പ്രണബന്ധങ്ങളില്‍ നിന്നുള്ള വേര്‍പിരിയല്‍ പലപ്പോഴും അനിവാര്യമാണ്. എന്നാല്‍, ഇങ്ങനെയൊരു സാഹചര്യം ആരെയും മാനസികമായി വേദനിപ്പിക്കുന്നതാണ്. ഇത്തരത്തിലുണ്ടാവുന്ന ദുഃഖം അനാരോഗ്യകരമായ ശീലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നുവെന്നത് വസ്‌തുതയാണ്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ഈ സങ്കടത്തെ അതിജീവിച്ചേ മതിയാകൂ. അതിന് നിങ്ങളെ സഹായിക്കുന്ന അഞ്ച് കാര്യങ്ങളെക്കുറിച്ച് നോക്കാം.
സോഷ്യൽ മീഡിയയോട് തത്‌കാലത്തേക്ക് പറയാം ഗുഡ് ബൈ : പ്രണയത്തില്‍ ആയിരുന്നപ്പോള്‍ കമിതാക്കള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മെസേജ് അയക്കുന്നതും ഫോട്ടോകള്‍ പങ്കുവയ്‌ക്കുന്നതുമൊക്കെ സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ പ്രണയബന്ധം തകര്‍ന്നാല്‍ സോഷ്യല്‍ മീഡിയയോട് താത്‌കാലികമായി വിട പറയുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്രണയ ബന്ധത്തിലായിരുന്നപ്പോഴുള്ള മെസേജുകളും മറ്റും വീണ്ടും എടുത്തുനോക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് തത്‌കാലം ഒഴിവാക്കുന്നത് നന്നാവുക. എല്ലാ വിഷമങ്ങളേയും അതിജീവിച്ച് മുന്നേറുന്നതിന് പകരം ഭൂതകാലത്തില്‍ നിലയുറപ്പിക്കാന്‍ കാരണമാവും എന്നതുകൊണ്ട് സോഷ്യല്‍ മീഡിയകള്‍ ഡീആക്‌ടിവേറ്റ് ചെയ്യുകയോ, അല്ലെങ്കില്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ആവാം.
വികാരങ്ങള്‍ 'കടിച്ചുപിടിച്ച്' വയ്‌ക്കേണ്ട : ഒരു ബ്രേക്ക്‌അപ്പൊക്കെ നേരിട്ട സമയത്ത് ആളുകള്‍ സാധാരണയായി തനിക്ക് ഒരു പ്രശ്‌നവും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ നില്‍ക്കാറുണ്ട്. ഉള്ളിൽ അഗാധമായ അസ്വസ്ഥത അനുഭവപ്പെടുമ്പോഴും ഈ വികാരങ്ങൾ മറച്ചുവയ്‌ക്കാന്‍ ശ്രമം നടത്തുന്നത് സ്വാഭാവികം. എന്നാല്‍, ഈ 'അഭിനയം' അത്ര നല്ലതല്ലെന്ന് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മനസിലുള്ള വിഷമങ്ങള്‍ മറ്റൊരാളോട് സംസാരിക്കുന്നത് നിങ്ങളുടെ ദുഃഖത്തെ ലഘൂകരിക്കാന്‍ ഇടയാക്കും. ഈ സമയത്തും നിങ്ങളെ സ്‌നേഹിക്കുന്ന ആളുകളുണ്ടെന്ന് മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സംസാരിക്കുമ്പോൾ കരഞ്ഞുപോയാല്‍ തന്നെ ഒരു കുഴപ്പവുമില്ല. നിങ്ങളുടെ ഹൃദയവേദനകള്‍ പ്രകടിപ്പിക്കുന്നതുതന്നെ വലിയ ആശ്വാസമേകും. അതുകൊണ്ട് കരയാന്‍ തോന്നിയാല്‍ പൊട്ടിക്കരഞ്ഞോളൂ.
ഉള്‍ക്കൊള്ളാം യാഥാര്‍ഥ്യം : വേർപിരിയൽ സ്വാഭാവികമായും അത് അഭിമുഖീകരിക്കുന്ന വ്യക്തിയിലേക്ക് ധാരാളം ചോദ്യശരങ്ങള്‍ ഏല്‍പ്പിക്കുമെന്നത് വസ്‌തുതയാണ്. പങ്കാളി എന്തുകൊണ്ടാണ് തന്നെ വിട്ടുപോയതെന്ന് എത്ര ശ്രമിച്ചിട്ടും മനസിലാക്കാന്‍ കഴിയുന്നില്ലെങ്കിൽ അതിനായി ഇനി സമയം പാഴാക്കേണ്ടതില്ല. സംഭവിച്ചതെല്ലാം നല്ലതിന്. അക്കാര്യം വിട്ടുകളയുക. പതുക്കെ ആണെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമാക്കാന്‍ വേണ്ടി പഠിക്കുക. ബന്ധമൊഴിവാക്കാനായി പങ്കാളിയുമായി വീണ്ടും ഇതേക്കുറിച്ച് സംസാരിക്കാന്‍ തോന്നലുണ്ടാവും. എന്നാല്‍, ഈ കൂടിക്കാഴ്‌ച ഒരു പോസിറ്റീവ് രീതിയില്‍ അല്ലെങ്കില്‍ പണിപാളും. അതുകൊണ്ട് എല്ലാം ശരിയായി ഉറച്ച മനസ് കൈവന്നെങ്കില്‍ മാത്രമേ സാംസാരത്തിനോ കൂടിക്കാഴ്‌ചയ്‌ക്കോ നില്‍ക്കാന്‍ പാടുള്ളൂ. ഇങ്ങനെ ആണെങ്കില്‍ തന്നെ ആരോഗ്യകരമായ സൗഹൃദ സംഭാഷണത്തിന് മാത്രം പ്രാധാന്യം നല്‍കുക.
പേനയെ ഒരു സുഹൃത്താക്കി നോക്കൂ : 'പേന വാളിനെക്കാൾ കരുത്തുറ്റതാണ്', പറഞ്ഞുപറഞ്ഞ് തഴമ്പിച്ച വാചകമാണെന്നതില്‍ സംശയമില്ല. പക്ഷേ, ഇക്കാര്യത്തില്‍ വസ്‌തുതയുണ്ട്. നമ്മുടെ വികാരങ്ങൾ നന്നായി പ്രതിഫലിപ്പിക്കാന്‍ പറ്റിയ ഒന്നാണ് എഴുത്ത്. മനസില്‍ തോന്നിയ സങ്കടങ്ങളാണെങ്കിലും സന്തോഷമാണെങ്കിലും ഒന്ന് എഴുതി നോക്കൂ. നമ്മുടെ മനോവികാരത്തിന്‍റെ വ്യക്തമായ ചിത്രം പകര്‍ത്താന്‍ ഈ എഴുത്തിന് ആവുമെന്നതിനാല്‍ അത് നല്ലൊരു ആശ്വാസം നല്‍കാന്‍ ഇടയാക്കും. ഇങ്ങനെയുള്ള എഴുത്ത് വീണ്ടുമെടുത്ത് ഒന്ന് വായിച്ചുനോക്കിയാല്‍ മനസിലാകും നമ്മള്‍ നമ്മളോടുതന്നെ സംസാരിക്കുന്നതുപോലെ. അതുകൊണ്ട് എഴുത്തിലൂടെ സ്വയം സംസാരിക്കാന്‍ നോക്കുക, ദുഃഖമകറ്റുക.
നമുക്ക് കണ്ടെത്താം നമ്മളെത്തന്നെ : പ്രണയബന്ധം തകര്‍ന്നതോടെ ജീവിതം അവസാനിച്ചു എന്ന് തോന്നാമെങ്കിലും അതില്‍ വസ്‌തുതയുടെ തരിമ്പില്ലെന്ന് മനസിലാക്കുക. ജീവിതമല്ല അവസാനിച്ചത്, ഒരു അധ്യായത്തിന്‍റെ അവസാനം മാത്രമാണ് അത്. ഇനി കടക്കാനുള്ളത് പുതിയ അധ്യായത്തിലേക്കെന്ന് ചുരുക്കം. പ്രണയത്തിലുണ്ടായിരുന്ന ആളുമായി ഉണ്ടായ 'പതിവ് ദിനചര്യകൾ' മാറ്റാന്‍ നോക്കാം. കാറ്റുകൊള്ളാനും കാപ്പികുടിക്കാനും കറങ്ങാനും ഒരു സ്ഥലത്തേക്ക് മാത്രം പോവുന്നതാണ് ഉദ്ദേശിച്ചത്. നിങ്ങൾ ഇതുവരെ പോയിട്ടില്ലാത്ത ഒരു പുതിയ റെസ്റ്റോറന്‍റിലേക്കോ അല്ലെങ്കില്‍ പോവാൻ ആഗ്രഹമുള്ളതും എന്നാല്‍ അതിന് കഴിയാത്തതുമായ സ്ഥലത്തേക്കോ വച്ചുപിടിക്കുക. ഒന്നുമല്ലെങ്കില്‍ ഷോപ്പിങ്ങിന് പോയി ആഗ്രഹിക്കുന്ന സാധനങ്ങൾ വാങ്ങാന്‍ നോക്കുക. ഇങ്ങനെ ജീവിതത്തില്‍ പുതിയ അധ്യായങ്ങളെ അടിമുടി പുതുക്കി തന്നെ കൊണ്ടുപോവുക. ഇങ്ങനെ എല്ലാം ചെയ്യുമ്പോള്‍ പിന്നെ എങ്ങനെ നമ്മുടെ ഉള്ളില്‍ സങ്കടത്തിന് സ്ഥാനമുണ്ടാകും.