സന്ദർഭങ്ങളിൽ പ്രശ്നം ഗുരുതരമാണ്.
ചികിത്സ എങ്ങനെ
റിബാവിറിൻ എന്ന ആൻറിവൈറൽ മരുന്ന് ഉപയോഗിച്ചാണ് ചികിത്സ. കൂടാതെ വിദഗ്ധ ചികിത്സയും, ഓക്സിജന്‍ നിയന്ത്രണവും രക്ത സമ്മര്‍ദ്ദത്തിന്‍റെ നിരീക്ഷണവും അണുബാധ നിയന്ത്രിക്കാനുള്ള മറ്റ് ചികിത്സകളും രോഗിക്ക് നല്‍കണമെന്നും സിഡിസി പറയുന്നു.
രോഗവ്യാപന നിയന്ത്രണം സാധ്യമോ ?
എലികളുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് ലസ്സ വൈറസ് ബാധ തടയാനുള്ള ഏക പോംവഴി. രോഗബാധിതരുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കുക, വീട്ടിലും പരിസരങ്ങളിലും ശരിയായ ശുചിത്വം പാലിക്കുക തുടങ്ങിയവ പ്രധാനമാണ്. എലി വീട്ടില്‍ പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീട് വൃത്തിയായി സൂക്ഷിക്കുകയും വേണം.
ലസ്സ പനി ബാധിച്ച രോഗികളെ പരിചരിക്കുമ്പോൾ രോഗിയുടെ സ്രവങ്ങളുമായുള്ള സമ്പർക്കത്തിനെതിരായ പ്രതിരോധ മുൻകരുതലുകൾ എടുക്കുന്നത് പ്രധാനമാണ്. മാസ്കുകൾ, കയ്യുറകൾ, ഗൗണുകൾ, കണ്ണടകൾ എന്നിവ പോലുള്ള സംരക്ഷണ വസ്ത്രങ്ങൾ ധരിക്കുന്നതും രോഗ നിയന്ത്രണത്തിന് നല്ലതാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.