ആർത്തവവിരാമ സമയത്ത് സ്ത്രീകൾക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രധാന പ്രശ്‌നമാണ് 'ഹോട്ട് ഫ്ലാഷുകൾ'. എന്നാൽ ഈ പ്രശ്‌നം സ്‌ത്രീകളിൽ മാത്രമല്ല പുരുഷൻമാരിലും കാണാറുണ്ട്. ചില മരുന്നുകൾ, ചികിത്സകൾ അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ ഉണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ കാരണമാണ് പ്രധാനമായും സ്ത്രീകൾക്കും പുരുഷന്മാർക്കും ഹോട്ട് ഫ്ലാഷുകൾ അനുഭവപ്പെടുന്നത്.
ചൂട്, വിയർപ്പ്, അസ്വസ്ഥത തുടങ്ങി കനത്ത വേനൽക്കാലത്ത് അനുഭവപ്പെടുന്ന എല്ലാ പ്രത്യാഘാതങ്ങളും തീവ്രമായ രൂപത്തിൽ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ് ഹോട്ട് ഫ്ലാഷ് എന്നത്. ഹോട്ട് ഫ്ലാഷ് ഉള്ള വ്യക്‌തി ശൈത്യകാലത്ത് പോലും പലപ്പോഴും വിയർപ്പിൽ നനഞ്ഞേക്കാം. സ്ത്രീകളിൽ പെറി-മെനോപോസ് മുതൽ ആർത്തവവിരാമത്തിനു ശേഷമുള്ള കാലഘട്ടം വരെ ഈ പ്രശ്‌നം സാധാരണയായി കാണപ്പെടുന്നു.
സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് ശരീരത്തിലെ എൻഡോക്രൈൻ, ഈസ്ട്രജൻ തുടങ്ങിയ ചില ഹോർമോണുകളുടെ അളവിൽ അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. ഇത് കാരണം ശരീരത്തിലെ അമിതമായ ചൂട് ശരീരത്തിന്‍റെ താപനില പലതവണ വർധിപ്പിക്കുന്നു. അമിതമായ വിയർപ്പ്, പരിഭ്രമം, ശരീരത്തിൽ വരൾച്ച തുടങ്ങിയവ ലക്ഷണങ്ങളും ഉണ്ടാകുന്നു. ഹോർമോണുകളുടെ അസന്തുലിതാവസ്ഥ കാരണം സമ്മർദവും മറ്റ് ശാരീരികവും പെരുമാറ്റപരവുമായ പ്രശ്‌നങ്ങളും ഈ കാലയളവിൽ സ്ത്രീകളിൽ കാണപ്പെടുന്നു.
ഹോട്ട് ഫ്ലാഷ് പുരുഷൻമാരിലും: സ്ത്രീകളിൽ ആർത്തവവിരാമ സമയത്ത് മാത്രമല്ല ഹോട്ട് ഫ്ലാഷുകളുടെ പ്രശ്‌നം കാണപ്പെടുക. അതേസമയം സ്ത്രീകളിൽ മാത്രമല്ല ഹോർമോണുകളുടെ അസന്തുലിതാവസ്ഥയിൽ പുരുഷന്മാരിലും ഈ പ്രശ്‌നം കാണപ്പെടാറുണ്ട്. പുരുഷന്മാരിൽ പ്രത്യേകിച്ച് സെക്‌സ് ഹോർമോൺ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്‍റെ അളവ് കുറയുമ്പോഴാണ് ഹോട്ട് ഫ്ലാഷുകളുടെ പ്രശ്‌നമുണ്ടാകാറുള്ളത്.
സ്ത്രീകളിലും പുരുഷൻമാരിലും സെക്‌സ് ഹോർമോണുകളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ ശരീരത്തിലെ 'പിത്തദോഷ'ത്തിന്‍റെ ആധിപത്യത്തോടൊപ്പം 'വാത ദോഷ'വും ആരംഭിക്കുമെന്ന് മുംബൈയിലെ ആയുർവേദ ഫിസിഷ്യൻ ഡോ. മനീഷ കാലെ പറയുന്നു. സ്ത്രീകളിലാണ് ഇതിന്‍റെ ഫലം കൂടുതൽ കാണുന്നത്. ഈ അവസ്ഥയിൽ സ്ത്രീകൾക്ക് ചിലപ്പോൾ പെട്ടെന്ന് ശരീരത്തിൽ ചൂട് വർധിക്കുകയും, ശ്വാസംമുട്ടൽ, അസ്വസ്ഥത, ചർമ്മത്തിൽ വരൾച്ച എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു.
ചിലപ്പോൾ ഹോട്ട് ഫ്ലാഷിന്‍റെ പ്രഭാവം വളരെ തീവ്രമായേക്കാം. എയർ കണ്ടീഷനിങ് ഉള്ള ഒരു മുറിയിലോ ഫാനിന്‍റെ ചുവട്ടിലോ ഇരിക്കുമ്പോൾ പോലും നിങ്ങൾക്ക് അത്യധികം ചൂട് അനുഭവപ്പെടാം. ഹോട്ട് ഫ്ലാഷിൽ മുഖം, കഴുത്ത്, ചെവി, നെഞ്ച് തുടങ്ങിയ ശരീരത്തിന്‍റെ മിക്ക ഭാഗങ്ങളിലും ചൂട് അനുഭവപ്പെടുകയും കൂടുതൽ വിയർക്കുകയും ചെയ്യും. ഇതുകൂടാതെ വിരലുകളിൽ ഇക്കിളി ഉണ്ടാകുക, ഓക്കാനം, ഹൃദയമിടിപ്പ് വർധിക്കൽ തുടങ്ങിയ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്.
സ്ത്രീകളിലെയും പുരുഷന്മാരിലെയും ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് നിരവധി കാരണങ്ങളുണ്ടാകാം. ഇത് ഹോട്ട് ഫ്ലാഷുകൾക്ക് കാരണമാകുമെന്ന് ഡോക്‌ടർ മനീഷ വിശദീകരിക്കുന്നു. അവയിൽ ചിലത് ഇനി പറയുന്നവയാണ്:
- ശക്തമായ ആന്‍റിബയോട്ടിക്കുകൾ അല്ലെങ്കിൽ സ്റ്റിറോയിഡുകൾ അടങ്ങിയ ചില ഫാസ്റ്റ് ആക്‌ടിങ് മരുന്നുകളുടെ ഉപയോഗം കാരണം.
- സങ്കീർണമായ ഏതെങ്കിലും രോഗം അല്ലെങ്കിൽ കീമോതെറാപ്പി മുതലായ ചികിത്സകൾ കാരണം.
- ചൂടുള്ള മസാലകൾ, മുളക്, അമിതമായ എണ്ണയിൽ ഉണ്ടാക്കുന്ന ഭക്ഷണം അല്ലെങ്കിൽ വറുത്ത ഭക്ഷണം എന്നിവയുടെ ഉപഭോഗം കാരണം.
- ഏതെങ്കിലും തരത്തിലുള്ള ഭക്ഷണ അലർജി കാരണം.
- അമിതമായ കോപം അല്ലെങ്കിൽ ഭയം മൂലമുള്ള ഉത്കണ്ഠ, അസ്വസ്ഥത തുടങ്ങിയവ കാരണം.
- തൈറോയ്‌ഡ് ഹോർമോണുകളുടെയും ഹൈപ്പർതൈറോയിഡിസത്തിന്‍റെയും അസന്തുലിതാവസ്ഥ കാരണം.
- അമിതമായ മദ്യപാനം, കഫീൻ, പുകവലി എന്നിവ കാരണം
ഇവ കൂടാതെ സ്‌ത്രീകളിൽ ഗർഭാവസ്ഥയുടെ ആദ്യത്തെ ആറു മാസങ്ങളിൽ ശരീരത്തിലുണ്ടാകുന്ന നിരന്തരമായ മാറ്റങ്ങൾ മൂലവും ഈ പ്രശ്‌നം ഉണ്ടാകാമെന്ന് ഡോക്‌ടർ മനീഷ പറയുന്നു.
പൂർണമായും മാറില്ല: ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ കാണുന്നത് സ്വാഭാവികമാണെന്നും മിക്ക കേസുകളിലും അവ പൂർണ്ണമായും ഒഴിവാക്കാൻ കഴിയില്ലെന്നും ഡോ. മനീഷ വിശദീകരിക്കുന്നു. ഹോർമോൺ തെറാപ്പിയിലൂടെയും മറ്റ് ചില ചികിത്സ രീതികളിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാമെങ്കിലും, ചികിത്സയും അതിന്‍റെ വിജയവും പൂർണ്ണമായും ഹോട്ട് ഫ്ലാഷ് പ്രശ്‌നത്തിന്‍റെ കാരണത്തെ ആശ്രയിച്ചിരിക്കുന്നു.
ഇവ ശ്രദ്ധിക്കണം: എന്നാൽ ഭക്ഷണ ക്രമത്തിലും ജീവിതശൈലിയിലും ചില സന്തുലിതത്വവും അച്ചടക്കവും പാലിച്ചാൽ ഈ പ്രശ്‌നത്തെ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും. ഭക്ഷണത്തിന്‍റെ കാര്യത്തിൽ എളുപ്പത്തിൽ ദഹിക്കാവുന്നതും, മുളക്, നെയ്യ്, എണ്ണ, മസാലകൾ എന്നിവ കുറഞ്ഞതും, പോഷക സമ്പുഷ്‌ടവുമായ ഭക്ഷണത്തിനാണ് മുൻഗണന നൽകേണ്ടത്. കൂടാതെ ചില അവസ്ഥകളിൽ എണ്ണമയമുള്ളതും ഉയർന്ന പഞ്ചസാര അടങ്ങിയതുമായ ഭക്ഷണക്രമവും ഒഴിവാക്കേണ്ടത് ആവശ്യമാണ്.
ഇതുകൂടാതെ കാർബണേറ്റഡ് പാനീയങ്ങൾ, കഫീൻ അടങ്ങിയ പാനീയങ്ങൾ, മദ്യം, പുകവലി എന്നിവയും ഒഴിവാക്കേണ്ടതും പ്രധാനമാണ്. ഈ അവസ്ഥയിൽ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിയന്ത്രിക്കുന്നതിന് പോഷകങ്ങളാൽ സമ്പുഷ്‌ടമായ പ്രത്യേകിച്ച് ധാതുക്കൾ, വിറ്റാമിനുകൾ, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവ അടങ്ങിയതും പെട്ടെന്ന് ദഹിക്കുന്നതുമായ പയർവർഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കഴിക്കുന്നതും വളരെ ഗുണം ചെയ്യും.
സ്വയം ചികിത്സ അരുത്: ജീവിത ശൈലിയിലെ മാറ്റങ്ങളെക്കുറിച്ച് പറയുമ്പോൾ സ്ഥിരമായ വ്യായാമം, ശാരീരികവും മാനസികവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കൃത്യമായ ഉറക്കം, ഭക്ഷണ സമയം, വ്യായാമ സമയം എന്നിവയും പ്രധാനമാണ്. ഹോട്ട് ഫ്ലാഷുകളുടെ പ്രശ്‌നം ഒരു സാഹചര്യത്തിലും അവഗണിക്കരുതെന്നും അത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരെ അനുകരിച്ച് സ്വയം ചികിത്സിക്കുന്നതിന് പകരം ചികിത്സയ്ക്കായി ഒരു ഡോക്‌ടറെ സമീപിക്കണമെന്നും ഡോക്‌ടർ മനീഷ വ്യക്‌തമാക്കുന്നു.