രാവിലെ ഉണര്‍ന്നതിന് ശേഷം വെറും വയറ്റില്‍ പാല്‍ ചായ കുടിക്കുന്ന ശീലം ഒരുപാട് ആളുകള്‍ക്കുണ്ട്. ഉണര്‍ന്ന ഉടനെ ചായ കിട്ടിയില്ലെങ്കില്‍ അസ്വസ്ഥതപ്പെടുന്ന ആളുകളുമുണ്ട്. ഈ സ്വഭാവത്തിന് നഗര ഗ്രാമ വ്യത്യാസമില്ല.
എന്നാല്‍ രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നതും ഒരു ദിവസം പല തവണ ചായ കുടിക്കുന്നതും ആരോഗ്യകരമല്ല. വെറുവയറ്റില്‍ ചായ കുടിക്കുന്നവരില്‍ കണ്ടുവരുന്ന ഒരു പ്രശ്നം അസിഡിറ്റിയാണെന്ന് മധ്യപ്രദേശിലെ ബോപ്പാല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡോക്ടര്‍ രാജേഷ് ശര്‍മ്മ പറയുന്നു.
പല ആളുകള്‍ക്കും ചായ ഒരു ആസക്തിയാണ്. ചായ സമയത്ത് കിട്ടാതെ വന്നാല്‍ ദേഷ്യവും, അസ്വസ്ഥതയുമൊക്കെ ഉണ്ടാകുന്നവരുണ്ട്.
രാവിലെ ഉണര്‍ന്ന് ഉടനെ തന്നെ ചായ കുടിക്കുമ്പോള്‍ രാത്രി നമ്മുടെ വായില്‍ രൂപപ്പെട്ട ബാക്ടീരിയ ചായയോടൊപ്പം വയറ്റിലെത്തുന്നു എന്ന് ഡോക്ടര്‍ രാജേഷ് ശര്‍മ്മ പറയുന്നു. ചായയില്‍ അടങ്ങിയ നിക്കോട്ടിനും കഫൈനും ആസക്തി ഉണ്ടാക്കുന്നു എന്ന് മാത്രമല്ല ശരീരത്തെ പലതരത്തില്‍ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
ദഹന പ്രശ്‌നങ്ങള്‍
പലരും വിചാരിച്ചിരിക്കുന്നത് ചായ ക്ഷീണത്തെ ശമിപ്പിക്കും എന്നാണ്. എന്നാല്‍ ഇത് ശരിയല്ലെന്ന് രാജേഷ് ശര്‍മ്മ പറയുന്നു. വെറും വയറ്റില്‍ ചായകുടിക്കുമ്പോള്‍ പിത്തരസം വയറ്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.
ഇത് ഓക്കാനം, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകള്‍ക്ക് കാരണമാകാം. ചായയില്‍ അടങ്ങിയ ടാനിന്‍ എന്ന ഘടകം വയറില്‍ ഗ്യാസുണ്ടാകാന്‍ കാരണമാകാറുണ്ട്. ഇതുകാരണം വിശപ്പില്ലായ്മ അനുഭവപ്പെടുന്നു.
വെറും വയറ്റില്‍ ചായകുടിക്കുന്നത് അള്‍സറിനും ഹൈപ്പര്‍ അസിഡിറ്റിക്കും കാരണമാകുമെന്നും ഡോ. രാജേഷ് പറയുന്നു.
മൂത്രമൊഴിക്കുന്നത് കൂടുന്നു
ശരീരത്തില്‍ സാധരണയിലും കൂടുതല്‍ മൂത്രം ഉല്‍പ്പാദിപ്പിക്കുന്ന ഘടകങ്ങള്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അളവില്‍ ചായകുടിക്കുന്നത് മൂത്രമൊഴിക്കലിന്‍റെ എണ്ണം വര്‍ധിപ്പിക്കുന്നു.
രക്തസമ്മര്‍ദ്ദം
ചായയില്‍ അടങ്ങിയ കഫൈന്‍ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ചായ നല്ലതല്ല
എന്താണ് പരിഹാരം
സാധാരണ പാല്‍ ചായയ്ക്ക് പകരം ഗ്രീന്‍ ടീ , കട്ടന്‍ ചായ, ഹെര്‍ബല്‍ ടീ എന്നിവ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇവ കുടിക്കുന്നത് ശരീരത്തിന്‍റെ മെറ്റാബോളിസം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.
ചായകുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാല്‍ ചായ കുടിക്കുന്ന ശീലം നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവ വെറും വയറ്റില്‍ കുടിക്കുന്ന ശീലം ഒഴിവാക്കണമെന്ന് രാജേഷ് ശര്‍മ്മ പറയുന്നു. ചായയോടൊപ്പം ലഘുഭക്ഷണം കഴിക്കണം. ചായകുടിക്കുന്നതിന് മുമ്പായി ഒരു ഗ്ലാസ് വെള്ളം കുടിക്കണം.
പ്രാതല്‍ കഴിച്ചതിന് ഒരു മണിക്കൂറിന് ശേഷം ചായ കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ഒരു ദിവസം പല തവണ ചായകുടിക്കുന്നത് ഒഴിവാക്കണം. അത്താഴത്തിന് ശേഷം ചായ കുടിക്കുന്നത് ഒഴിവാക്കണമെന്നും ഡോ. രാജേഷ് ശര്‍മ്മ നിര്‍ദേശിക്കുന്നു.
ALSO READ: അസുഖങ്ങളെ ചെറുക്കാൻ സൂര്യപ്രകാശം ഫലപ്രദമോ ?