വേനല്‍ കാലം വന്നെത്തി. ചൂട് കാലത്ത് ആരോഗ്യത്തെ സംരക്ഷിക്കാന്‍ നമ്മള്‍ എന്തൊക്കെ കഴിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ചൂട് കാലത്ത് ഉണ്ടാകുന്ന തളര്‍ച്ചയും ദാഹവുമൊക്കെ പരിഹരിക്കുന്നതിനുള്ള ഒരു ഭക്ഷണക്രമമായിരിക്കണം ഈ സമയത്ത് അവലംബിക്കേണ്ടത്.
ചൂട് കാലത്ത് താരതമ്യേനെ വിശപ്പ് കുറവായിരിക്കും. ഈ സമയത്ത് നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരളം വെള്ളം കുടിക്കേണ്ടതിന്‍റെ ആവശ്യമുണ്ട്. നമ്മുടെ ശരീരത്തിന് കൂടുതല്‍ ജോലികൊടുക്കുന്ന ഭക്ഷണങ്ങളോ പാനിയങ്ങളോ ചൂട്‌കാലത്ത് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തെ ഉന്മേഷമാക്കുന്ന പാനിയങ്ങളും, പഴങ്ങളും കഴിച്ച് ശരീരത്തെ ഒന്ന് തണുപ്പിച്ച് നമുക്ക് ചൂടിനെ നേരിടാന്‍ സാധിക്കും. ചൂടിനെ നേരിടുന്നതിനുള്ള ചില ടിപ്പുകള്‍ താഴെകൊടുക്കുന്നു.
എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുക പ്രധാനം
ചൂട് കാലത്ത് നമ്മള്‍ ഉറങ്ങുമ്പോള്‍ ഫാനോ ഏസിയോ ഉപയോഗിക്കുക സാധാരണമാണ്. ചൂടില്‍ നിന്ന് ഇവ ആശ്വാസം നല്‍കുമെങ്കിലും ചര്‍മവും തൊണ്ടയുമൊക്കെ വരളാന്‍ കാരണമാകും. കണ്ണുകള്‍ക്ക് ഒരു വല്ലായ്മ അനുഭവപ്പെടാനും ഇടയാക്കും. ഇതില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ എഴുന്നേറ്റ ഉടനെ രണ്ട് മൂന്ന് ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളത്തില്‍ ചെറുനാരങ്ങയോ കറുവപ്പാട്ട പൊടിയോ ചേര്‍ക്കുന്നത് നല്ലതാണ്.
തണുത്ത കുമ്പളങ്ങ ജ്യൂസ്, നെല്ലിക്ക ജ്യൂസ് എന്നിവ കുടിക്കുന്നതും ചൂട് കാലത്ത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കുന്നതിനും, ശരീരഭാരം നിയന്ത്രിക്കുന്നതിനുമൊക്കെ കുമ്പളങ്ങ ജ്യൂസും നെല്ലിക്ക ജ്യൂസും നല്ലതാണ്. ഗോതമ്പ് പുല്ലിന്‍റെ ജ്യൂസ്, മുരിങ്ങ ജ്യൂസ്, മുള്ളങ്കി ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസും ചൂട് കാലത്ത് നല്ലതാണ്.
ചൂട് കാലത്തെ പ്രാതല്‍
പ്രാതലില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തണം. ചൂട് കാല സീസണ്‍ പഴങ്ങളായ തണ്ണീര്‍ മത്തന്‍, പപ്പായ, മാമ്പഴം, ലിച്ചി, പ്ലംമുകള്‍ എന്നിവയാണ് ഉത്തമം. അരി ഗോതമ്പ് മുതലായ ധാന്യങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള കഞ്ഞി പ്രതലില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. തേങ്ങവെള്ളം കശുവണ്ടിപരിപ്പ്, ബദാം മുതലായവയും ഉണക്കിയ പഴങ്ങളും പ്രാതലിന് ഉള്‍പ്പെടുത്താം. ബ്രഡ്, മൈദ കൊണ്ട് ഉണ്ടാക്കിയ പലഹാരങ്ങള്‍ ഒഴിവാക്കണം. കാരണം ഇവ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കുന്നതാണ്. കൂടാതെ മലബന്ധനത്തിനും കാരണമാകും. കൂടാതെ ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണവിഭവങ്ങള്‍ കൂടുതലായി കഴിക്കുന്നതും ഒഴിവാക്കണം.
ഇടഭക്ഷണം
നിങ്ങള്‍ക്ക് വിശപ്പ് അനുഭവപ്പെടുകയാണെങ്കില്‍ ഇടഭക്ഷണമായി പച്ചക്കറി സലാഡ് കഴിക്കുന്നതാണ് നല്ലത്. കൂടാതെ തേങ്ങവെള്ളം ജീരകപ്പൊടിചേര്‍ത്ത സംഭാരം എന്നിവയും കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നതിനും കൂടുതല്‍ ജലാംശം ശരീരത്തില്‍ എത്തുന്നതിനും സഹായിക്കും.
ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തില്‍ ധാരളമായി പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം. ചൂട് കാലത്തെ ഉച്ചഭക്ഷണത്തില്‍ സൂപ്പ് ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ വിഭവം കൂടുതല്‍ കഴിക്കാന്‍ പാടില്ല.
വൈകിട്ടത്തെ ഭക്ഷണം
വൈകിട്ടും പഴങ്ങള്‍ കഴിക്കണം. പഴങ്ങളുടെ കൂടെ കശുവണ്ടിപരിപ്പ് തുടങ്ങിയ പരിപ്പുകളും കഴിക്കാവുന്നതാണ്.
രാത്രി ഭക്ഷണം
രാത്രിഭക്ഷണം ലളിതമായിരിക്കണം. പാചകം ചെയ്ത പച്ചക്കറികള്‍, ആവിയില്‍ വേവിച്ച ഭക്ഷണവിഭവങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തേണ്ടത്. സൂപ്പും ഉള്‍പ്പെടുത്തണം. കൂടാതെ ഔഷധച്ചെടി ഉപയോഗിച്ചുണ്ടാക്കിയ ചായയും കുടിക്കുന്നത് നല്ലതാണ്. തുളസി ചായ, ജമന്തിപ്പൂവ് ചായ, ചെമ്പരത്തി ചായ എന്നിവ ചൂട് കാലത്ത് പ്രത്യേകിച്ചും ആരോഗ്യത്തിന് നല്ലതാണ്.
ജലീകരണം ഉറപ്പ് വരുത്തണം
മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും ചൂട് കാലത്ത് കുടിച്ചിരിക്കണം. പഴച്ചാറുകളുടെ രൂപത്തിലും ശരീരത്തില്‍ നല്ലവണ്ണം ജലം എത്തണം. നിര്‍ജ്ജലീകരണം ചൂട് കാലത്തെ ഏറ്റവും വലിയ ഭീഷണിയാണ് എന്ന് ഓര്‍ക്കണം.
ALSO READ: ആരോഗ്യദായകമായ അഞ്ച് ഭക്ഷണ കൂട്ടുകള്‍