ഹൈദരാബാദ്: കാലവസ്ഥ വ്യതിയാനം കാരണം പുതിയ പകര്‍ച്ച വ്യാധികള്‍ പൊട്ടിപുറപ്പെടാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് പഠനം. 2070 ഓടുകൂടി മൃഗങ്ങളില്‍ പുതിയ വൈറസുകള്‍ വ്യാപിക്കുമെന്നും അവ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നാണ് നെച്ചര്‍ ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഏഷ്യ, ആഫ്രിക്ക വന്‍കരകളിലാണ് ഇതിനുള്ള സാധ്യത ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്നത്.
കഴിഞ്ഞ ഏതാനും ദശാബ്‌ദങ്ങളായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും തിരിച്ചുമുള്ള വൈറസ് ബാധ ഏഷ്യ, ആഫ്രിക്ക വന്‍കരകളിലാണ് കൂടുതലായി സംഭവിച്ചത്. എച്ച്‌ഐവി, എബോള, കൊവിഡ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഭൂമിയില്‍ ചൂട് രണ്ട് ഡിഗ്രിസെല്‍ഷ്യസ് വര്‍ധിച്ചാലുള്ള സാഹചര്യം വിലയിരുത്തിയാണ് ഗവേഷകര്‍ നിഗമനങ്ങളില്‍ എത്തുന്നത്.
ചൂട് വര്‍ധിക്കുമ്പോള്‍ മൃഗങ്ങള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പാലയനം ചെയ്യുന്ന സാഹചര്യമുണ്ടാകും. അങ്ങനെ വരുമ്പോള്‍ വൈറസുകള്‍ ഒരു ജീവി വര്‍ഗത്തില്‍ നിന്ന് മറ്റൊരു ജീവി വര്‍ഗത്തിലേക്ക് വ്യാപിക്കാനുള്ള സാഹചര്യം വര്‍ധിക്കും. ഇങ്ങനെ മൂവായിരം സസ്‌തനി ജീവി വര്‍ഗങ്ങള്‍ പലായനം ചെയ്യുമ്പോള്‍ അവയ്‌ക്കിടയില്‍ ഉണ്ടാകാനിടയുള്ള വൈറസ് വ്യാപനമാണ് ഗവേഷകര്‍ കണക്കാക്കിയത്.
ഈ സസ്‌തനി ജീവി വര്‍ഗങ്ങള്‍ക്കിടയില്‍ നാലായിരം തവണ വൈറസ് വ്യാപനം അടുത്ത അമ്പത് വര്‍ഷകാലത്തിനിടയില്‍ ഉണ്ടാകുമെന്നാണ് ഈ പഠനം കണ്ടെത്തിയത്. എല്ലാ വൈറസുകളും മനുഷ്യരിലേക്ക് പടരുകയോ, കൊവിഡ് വ്യാപനം പോലെ രൂക്ഷമാകുകയോ ചെയ്യില്ല. പക്ഷെ ഒരു ജീവി വര്‍ഗത്തില്‍ നിന്ന് മറ്റൊരു ജീവി വര്‍ഗത്തിലേക്ക് വൈറസ് വ്യാപിക്കുന്നതിന്‍റെ നിരക്ക് വര്‍ധിക്കുന്നത് മനുഷ്യരിലേക്കും വൈറസ് വ്യാപിക്കാനുള്ള സാധ്യതയാണ് വര്‍ധിപ്പിക്കുന്നതെന്ന് പഠനം പറയുന്നു.
വന നശീകരണം, ജീവിവര്‍ഗങ്ങളുടെ വംശനാശം, വന്യജീവികളെ കച്ചവടം ചെയ്യുന്നത് തുടങ്ങിയവ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്നതിനെ സംബന്ധിച്ച് ഗവേഷണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കാലവസ്ഥ വ്യതിയാനം വൈറസ് വ്യാപനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ വളരെ വിരളമാണെന്ന് ഗവേഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗങ്ങളില്‍ കാലവസ്ഥയുടെ പങ്ക് സംബന്ധിച്ച് ചര്‍ച്ചചെയ്യപ്പെടുന്നില്ലെന്ന് ഈ പഠനത്തില്‍ പങ്കാളിയായ ജോര്‍ജ്‌ടൗണ്‍ സര്‍വകലാശാലയിലെ ബയോളജി അസിസ്റ്റന്‍ഡ് പ്രഫസറായ കോളിന്‍ കാര്‍ലസണ്‍ പറഞ്ഞു.
ആഗോളതാപനം പുതിയ വൈറസുകള്‍ പൊട്ടിപുറപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ശാസ്ത്രലോകത്തില്‍ സമവായമുണ്ട്. കാലവസ്ഥ വ്യതിയാനം കാരണമുള്ള വൈറസ് ബാധ മുന്നില്‍ കണ്ട് ലോകം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു. ആഗോള താപനം കുറയ്‌ക്കേണ്ടത് പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാന്‍ കൂടി ആവശ്യമായി തീര്‍ന്നിരിക്കുകയാണ്.