ന്യൂഡൽഹി: കോർബെവാക്‌സ് വാക്‌സിൻ പതിനെട്ട് വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസായി നൽകാൻ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ഉടൻ ലഭിച്ചേക്കും. കൊവിഡ് പ്രതിരോധ ദേശീയ ഉപദേശക സമിതിയുടെ ശിപാർശയെ തുടർന്നാണിത്. കൊവാക്‌സിൻ, കൊവിഷീൽഡ് എന്നിവയുടെ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് കോർബെവാക്‌സ് ബൂസ്റ്റർ ഡോസായി നൽകാം.
രാജ്യത്ത് പ്രാഥമിക വാക്‌സിനേഷനിൽ നിന്ന് സർക്കാർ അംഗീകാരം ലഭിക്കുന്ന വ്യത്യസ്‌തമായ ഒരു വാക്‌സിൻ ബൂസ്റ്റർ ഡോസ് ഇത് ആദ്യമാണ്. രണ്ട് ഡോസ് കൊവീഷീൽഡോ, കൊവാക്‌സിനോ എടുത്ത ആളുകൾക്ക് കോർബെവാക്‌സ് വാക്‌സിൻ ഒരു ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസായി നൽകുന്നു.
വാക്‌സിന്‍റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാക്കിയ 18 വയസിന് മുകളിലുള്ളവർക്ക് മുൻകരുതൽ ഡോസായി കോർബെവാക്‌സ് നൽകുന്നത് പരിഗണിക്കും. കഴിഞ്ഞ മാസം നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിഎജിഐ) 18 വയസിന് മുകളിലുള്ളവർക്ക് ഹെറ്ററോളജിക്കൽ ബൂസ്റ്ററായി ബയോളജിക്കൽ ഇയുടെ കോർബെവാക്‌സ് ശിപാർശ ചെയ്‌തിരുന്നു. 18 മുതൽ 80 വയസുവരെയുള്ള രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരിൽ കോർബെവാക്‌സ് ബൂസ്റ്റർ ഡോസ് നൽകി ട്രയൽ നടത്തിയിരുന്നു. മൾട്ടിസെന്‍റർ ഫേസ് III ക്ലിനിക്കിലാണ് ഇതിന്‍റെ പഠനം നടത്തിയത്.
തുടർന്ന് കോർബെവാക്‌സിന്‍റെ ബൂസ്റ്റർ ഡോസ്, കൊവിഷീൽഡ്, കൊവാക്‌സിൻ സ്വീകരിച്ചവരിലെ ആന്‍റിബോഡി ടൈറ്ററുകളിൽ ഗണ്യമായ വർധനവിന് കാരണമായെന്ന് കണ്ടെത്തിയിരുന്നു. ഈ വർഷം ജൂൺ 4-ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ, വാക്‌സിൻ കമ്പനിയായ ബയോളജിക്കൽ ഇ. ലിമിറ്റഡ് (BE) കോർബെവാക്‌സ്(CORBEVAX) കൊവിഡ്-19 വാക്‌സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസായി അംഗീകരിച്ചതായും പ്രഖ്യാപിച്ചിരുന്നു.