ലോകത്തെവിടെ പോയാലും മുട്ടയും അനുബന്ധ വിഭവങ്ങളും ഇഷ്‌ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. വ്യത്യസ്‌ത പേരുകളിൽ മുട്ട വിഭവങ്ങൾ സുലഭമാണ്. ഒക്‌ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്‌ച ലോക മുട്ട ദിനമായാണ് ആചരിക്കുന്നത്.
1996ൽ വിയന്നയിൽ നടന്ന കോൺഫറൻസിലാണ് അന്താരാഷ്‌ട്ര എഗ്ഗ് കമ്മിഷൻ മുട്ട ദിനം ആചരിക്കാൻ തീരുമാനിക്കുന്നത്. ഉത്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനും സമീകൃതാഹാരത്തിന്‍റെ ഭാഗമായി ഇതിന്‍റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അന്താരാഷ്‌ട്ര എഗ്ഗ് കമ്മിഷൻ രൂപീകരിക്കപ്പെട്ടത്.
പല രാജ്യങ്ങളും ലോക മുട്ട ദിനത്തിൽ സൗജന്യ വിതരണം, അതിന്‍റെ ഗുണങ്ങൾ പ്രചരിപ്പിക്കൽ, സ്‌കൂൾ കുട്ടികൾക്ക് അത് കഴിക്കുന്നതിന്‍റെ ഗുണങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കല്‍ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
രുചിയും ഗുണങ്ങളും ഒരുപോലെ അടങ്ങിയ ഭക്ഷണമാണ് മുട്ട. പല രുചികരമായ വിഭവങ്ങളിലും ഇത് ഒരു പ്രധാന സ്ഥാനം വഹിക്കുന്നു. പ്രോട്ടീന്‍റെ ഉറവിടമായ മുട്ടയിൽ കലോറി കുറവാണ്. ആരോഗ്യത്തിന് ആവശ്യമായ ധാതുക്കളും വിറ്റാമിൻ ബി, ഡി എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ബയോഡീഗ്രേഡബിൾ പ്രൊട്ടക്‌ടീവ് കണ്ടെയ്‌നറുകളാണ് പുറംതോട്.
മുട്ട മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പ്രോട്ടീൻ കുറവുള്ള രോഗികളോട് ഇത് കഴിക്കാനാണ് ഡോക്‌ടർമാർ ആദ്യം നിർദേശിക്കുക. ദിവസവും ഒരു മുട്ട കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. പക്ഷേ മതിയായ വ്യായാമം പിന്‍തുടരേണ്ടതുണ്ട്. കൊളസ്‌ട്രോൾ ധാരാളമായി അടങ്ങിയിട്ടുണ്ടെങ്കിലും പലതരം പോഷകങ്ങളുടെയും ഉറവിടമാണ് മുട്ട.
ദിവസവും ഇത് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണോ എന്നത് സംബന്ധിച്ച് മിശ്രാഭിപ്രായമുണ്ട്. 2018ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചൈനയിൽ പ്രതിദിനം അര ലക്ഷത്തോളം ആളുകൾ മുട്ട കഴിക്കുന്നതായി പറയുന്നു. ദിവസവും കഴിക്കുന്നവരേക്കാൾ കഴിക്കാത്തവർക്ക് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു.
മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നതിൽ പഠനം നടക്കുകയാണ്. ഇത് മിതമായ അളവിൽ കഴിക്കുന്നവരുടെ രക്തത്തിൽ ശരീര വളര്‍ച്ചയ്ക്ക് സഹായിക്കുന്ന അപ്പോലിപ്പോപ്രോട്ടീൻ എ1 അടങ്ങിയിരിക്കുന്നു. ലിപ്പോപ്രോട്ടീൻ എന്നും ഇത് അറിയപ്പെടുന്നു.
ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്‌ക്കാനും രക്തധമനികളിൽ അത് അടിഞ്ഞുകൂടി ഉണ്ടാകുന്ന തടസം ഒഴിവാക്കാനും സഹായിക്കുന്നു. ഇത് വഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയുന്നുവെന്നും ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.