ഹൈദരാബാദ് : ഇന്ത്യയിലെ മിക്ക വീടുകളിലേയും ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് തുവര പരിപ്പ്. എന്നാൽ, ഭൂരിഭാഗം ഇന്ത്യക്കാരും തുവര പരിപ്പ് ഉപയോഗിക്കുന്ന രീതി മികച്ച ഒന്നായിരിക്കില്ലെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്‍റർനാഷണൽ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സെമി-അരിഡ് ട്രോപിക്‌സ് (International Crops Research Institute for the Semi-Arid Tropics-ICRISAT) നടത്തിയ പഠനത്തിൽ തുവര പരിപ്പ് ആരോഗ്യകരമായ പോഷകങ്ങളുടെ വളരെ വലിയ ഉറവിടമാണെന്നും എന്നാൽ, അതുപോലെ തന്നെ അതിന്‍റെ തോടും പോഷകങ്ങളാൽ സമ്പന്നമാണെന്നും കണ്ടെത്തി.
പോഷക ഗുണങ്ങൾ പരിപ്പിന്‍റെ തോടിനും : എന്നാൽ, തോട് പൊതുവേ നമ്മൾ നീക്കം ചെയ്യാറാണ് പതിവ്. നീണ്ട തോടിനകത്തെ വിത്തുകൾ വിഭജിച്ചാണ് പരിപ്പാക്കി മാറ്റുന്നത്. നീക്കം ചെയ്യുന്ന തോടിൽ ഏകദേശം 10 ശതമാനം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നീക്കം ചെയ്യുന്ന തോടുകൾ ഉപേക്ഷിക്കുകയോ, കന്നുകാലികൾക്ക് നൽകുകയോ ആണ് ചെയ്യാറുള്ളത്.
ഗവേഷകർ നടത്തിയ പഠനങ്ങൾ : പഠനത്തിനായി, ഐസിആർഐഎസ്‌എടി ഗവേഷകർ 2019 നും 2020 നും ഇടയിൽ കൃഷി ചെയ്‌ത ദക്ഷിണേഷ്യൻ ഉത്ഭവമുള്ള 200 ഇനങ്ങളിൽ 60 ഓളം തുവര പരിപ്പ് വർഗങ്ങൾ ഉപയോഗിച്ചു. ഈ പയർവർഗത്തിന്‍റെ തോടിൽ കാല്‍സ്യം അംശം വളരെ കൂടുതലാണെന്ന് ഗവേഷണത്തിൽ കണ്ടെത്തി. പാലിനേക്കാൾ അഞ്ച് മടങ്ങ് ഉയർന്നതാണിത്. മാത്രമല്ല, തോടിലെ പ്രോട്ടീന്‍റെ അളവ് ഗണ്യമായി ഉയർന്നതാണ്.
പഠന റിപ്പോർട്ടുകൾ : സർവേയിൽ വെളിപ്പെടുത്തിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 100 മില്ലി പാലിൽ ഏകദേശം 120 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. അതേസമയം, 100 ഗ്രാം പയർവർഗങ്ങളിൽ 652 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് അരി, ഗോതമ്പ്, ബാർലി എന്നിവയേക്കാൾ വളരെ കൂടുതലാണ്.
2020ൽ രാജ്യത്ത് 3.89 ദശലക്ഷം ടൺ പയർവർഗങ്ങൾ വിളവെടുത്തെങ്കിലും 0.39 ദശലക്ഷം ടൺ പാഴായെന്നും പഠനത്തിൽ വെളിപ്പെടുത്തി. 2,542 ടൺ കാൽസ്യമാണ് പാഴായത്. ഇത് ഒഴിവാക്കിയാൽ, ഏകദേശം 69 ലക്ഷം ആളുകൾക്ക് പ്രതിദിനം 1000 മില്ലിഗ്രാം കാൽസ്യം ലഭിക്കുമെന്നും പഠന റിപ്പോർട്ടുകൾ.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് : അന്താരാഷ്‌ട്ര മാനദണ്ഡങ്ങൾ അനുസരിച്ച്, ഓരോ മനുഷ്യനും പ്രതിദിനം 800-1000 മില്ലിഗ്രാം കാൽസ്യം കഴിക്കണം. എന്നിരുന്നാലും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മിക്ക ഇന്ത്യക്കാർക്കും അവരുടെ ഭക്ഷണത്തിലൂടെ ഒപ്‌റ്റിമൽ പോഷണം ലഭിക്കുന്നില്ല എന്നാണ്. തൽഫലമായി, ചെറിയ കുട്ടികൾ ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുന്നു. അതേസമയം, മുതിർന്നവർക്കും പേശികളും ശരീരവേദനയും പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഓസ്റ്റിയോപൊറോസിസ് : അസ്ഥിയിലെ ധാതു സാന്ദ്രത. ശോഷണത്താൽ എല്ലുകൾ അസാധാരണമായി പെട്ടെന്ന് ഒടിയുകയും പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.
പോഷകങ്ങളുടെ ഉറവിടമാണ് തുവര പരിപ്പ്. അതുപോലെ തന്നെ പോഷക സമൃദ്ധമാണ് തുവര പരിപ്പിന്‍റെ തോടിനും. ആരോഗ്യകരമല്ലാത്ത രീതിയിലാണ് ഇന്ത്യക്കാർ തുവര പരിപ്പ് കഴിക്കുന്നതെന്നാണ് ഐസിആർഐഎസ്‌എടി പഠനത്തിന്‍റെ വിലയിരുത്തൽ.