ഇന്ത്യക്കാർക്ക് പൊതുവേ ദക്ഷിണേന്ത്യക്കാർക്ക് തങ്ങളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കറിവേപ്പില. ഭക്ഷണത്തില്‍ രുചിയും സുഗന്ധവും വർധിപ്പിക്കുന്നു എന്നതിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളാണ് കറിവേപ്പിലക്കുള്ളത്. ദിവസവും ഭക്ഷണത്തിൽ കറിവേപ്പില ഉൾപ്പെടുത്തുന്നവർക്ക് അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങൾ വരാനുള്ള സാധ്യതകൾ കുറയുമെന്നാണ് വിശ്വാസം.
കറിവേപ്പിലയുടെ കൂടുതൽ ഗുണങ്ങൾ അറിയാം...
കറിവേപ്പില ഇന്ത്യയിൽ ആരോഗ്യത്തിന്‍റെ ഒരു നിധിയായാണ് അറിയപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കറിവേപ്പില അധികമായി ഉപയോഗിക്കുന്നതെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും കറിവേപ്പില ഉപയോഗിച്ചുവരുന്നുണ്ട്. കറിവേപ്പിലയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് ആയുർവേദവും പല രോഗങ്ങൾക്കുള്ള മരുന്നായി ഇതിനെ ഉപയോഗിക്കുന്നുണ്ട്.
പോഷക സമൃദ്ധം കറിവേപ്പില
ഇരുമ്പ്, ഫോസ്‌ഫറസ്, വിറ്റാമിൻ എ, വിറ്റാമിൻ ബി2, ബി6, ബി12, കാൽസ്യം, ഇരുമ്പ്, സിങ്ക്, വനേഡിയം തുടങ്ങിയ പോഷകങ്ങൾ കറിവേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. നാഷണൽ സെന്‍റർ ഓഫ് ബയോടെക്നോളജി ഇൻഫർമേഷൻ (എൻസിബിഐ) പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിൽ ഡൈക്ലോറോമീഥെയ്ൻ, എഥൈൽ അസറ്റേറ്റ്, മഹാനിബൈൻ (ആൽക്കലോയ്‌ഡ്) തുടങ്ങിയ മൂലകങ്ങൾ കറിവേപ്പിലയിൽ കാണപ്പെടുന്നു എന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ആന്‍റിഓക്‌സിഡേറ്റീവ്, ആന്‍റി അനീമിയ, ആന്‍റി ഡയബറ്റിക് ഗുണങ്ങളും ഇതിൽ കാണപ്പെടുന്നെന്നും പഠനത്തിൽ വ്യക്‌തമാക്കുന്നു.
കറിവേപ്പിലയുടെ ഗുണങ്ങൾ
ആന്തരിക ഉപഭോഗത്തിന് പുറമെ കറിവേപ്പില ബാഹ്യ ഉപയോഗത്തിനും ഉപയോഗിക്കുന്നുണ്ട്. അതിന്‍റെ ചില ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് കർണാടകയിലെ മൈസൂർ സ്വദേശിയായ പോഷകാഹാര വിദഗ്‌ധ മീനാക്ഷി ഗൗഡ.
- ശരീരത്തിൽ രക്തം കുറവുള്ള അവസ്ഥയിൽ കറിവേപ്പില കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. ഇരുമ്പ് ഉൾപ്പെടെയുള്ള ധാതു ഘടകങ്ങൾ കറിവേപ്പിലയിൽ ധാരാളമായി കാണപ്പെടുന്നുണ്ട്. ഇത് ശരീരത്തിലെ രക്തത്തിന്‍റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ അനീമിയ എന്ന പ്രശ്‌നത്തിന് ഇത് പരിഹാരം കാണുന്നു.
- കറിവേപ്പിലയ്ക്ക് ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ കറിവേപ്പില സ്ഥിരമായി കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു.
- ഹെപ്പറ്റോപ്രൊട്ടക്റ്റീവ് ഗുണങ്ങളുള്ളതിനാൽ കരളിന്‍റെ ആരോഗ്യം നിലനിർത്താനും ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും കറിവേപ്പിലയ്ക്ക് സാധിക്കും.
- കറിവേപ്പില കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ (സിവിഡി) കുറയ്ക്കുന്നതിനും സഹായകമാകും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റിഓക്‌സിഡേറ്റീവ് ഗുണങ്ങൾ കറിവേപ്പിലയ്ക്കുണ്ട്. അതേസമയം ഇതിലെ ആന്‍റിഓക്‌സിഡേറ്റീവ് ഗുണങ്ങൾ ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ സിവിഡി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
- ആയുർവേദത്തിൽ കറിവേപ്പില ചില ഔഷധങ്ങളിലും എണ്ണകളിലും ഒരു പ്രധാന ഘടകമായി ഉപയോഗിക്കാറുണ്ടെന്ന് ഡോ. മീനാക്ഷി പറയുന്നു.
- ഗർഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ സ്ത്രീകളിലെ ഛർദ്ദി, ഓക്കാനം എന്നീ പ്രശ്‌നങ്ങൾക്കും കറിവേപ്പില മികച്ച മരുന്നായി പ്രവർത്തിക്കുന്നു.
- കറിവേപ്പിലയിൽ ആന്‍റിബയോട്ടിക്, ആന്‍റിഫംഗൽ ഗുണങ്ങൾ കാണപ്പെടുന്നു. ഇത് പല അണുബാധകളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.
- കറിവേപ്പില പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
- ആന്‍റിഓക്‌സിഡന്‍റുകൾ ധാരാളമായി ഉള്ളതിനാൽ ഇത് ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇന്ന് നമ്മുടെ വിപണിയിൽ ലഭ്യമായ നിരവധി ക്രീമുകൾ, ഫേസ് വാഷ്, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയിലും കറിവേപ്പിലയുടെ സത്ത് ഉപയോഗിക്കുന്നുണ്ട്.
- നമ്മുടെ മുടിയുടെ ആരോഗ്യത്തിനും കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഹെയർ പാക്ക്, എണ്ണ മുതലായവയുടെ രൂപത്തിലും കറിവേപ്പില ഉപയോഗിക്കുന്നുണ്ട്. പേൻ പ്രശ്‌നം പരിഹരിക്കാൻ സഹായിക്കുന്ന ഷാംപൂകളിലെ പ്രധാന ഘടകമായും കറിവേപ്പില ഉപയോഗിക്കുന്നുണ്ട്.
കറിവേപ്പില കഴിക്കുന്നത് സുരക്ഷിതമാണെന്നും അത് നമ്മുടെ ആരോഗ്യത്തെ ഒരു വിധത്തിലും ദോഷകരമായി ബാധിക്കില്ലെന്നും ഡോ. മീനാക്ഷി പറയുന്നു. ഇനി കറിവേപ്പിലയുടെ ഉപയോഗം മൂലം അലർജി പോലുള്ള എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽ എത്രയും പെട്ടന്ന് തന്നെ ഡോക്‌ടറെ സമീപിക്കണമെന്നും ഡോ. മീനാക്ഷി കൂട്ടിച്ചേർത്തു.