ഹൈദരാബാദ്: വര്‍ണങ്ങളുടെയും മധുര പലഹാരങ്ങളുടെയും അകമ്പടിയോടെ വസന്തകാലത്ത് രാജ്യത്ത് വിരുന്നെത്തുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെയും സന്തോഷത്തിന്‍റെയും ഈ നാളുകളില്‍ വര്‍ണങ്ങള്‍ വാരി വിതറുന്നത് തന്നെയാണ് പ്രധാന ആകര്‍ഷണം. വര്‍ണങ്ങള്‍ വാരി വിതറുന്നതിലൂടെ പരസ്‌പരമുള്ള ശത്രുത മാറി ജീവിതത്തില്‍ കൂടുതല്‍ അഭിവൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം.
ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷമാണ് ഹോളി. എന്നാലിപ്പോള്‍ ഹോളി ദക്ഷിണേന്ത്യയിലും ആഘോഷമായി കൊണ്ടാടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹോളി ദിനം ഇന്ത്യ മൊത്തം വര്‍ണാഭമായിരിക്കും. ഹോളിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധയിടങ്ങളിലും പല ആചാരാനുഷ്‌ഠാനങ്ങളും ഐതിഹ്യവുമാണുള്ളത്. കൃഷ്‌ണന്‍റെയും രാധയുടെയും പ്രണയം, ഹിന്ദു പുരാണത്തിലെ പ്രഹ്ലാദന്‍റെ കഥ, കാമദേവന്‍റെ ത്യാഗത്തിന്‍റെ കഥ എന്നിങ്ങനെ നീളും ഹോളിയുടെ ഐതിഹ്യങ്ങള്‍.
ഫാല്‍ഗുനമാസത്തിലെ പൗര്‍ണമി നാളിലാണ് ഹോളി ആഘോഷത്തിന് തുടക്കമാകുക. രണ്ട് ദിവസങ്ങളിലായാണ് ഹോളി ആഘോഷം. രണ്ടാമത്തെ ദിവസമാണ് നിറങ്ങള്‍ വാരിയെറിഞ്ഞുള്ള വര്‍ണാഭമായ ആഘോഷം. വിവിധ നിറങ്ങളാണ് ആഘോഷത്തിന്‍റെ ഭാഗമായി പരസ്‌പരം ദേഹത്തേക്ക് എറിയുന്നത്. ഇതെല്ലാം ആഘോഷത്തിന്‍റെയും ഐതിഹ്യങ്ങളുടെയും വിശ്വാസത്തിന്‍റെയും ഭാഗമായാണ്. എന്നാല്‍ ആഘോഷങ്ങളെല്ലാം കഴിയുമ്പോള്‍ ഇതിന്‍റെ ആഘാതം ചെറിയ തരത്തില്‍ അനുഭവിക്കുന്നവരാണ് മിക്ക ആളുകളും. അതായത് മിക്കവര്‍ക്കും വിനയാകുന്നത് ആഘോഷ ദിനത്തിലെ വര്‍ണം വാരിയെറിയല്‍ തന്നെയാണ്.
ആഘോഷത്തിനിടെ വാരിയെറിയുന്ന ഈ വര്‍ണങ്ങള്‍ വേഗത്തിലൊന്നും ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയില്ലെന്നതാണ് വാസ്‌തവം. ഇത് നീക്കം ചെയ്യുകയെന്നത് ഏറ്റവും കഠിനമായ ഒരു ജോലിയാണ്. ശരീരത്തില്‍ പിടിച്ച ഈ വര്‍ണങ്ങള്‍ നീക്കം ചെയ്യാനായി ചിലര്‍ അതികഠിനമായി ദേഹത്ത് സക്രബ്രിങ് ചെയ്യാറുണ്ട്. എന്നാല്‍ മറ്റ് ചിലരാകട്ടെ ഇതിനായി കൂടുതല്‍ സമയം കുളിച്ച് കൊണ്ടിരിക്കും.
ചര്‍മ്മം, നഖം, മുടി എന്നിവിടങ്ങളിലെല്ലാം വര്‍ണങ്ങള്‍ പറ്റിപിടിച്ചിരിക്കും. കളറുകള്‍ നീക്കം ചെയ്യാനായി മണിക്കൂറുകളോളം ഷവര്‍ തുറന്ന് അതിന് താഴെ നില്‍ക്കുന്നവരും ധാരാളമുണ്ട്. എന്നാല്‍ ഇത്തരം കളറുകള്‍ എളുപ്പത്തില്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.
വെളിച്ചെണ്ണയുടെ ഉപയോഗം: ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കളറുകള്‍ നീക്കം ചെയ്യാനായി ഫേസ് വാഷും ബോഡി വാഷുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. ഇത്തരത്തില്‍ മുഖത്ത് ഫേസ് വാഷ് ഉപയോഗിക്കുന്നതിന് മുമ്പായി അല്‍പം വെളിച്ചെണ്ണ പുരട്ടി ഏതാനും മിനിറ്റ് മസാജ് ചെയ്‌തതിന് ശേഷം ഫേസ് വാഷ് ഉപയോഗിച്ച് കഴുകുക. മുഖത്തും ശരീരത്തിലും പറ്റിപിടിക്കുന്ന ഇത്തരം വസ്‌തുക്കളെ വേഗത്തില്‍ ഇളക്കി കളയാനുള്ള കഴിവ് വെളിച്ചെണ്ണയ്‌ക്ക് ഉണ്ട്. കളര്‍ നീക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് സ്‌കിനിനും ഏറെ ഗുണകരമാണ്.
ഗോതമ്പ് മാവും വെളിച്ചെണ്ണ മിശ്രിതവും: ഹോളി ആഘോഷത്തിന് ശേഷം ശരീരത്തിലേറ്റ വര്‍ണങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കാന്‍ പറ്റിയ മറ്റൊരു മാര്‍ഗമാണ് ഗോതമ്പ് മാവും വെളിച്ചെണ്ണ മിശ്രിതവും. അല്‍പം വെളിച്ചെണ്ണയിലേക്ക് ഗോതമ്പ് പൊടി മിക്‌സ് ചെയ്‌ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കൈകാലുകളിലും പുരട്ടുക. അതിന് ശേഷം അല്‍പ നേരം മസാജ് ചെയ്യുക. തുടര്‍ന്ന് നല്ലൊരു ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖവും കൈകാലുകളും വൃത്തിയായി കഴുകുക.
കളറുകളും നഖങ്ങളും: ഹോളി ആഘോഷം മുഖത്ത് മാത്രമല്ല പൊടി വാരി വിതറുമ്പോള്‍ അത് നമ്മുടെ നഖങ്ങള്‍ക്കിടയിലും പറ്റിപ്പിടിക്കും. ഇത്തരത്തില്‍ പറ്റി പിടിക്കുന്ന വര്‍ണം നഖങ്ങളെയും വിരലിന്‍റെ അഗ്രഭാഗങ്ങളെയും കൂടുതല്‍ വരണ്ടതാക്കും. മാത്രമല്ല ഇത് നഖത്തിന്‍റെ യഥാര്‍ഥ കളറിനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ക്ക് ശേഷം വിരലുകള്‍ നാരങ്ങനീരില്‍ മുക്കിവയ്ക്കുക.
ഇത് നഖത്തിന്‍റെ യഥാര്‍ഥ നിറം ലഭിക്കാന്‍ ഉത്തമമാണ്. നാരങ്ങ നീരില്‍ മുക്കി വച്ചതിന് ശേഷം നഖത്തില്‍ ക്ലിയര്‍ നെയില്‍ പോളിഷ് പുരട്ടി നഖങ്ങള്‍ ചെറുചൂട് വെള്ളത്തില്‍ മുക്കുക. അതിന് ശേഷം അല്‍പം ബദാം ഓയിലെടുത്ത് നഖത്തിലും വിരലിന്‍റെ അഗ്രഭാഗങ്ങളിലും പുരട്ടുക.
ഓയില്‍ വിരട്ടുമ്പോള്‍ വരണ്ട് പോയ വിരലിന്‍റെ അഗ്രഭാഗങ്ങളെ കൂടുതല്‍ മൃദുവാക്കാനാകും. ഹോളി ആഘോഷം തുടങ്ങുന്നതിന് മുമ്പ് നഖത്തില്‍ ഇരുണ്ട കളര്‍ നെയില്‍ പോളിഷ് പുരട്ടുക. ഇരുണ്ട നെയില്‍ പോളിഷിന് നഖങ്ങളില്‍ നിറം പറ്റിനില്‍ക്കുന്നത് തടയാനാകും.