മുട്ട കഴിക്കുന്നത് കൊളസ്‌ട്രോളിന് കാരണമാകുമെന്ന ആശങ്ക പൊതുവേയുണ്ട്. എങ്കിലും പലതരം പോഷകഘടകങ്ങളാൽ സമ്പുഷ്‌ടമാണ് മുട്ട. മുട്ട കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണോ ഹാനികരമാണോ എന്നതില്‍ പൊതുവേ സമ്മിശ്ര അഭിപ്രായമാണുയരാറ്.
എന്നാൽ 2018ൽ 'ഹാർട്ട്' ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ദിവസവും മുട്ട കഴിക്കുന്നവർക്ക് (പ്രതിദിനം ഒരു മുട്ട) പതിവായി കഴിക്കാത്തവരെ അപേക്ഷിച്ച് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തി. ചൈനയിലെ ഏകദേശം അഞ്ച് ലക്ഷത്തോളം മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
ഇതിനുപിന്നാലെ ജനസംഖ്യാടിസ്ഥാനത്തിൽ നടത്തിയ കൂടുതൽ വിശദമായ പഠനത്തിൽ, മുട്ട ഭക്ഷിക്കുന്നത് ഹൃദയത്തിന്‍റെയും രക്തധമനികളുടെയും ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷകർ പഠനവിധേയമാക്കി.
മുട്ട മിതമായ അളവിൽ : ചൈനയിലെ പീക്കിങ് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ലേഖകൻ ലാങ് പാനിന്‍റെ നേതൃത്വത്തിൽ ചൈന കഡൂറി ബയോബാങ്കിൽ (CBK) നിന്നുള്ള 4,778 പേരിലാണ് ഗവേഷണം നടത്തിയത്. ഇവരിൽ 3,401പേർ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും, 1,377 പേർ ഇല്ലാത്തവരുമാണ്. പഠനത്തിന് വിധേയമാക്കിയവരുടെ രക്തത്തിൽ നിന്ന് എടുത്ത പ്ലാസ്‌മ സാമ്പിളുകളിലെ 225 മെറ്റബോളിറ്റുകളെ അളക്കാൻ 'ടാർഗെറ്റഡ് ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ്' എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു.
മിതമായ അളവിൽ മുട്ട കഴിക്കുന്ന വ്യക്തികളുടെ രക്തത്തിൽ ഉയർന്ന അളവിൽ 'അപ്പോളിപോപ്രോട്ടീൻ എ1' എന്ന പ്രോട്ടീൻ ഉള്ളതായി ഗവേഷണത്തിൽ കണ്ടെത്തി. ഈ വ്യക്തികളുടെ രക്തത്തിൽ, രക്തക്കുഴലുകളിൽ നിന്ന് കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്ന എച്ച്ഡിഎൽ (High-Density Lipoprotein) തന്മാത്രകൾ കൂടുതലുള്ളതായും കണ്ടെത്തി. അതുവഴി അവർക്ക് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും ഇടയാക്കുന്ന തടസങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നു.
ഹൃദ്രോഗവുമായി ബന്ധപ്പെട്ട 14 മെറ്റബോളിറ്റുകളെയും ഗവേഷകർ കണ്ടെത്തി. സ്ഥിരമായി മുട്ട കഴിക്കുന്നവരെ അപേക്ഷിച്ച്, അല്ലാത്തവരുടെ രക്തത്തിൽ ഗുണപ്രദമായ മെറ്റബോളിറ്റുകളുടെ അളവ് കുറവാണെന്നും ഹാനികരമായ മെറ്റബോളിറ്റുകളുടെ അളവ് കൂടുതലാണെന്നും പഠനം സൂചിപ്പിക്കുന്നു.