ന്യൂഡൽഹി : അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഗാഢനിദ്രയുടെ നിലവാരം കുറയ്‌ക്കുമെന്ന് പഠനങ്ങൾ. ഗാഢനിദ്ര അല്ലെങ്കിൽ ഉറക്കത്തിന്‍റെ മൂന്നാം ഘട്ടം ശരീരത്തിലെ അവശ്യപ്രവർത്തനങ്ങളായ പേശികളുടെ വളർച്ച, പ്രതിരോധശേഷി, ഓർമശക്തി എന്നിവ പുനഃസ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സ്വീഡനിലെ ഉപ്‌സാല സർവകലാശാല ഗവേഷകരാണ് ജങ്ക് ഫുഡ് അഥവ അനാരോഗ്യഭക്ഷണം ഉറക്കത്തെ എങ്ങനെ ബാധിക്കുന്നു എന്ന് പഠനം നടത്തിയത്.
ക്രമരഹിതമായി അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരെയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരെയും വിശകലനം ചെയ്‌താണ് പഠനം ഗവേഷകർ മുന്നോട്ട് കൊണ്ടുപോയത്. ശേഷം ഒബിസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നവരെ അപേക്ഷിച്ച് ജങ്ക് ഫുഡ് കഴിച്ചവർക്ക് ഗാഢനിദ്ര നല്ല രീതിയിൽ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. മോശമായ ഭക്ഷണക്രമവും മോശം ഉറക്കവും പൊതുജനാരോഗ്യത്തിൽ അപകട സാധ്യതകൾക്ക് കാരണമാകുന്നുവെന്ന് ഗവേണ സംഘത്തിലുള്ള പ്രൊഫസർ ജോനാഥൻ സെഡെർനെസ് പറഞ്ഞു.
also read : ഇന്ന് ലോക ഉറക്ക ദിനം: ആരോഗ്യമുള്ള ജീവിതത്തിന് ഉറക്കം അനിവാര്യം
പഠനം നടത്തിയത് ഇങ്ങനെ : പഠനത്തിന്‍റെ രണ്ട് സെഷനുകളിലായി ആരോഗ്യമുള്ള, ഭാരം കൃത്യമായുള്ള 15 യുവാക്കളാണ് പങ്കെടുത്തത്. ഇവരുടെ ഉറക്ക ശീലങ്ങൾ പിന്നീട് പരിശോധിച്ചു. രാത്രിയിൽ സാധാരണയായി ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുന്നതാണ് ആരോഗ്യകരമായ ഉറക്കത്തിന്‍റെ ദൈർഘ്യം. പഠനത്തിനായി പങ്കെടുത്തവർക്ക് ക്രമരഹിതമായി ആരോഗ്യകരമായ ഭക്ഷണവും അനാരോഗ്യകരമായ ഭക്ഷണവും നൽകി.
ഒരേ അളവിലുള്ള കലോറിയാണ് വ്യക്തികൾക്കനുസൃതമായി രണ്ട് ഭക്ഷണക്രമത്തിലും ഉൾപ്പെടുത്തിയിരുന്നത്. അനാരോഗ്യ ഭക്ഷണത്തിൽ പഞ്ചസാര, കൊഴുപ്പ്, സംസ്‌കരിച്ച ഭക്ഷണ വസ്‌തുക്കൾ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്. ഒരാഴ്‌ച ഈ ഭക്ഷണ ക്രമം തുടർന്ന ശേഷം 15 പേരുടേയും ഉറക്കം, പ്രവർത്തനം, ഭക്ഷണ ഷെഡ്യൂൾ എന്നിവ വ്യക്തിഗത തലത്തിൽ നിരീക്ഷിച്ചു.
also read : കൊഴുപ്പ് കൂടിയ ഭക്ഷണക്രമം; 'ശരീരത്തിന്‍റെ നിയന്ത്രണം' വിടുമെന്ന് പഠനം
സ്ലോ വേവ് ആക്‌റ്റിവിറ്റി പരിശോധന : ഇതിൽ നിന്ന് സ്ലോ വേവ് ആക്‌റ്റിവിറ്റി അഥവ ആഴത്തിലുള്ള ഉറക്കം എത്രത്തോളം പുനഃസ്ഥാപിക്കുന്നുവെന്ന് പരിശോധിച്ചു. ഇതിൽ ആരോഗ്യകരമായ ഭക്ഷണത്തിന്‍റെ ഉപഭോഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ജങ്ക് ഫുഡ് കഴിക്കുന്നത് ഗാഢനിദ്ര കുറഞ്ഞ സ്ലോ വേവ് പ്രവർത്തനം പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. അഥവ അനാരോഗ്യകരമായ ഭക്ഷണക്രമം ആഴം കുറഞ്ഞ ഗാഢനിദ്രയിൽ കലാശിച്ചതായി കണ്ടെത്തി.
പ്രായം കൂടുമ്പോഴും സമാനമായ അവസ്ഥകൾ ഉണ്ടാകാം. ഭക്ഷണക്രമത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നത് നല്ല ഉറക്കം ലഭിക്കാനുള്ള ഒരു കാരണമാണെന്നാണ് ഗവേഷകരുടെ അനുമാനം. അതേസമയം രാത്രിയിലുള്ള ഉറക്കത്തിന് പുറമെ ഉച്ചഭക്ഷണം കഴിഞ്ഞ് അൽപനേരം ഉറങ്ങുന്നതും ആരോഗ്യത്തിന് നല്ലതാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്‌റ്റായ രുജുത ദിവേകർ പരാമർശിച്ചിരുന്നു.
also read : ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുന്നത് ആരോഗ്യത്തിന് ഉത്തമം ; പഠനങ്ങള്‍ പറയുന്നത്