ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസമേകി മഴക്കാലം ആരംഭിച്ചു കഴിഞ്ഞു. സൗന്ദര്യ സംരക്ഷണത്തിന് പ്രത്യേക കരുതല്‍ നല്‍കേണ്ട സമയമാണ് മഴക്കാലം. അന്തരീഷത്തില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ത്വക്ക് രോഗങ്ങള്‍, ഫംഗസ് അണുബാധകള്‍ തുടങ്ങി പല പ്രശ്‌നങ്ങളുമുണ്ടാകാനുള്ള സാധ്യതയുണ്ട്.
മഴക്കാലത്ത് ഫംഗസ് അല്ലെങ്കിൽ ബാക്‌ടീരിയല്‍ അണുബാധ, മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള പ്രധാന കാരണം ഈർപ്പം, വിയർപ്പ്, മലിന ജലം, മഴയിൽ നനഞ്ഞതിന് ശേഷം പെട്ടെന്ന് വസ്‌ത്രങ്ങള്‍ മാറ്റാതിരിക്കല്‍ തുടങ്ങിയവയാണെന്ന് ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ത്വക്ക് രോഗ വിദഗ്‌ധയായ ഡോ. ആശ സക്ലാനി പറയുന്നു. മഴക്കാലത്ത് റിങ് വേം, എക്‌സിമ, ചൊറിച്ചിൽ, റാഷസ്, അത്‌ലറ്റ്‌സ് ഫുട് തുടങ്ങിയ ത്വക്ക് രോഗങ്ങള്‍ ബാധിക്കാനിടയുണ്ട്. ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ പല ചര്‍മ പ്രശ്‌നങ്ങളും നമുക്ക് ഒഴിവാക്കാനാകും.
വ്യക്തി ശുചിത്വം പാലിക്കുക: കൃത്യമായ ഇടവേളകളിൽ കൈകൾ നന്നായി കഴുകുക. എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ വസ്‌ത്രങ്ങളും ഷൂസുകളും ധരിക്കുക. അയഞ്ഞതും പെട്ടെന്ന് ഉണങ്ങുന്നതുമായ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
മഴയില്‍ നനഞ്ഞതിന് ശേഷം മുടിയും ശരീരവും കൂടുതല്‍ നേരം നനഞ്ഞിരിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. മഴയുള്ള ദിവസങ്ങളിൽ പുറത്ത് പോയതിന് ശേഷം മടങ്ങിയെത്തുമ്പോള്‍ കുളിക്കുക, ഇത് വഴി ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിയർപ്പ്, അഴുക്ക് എന്നിവയെല്ലാം പുറന്തള്ളാനാകും. ചൊറിച്ചിലോ അണുബാധയോ ചർമ സംബന്ധമായ മറ്റേതെങ്കിലും പ്രശ്‌നമോ ഉള്ളവരുടെ വസ്‌തുക്കള്‍ ഉപയോഗിക്കാതിരിക്കുക.
നനവുള്ള ഷൂസും സോക്‌സും ധരിക്കുന്നത് ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട് ഷൂസ് ധരിക്കുന്നവര്‍ അത് അഴിച്ചതിന് ശേഷം സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കാലുകൾ വൃത്തിയാക്കി ബോഡി ക്രീമോ ലോഷനോ പുരട്ടണം.
മഴക്കാലത്ത് ഈർപ്പം നിലനില്‍ക്കുന്നതിനാല്‍ ദാഹം പൊതുവേ കുറവായിരിക്കും. ഇത് മൂലം ശരീരത്തില്‍ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വെള്ളത്തിന്‍റെ അളവ് കുറയുന്നത് ചര്‍മത്തെ ബാധിക്കുമെന്നതിനാല്‍ ദിവസവും 6-8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
ചര്‍മ സംരക്ഷണത്തിന് എക്‌സ്ഫോലിയേഷന്‍: മഴക്കാലത്ത് ചർമത്തില്‍ എണ്ണമയം കുറയാനും വലിച്ചിലുണ്ടാകാനും സാധ്യതയുണ്ട്. ഇത് മൂലം അഴുക്കും നിർജ്ജീവ കോശങ്ങളും ചര്‍മത്തില്‍ അടിഞ്ഞുകൂടാൻ തുടങ്ങുകയും ചെയ്യും. അതിനാല്‍ എക്‌സ്ഫോലിയേഷന്‍ (ചര്‍മം ഉരിയല്‍) വളരെ അനുയോജ്യമാണ്.
ഇതിന് ശേഷം മോയ്‌സ്‌ചറൈസർ ഉപയോഗിക്കുക. അണുബാധയോ മറ്റ് എന്തെങ്കിലും ചര്‍മ പ്രശ്‌നമോ ഉള്ള ഭാഗത്ത് എക്‌സ്ഫോലിയേഷന്‍ ചെയ്യാതിരിക്കുക. ഇല്ലെങ്കില്‍ അത് അണുബാധ മറ്റു ഭാഗങ്ങളിലേക്ക് പടരാന്‍ കാരണമായേക്കും.
സീസണൽ അലർജിക്ക് സാധ്യതയുള്ളവരും സെൻസിറ്റീവ് ചർമമുള്ളവരും മഴക്കാലത്ത് കൂടുതൽ ജാഗ്രത പാലിക്കണം. പലപ്പോഴും ചൊറിച്ചിൽ, റാഷസ് അല്ലെങ്കിൽ മറ്റ് നേരിയ അണുബാധകളുണ്ടാകുമ്പോള്‍ ഡോക്‌ടറെ കാണുന്നതിന് പകരം സ്വയം ചികിത്സ നടത്തുന്നവരാണ് കൂടുതലും. അത് പൂർണമായും ഒഴിവാക്കണം.
പല കാരണങ്ങള്‍ മൂലം ചർമത്തില്‍ അണുബാധകളും അലർജികളും ഉണ്ടാകാമെന്നതിനാല്‍ അവയുടെ ചികിത്സയും വ്യത്യാസപ്പെട്ടിരിക്കും. കൃത്യമായ ചികിത്സ രീതി പിന്തുടര്‍ന്നില്ലെങ്കില്‍ നിലവിലെ അവസ്ഥ വഷളായേക്കാം. അതിനാല്‍ ചർമ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഡോക്‌ടറെ കാണാന്‍ ശ്രദ്ധിക്കുക.