ബെയ്‌ജിങ്: കൊവിഡ് ആശങ്കകൾ നിലനിൽക്കെ മനുഷ്യനിൽ ആദ്യമായി എച്ച്3എൻ8 പക്ഷിപ്പനി സ്ഥിരീകരിച്ച് ചൈന. ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നാല് വയസുകാരനിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം മനുഷ്യർക്കിടയിൽ രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷൻ (എൻഎച്ച്‌സി) അറിയിച്ചു.
രോഗം സ്ഥിരീകരിച്ച ആൺകുട്ടിയിൽ പനി ഉൾപ്പെടെ വിവിധ ലക്ഷണങ്ങൾ കണ്ടെത്തയിരുന്നു. എന്നാൽ കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിലാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് എൻഎച്ച്‌സി അറിയിച്ചു. വീട്ടിൽ വളർത്തുന്ന കോഴികളും മറ്റ് പക്ഷികളുമായും കുട്ടി സമ്പർക്കം പുലർത്തിയിരുന്നതിനാൽ ഇവയിൽ നിന്ന് ബാധിച്ചതാകാമെന്നാണ് നിഗമനം.
ലോകത്തിന്‍റെ പലഭാഗത്തായി കുതിര, നായ, പക്ഷികൾ, നീർനായ പോലുള്ള ജീവികളിലാണ് എച്ച്3എൻ8 വൈറസ് മുമ്പ് കണ്ടെത്തിയിട്ടുള്ളത്. മനുഷ്യൽ ഈ വൈറസ് കണ്ടെത്തുന്നത് ഇത് ആദ്യമാണെന്നും ആരോഗ്യ കമ്മീഷൻ പറയുന്നു. വലിയ തോതിലുള്ള പകർച്ച സാധ്യത കുറവായതിനാൽ തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാധ്യത ഇല്ലെന്നാണ് ആരോഗ്യവിദഗ്‌ധരുടെ വിലയിരുത്തൽ.