ലണ്ടന്‍: കൊവിഡ് വാക്‌സിന്‍ ഭാരം കുറഞ്ഞവരേക്കാള്‍ ഫലപ്രദം ഭാരം കൂടിയ ആളുകള്‍ക്കെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പഠനം പ്രമുഖ ശാസ്‌ത്ര ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചു.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അല്ലാത്തവര്‍ക്കും തമ്മില്‍ കൊവിഡ് രൂക്ഷമാകുന്നതിനുള്ള സാധ്യതകളുടെ താരതമ്യ പഠനമാണ് നടത്തിയത്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് വാക്‌സിന്‍ സ്വീകരിക്കാത്തവരുമായി താരതമ്യ പഠനം നടത്തിയത്. ആദ്യ തവണ കൊവിഡ് പിടിപ്പെട്ട 18 വയസിന് മുകളിലുള്ള 91,71,524 പേരെ ബിഎംഐയുടെ (Body Mass Index) അടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചായിരുന്നു താരതമ്യം.
വാക്‌സിന്‍ എടുത്ത ഭാരം ആവശ്യത്തിലും കുറഞ്ഞയാള്‍ക്ക് വാക്‌സിന്‍ എടുക്കാത്ത അതെ ബിഎംഐ ഉള്ള ആളേക്കാള്‍ കൊവിഡ് മൂലം മരണപ്പെടാനോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത പകുതിയാണെന്ന് പഠനത്തില്‍ കണ്ടെത്തി. അതേസമയം വാക്‌സിന്‍ സ്വീകരിച്ച അമിത ഭാരമുള്ളയാള്‍ക്ക് അതേ ഭാരമുള്ള വാക്‌സിന്‍ സ്വീകരിക്കാത്ത ആളേക്കാള്‍ കൊവിഡ് ഗുരുതരമാകാനും മരണപ്പെടാനുമുള്ള സാധ്യത യഥാക്രമം 70 ശതമാനം, 75 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.
ബിഎംഐയും വാക്‌സിനോട് പ്രതികരിച്ച് പ്രതിരോധ ശേഷി ആര്‍ജിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു. എല്ലാ തരത്തിലുള്ള ശരീര പ്രകൃതിയുള്ളവരെയും കൊവിഡ് മരണങ്ങളില്‍ നിന്ന് വാക്‌സിന്‍ സംരക്ഷിക്കുമെന്നതിന്‍റെ കൂടുതല്‍ തെളിവുകളാണ് പഠനത്തിലൂടെ ലഭിച്ചത്. അമിത ഭാരമുള്ള ആളുകളുടെ ആശങ്ക കുറയ്‌ക്കുന്നതാണ് കണ്ടെത്തലെന്ന് പഠനത്തിന് നേതൃത്വം കൊടുത്ത ഡോ: കാര്‍മണ്‍ പിയര്‍നാസ് പറഞ്ഞു.
രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷവും അവരുടെ അമിത വണ്ണമോ അല്ലെങ്കില്‍ വണ്ണക്കുറവോ കൊവിഡ് ഗുരുതരമാകുന്നതിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നും പഠന വിധേയമാക്കി. ബിഎംഐ വളരെ കുറഞ്ഞ ആള്‍ക്ക് ആരോഗ്യകരമായ ബിഎംഐ ഉള്ള ആളെ അപേക്ഷിച്ച് കൊവിഡ് ഗുരുതരമാകാനുള്ള സാധ്യത 23 ശതമാനം കൂടുതലാണ്. ബിഎംഐ വളരെ കൂടുതലുള്ള ആള്‍ക്ക് ഇത് മൂന്ന് മടങ്ങ് കൂടുതലാണെന്നുമാണ് കണ്ടെത്തല്‍.