നിങ്ങള്‍ ഒരു ദിവസം എത്ര ലിറ്റര്‍ വെള്ളം കുടിക്കാറുണ്ട്? കുറവാണോ? എങ്കില്‍ വെള്ളം കുടിക്കുന്നതിന്‍റെ പ്രധാന്യത്തെ കുറിച്ച് നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഒരു ശരീരത്തില്‍ നടക്കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഒന്നാണ് ശുദ്ധമായ വെള്ളം. എന്നാല്‍ സമൂഹത്തിലെ ഭൂരിഭാഗം വരുന്നവരും ഇതില്‍ ശ്രദ്ധ ചെലുത്താറില്ലെന്നതാണ് വാസ്‌തവം.
ശരീരത്തിന് ആവശ്യമായ വെള്ളം ലഭ്യമാകാതിരിക്കുമ്പോള്‍ അത് നിരവധി ശാരീരികവും തുടര്‍ന്ന് മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ശരീരത്തിന് ആവശ്യമായ വെള്ളം ഇല്ലാത്ത അവസ്ഥയാണ് നിര്‍ജലീകരണം (Dehydration). ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് എപ്പോഴാണ്?.
ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് വേനല്‍ക്കാലത്ത് മാത്രമാണെന്നാണ് മിക്ക ആളുകളുടെയും ധാരണ. എന്നാലിത് തീര്‍ത്തും തെറ്റാണ്. കാലാവസ്ഥ എന്തുതന്നെയായാലും ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാതിരുന്നാല്‍ അത് നിര്‍ജലീകരണത്തിന് കാരണമാകും.
തുടര്‍ച്ചയായി നിര്‍ജലീകരണമുള്ളവരില്‍ അകാല മരണത്തിനുള്ള സാധ്യത: ദിവസവും ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളമോ ദ്രാവകമോ കഴിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തില്‍ ആവശ്യമായ വെള്ളം ലഭിക്കാതിരുന്നാല്‍ നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. തുടര്‍ച്ചയായി നിര്‍ജലീകരണമുള്ളവരില്‍ അകാല മരണത്തിനുള്ള സാധ്യത കൂടുതലാണെന്ന് 'ലാൻസെറ്റ്' എന്ന മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളത്തിന്‍റെ അളവ് കുറയുമ്പോള്‍ ശരീരത്തില്‍ സോഡിയത്തിന്‍റെ അളവ് വര്‍ധിക്കും. ഇത്തരത്തില്‍ വര്‍ധിക്കുന്ന സോഡിയത്തിന്‍റെ അളവ് 145 മില്ലിയില്‍ കവിഞ്ഞാല്‍ അത് പെട്ടെന്നുണ്ടാകുന്ന മരണത്തിനുള്ള സാധ്യത 21 ശതമാനം വര്‍ധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മാത്രമല്ല സോഡിയത്തിന്‍റെ അളവ് വര്‍ധിക്കുന്നത് മൂലം ശരീരത്തില്‍ വിവിധ തരത്തിലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നു.
മഞ്ഞ് കാലത്തും മഴക്കാലത്തുമെല്ലാം നിര്‍ജലീകരണം: വേനല്‍ കാലത്തിനെ പോലെ തന്നെ മഞ്ഞ് കാലത്തും മഴക്കാലത്തുമെല്ലാം നിര്‍ജലീകരണം സംഭവിക്കുമെന്ന് ജനറൽ ഓഫ് ക്ലിനിക്കൽ മെഡിസിൻ എന്ന വെബ്‌പേജിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. മനുഷ്യ ശരീരത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളമാണ്. അതില്‍ 85 ശതമാനം തലച്ചോറിന്‍റെയും 22 ശതമാനം എല്ലുകളുടെയും 20 ശതമാനം ചര്‍മ്മത്തിന്‍റെയും 75 ശതമാനം പേശികളുടെയും 80 ശതമാനം രക്ഷത്തിന്‍റെയും 80 ശതമാനം ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
അതുകൊണ്ട് തന്നെ ഈ അവയവങ്ങളെല്ലാം ആരോഗ്യത്തോടെ നിലനിൽക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നതിനും ആവശ്യമായ അളവിൽ വെള്ളം ശരീരത്തിൽ ഉണ്ടായിരിക്കണം. ശരീരത്തില്‍ ജലാംശം സ്ഥിരമായി നിലനിര്‍ത്തുന്നവരില്‍ മെറ്റബോളിസം വര്‍ധിച്ചിരിക്കും. അതുമൂലം ദഹനക്കേട്, കൊളസ്‌ട്രോള്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളെ തടയാന്‍ സാധിക്കും.
മെറ്റബോളിസം വര്‍ധിച്ചാലുളള ഗുണം: മെറ്റബോളിസം വര്‍ധിച്ചാല്‍ ശരീരത്തില്‍ പോഷകങ്ങളുടെ ആഗിരണം ശരിയായി രീതിയില്‍ നടക്കുകയും ഇതിലൂടെ പ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യും. കൂടാതെ മൂത്ര സംബന്ധമായതും രക്ത സംബന്ധമായതുമായ രോഗങ്ങള്‍ കുറക്കാനാകും. ശരിയായ ഓക്‌സിജൻ രക്തചംക്രമണം, താപനില നിയന്ത്രണം, അസ്ഥികളുടെ ആരോഗ്യം, ശരീരത്തിലെ അവശ്യ രാസവസ്‌തുക്കളുടെയും ഹോർമോണുകളുടെയും രൂപീകരണം, അവയവങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്കും ജലാംശം നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് കാലാവസ്ഥ ഏതായാലും മൂന്ന് മുതല്‍ നാല് ലിറ്റര്‍ വെള്ളമെങ്കിലും ഒരാള്‍ ദിവസവും പതിവാക്കണമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്.
ശരീരത്തില്‍ വെള്ളത്തിന്‍റെ അഭാവമുണ്ടായാല്‍: നമ്മുടെ ഭക്ഷണ-പാനീയ ശീലങ്ങൾ കാലാവസ്ഥ അനുസരിച്ച് മാറിക്കൊണ്ടിരിക്കും. വേനൽക്കാലത്ത് കൂടുതൽ ദാഹം അനുഭവപ്പെടുന്നതിനാൽ ആളുകള്‍ ധാരാളം വെള്ളം കുടിക്കുകയും ജലാംശം അടങ്ങിയ ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാൽ ശൈത്യകാലത്ത് ആളുകൾക്ക് സാധാരണയായി ദാഹം അനുഭവപ്പെടാറില്ല. അതിനര്‍ഥം ശരീരത്തിന് ജലാംശം ആവശ്യമില്ലെന്ന് കരുതുന്നത് തീര്‍ത്തും തെറ്റായ ധാരണയാണെന്ന് ഭോപ്പാലിലെ ജനറൽ ഫിസിഷ്യൻ ഡോ രാജേഷ് ശർമ പറയുന്നു. ശരീരത്തില്‍ വെള്ളത്തിന്‍റെ അഭാവമുണ്ടായാല്‍ രക്തസമ്മർദം, കഠിനമായ മലബന്ധം, ദഹനവ്യവസ്ഥ പ്രശ്‌നങ്ങൾ, മൂത്രനാളിയിലെ അണുബാധ (UTI), വൃക്കയിലെ കല്ലുകൾ, വൃക്ക തകരാറുകൾ എന്നിവ പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും രാകേഷ് ശര്‍മ പറഞ്ഞു.
നിര്‍ജലീകരണം കാരണമുണ്ടാകുന്ന ശാരീരിക അസുഖങ്ങളും ബുദ്ധിമുട്ടുകളും മിക്കവരിലും ഒരുപോലെയാണ് കാണപ്പെടുകയെങ്കിലും ചിലരില്‍ അവ വ്യത്യസ്‌തപ്പെട്ടിരിക്കാം. പ്രത്യേകിച്ച് ചെറിയ കുട്ടികളില്‍ ലക്ഷണങ്ങളില്‍ മാറ്റങ്ങളുണ്ടാകും.
കുട്ടികളിലെ നിര്‍ജലീകരണ ലക്ഷണങ്ങള്‍:
- വായിലും നാവിലും വരള്‍ച്ച
- കരയുമ്പോള്‍ കണ്ണുനീർ കുറയുക
- മൂത്രമൊഴിക്കൽ കുറവ്
മുതിര്‍ന്നവരിലെ നിര്‍ജലീകരണ ലക്ഷണങ്ങള്‍:
- അമിത ദാഹം.
- മൂത്രത്തിന്‍റെ അളവ് കുറയുക.
- മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്.
- ഇരുണ്ട നിറത്തിലുള്ള മൂത്രം.
- ക്ഷീണവും തലകറക്കവും.
- തണുത്തതും വരണ്ടതുമായ ചർമ്മം
- പേശി വലിവ്.
- മലബന്ധം.
- തുടര്‍ച്ചയായ തലവേദന.
നിര്‍ജലീകരണത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. അതിനാല്‍ മിക്കവരും അതില്‍ ശ്രദ്ധ ചെലുത്തണമെന്നില്ല. ഇത്തരം ആളുകള്‍ ശാരീരിക അസ്വസ്ഥതകള്‍ കണ്ട് തുടങ്ങുമ്പോള്‍ മാത്രം വെള്ളം കുടിച്ച് തുടങ്ങുമെന്നും ഡോക്‌ടർ രാകേഷ് പറയുന്നു. എന്നാല്‍ നിര്‍ജലീകരണം കാരണം ഒരാള്‍ക്ക് തലകറക്കം, കഠിനമായ മലബന്ധം, ഛര്‍ദി എന്നിവയുണ്ടായാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടണം. നിര്‍ജലീകരണം ഇല്ലാതാക്കാന്‍ വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാമെന്നും ഡോക്‌ടര്‍ പറയുന്നു.
ഇത്തരക്കാര്‍ക്ക് ഉപ്പും പഞ്ചസാരയും കലർത്തിയ വെള്ളം നൽകുന്നത് ഏറെ ഗുണകരമാണ്. ഒആര്‍എസ്(ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ) നല്‍കുന്നതും നല്ലതാണ്. നിർജലീകരണത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടമാകുമ്പോള്‍ തന്നെ ഒആര്‍എസ് നല്‍കുന്നതിലൂടെ നിര്‍ജലീകരണം തടയാനാകുമെന്നും ഡോക്‌ടര്‍ രാകേഷ് വ്യക്തമാക്കുന്നു.