വയനാട്: വൈവിധ്യമാർന്ന 48 നെല്ലിനങ്ങൾ കൃഷി ചെയ്ത് പ്രദർശനത്തിന് ഒരുക്കിയിരിക്കുകയാണ് വയനാട്ടിലെ തിരുനെല്ലിക്കടുത്ത് കാട്ടിക്കുളം അടുമാറി പാടശേഖരത്തിൽ മൂന്നു ചെറുപ്പക്കാർ. തികച്ചും ജൈവരീതിയിൽ ആണ് ഇവരുടെ കൃഷി.
പാട്ടത്തിനെടുത്ത 13 ഏക്കറിൽ വയനാടിന്‍റെ സ്വന്തം നെല്ലിനങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുനിന്നുമുള്ള നെല്ലിനങ്ങളും കൃഷി ചെയ്തിട്ടുണ്ട്. തായ്‌ലൻഡിൽ നിന്നുള്ള ബ്ലാക്ക് ജാസ്മിൻ, വൈറ്റ് ജാസ്മിൻ, പ്ലാന്‍റിൽ നിന്നുള്ള ബർമ്മ ബ്ലാക്ക്, ഒറീസയിൽ നിന്നുള്ള കാകിശാല, ലോകത്തിലെ ഏറ്റവും ചെറിയ അരി കിട്ടുന്ന ഇനമായ ബംഗാളിൽനിന്നുള്ള തുളസി ബോഗ് തുടങ്ങിയവ വയലിന് പൂന്തോട്ടത്തിന്‍റെ ഭംഗി നൽകുന്നു. കറുത്ത അരി കിട്ടുന്ന ഇനങ്ങളാണ് ബ്ലാക്ക് ജാസ്മിൻ, അസ്സം ബ്ലാക്ക്, കാലാബാത്ത് എന്നിവ. കമുങ്ങിൻ പൂത്താല, മുള്ളൻ കൈമ, ജീരകശാല, തൊണ്ടി, ഔഷധ ഗുണമുള്ള രക്തശാലി തുടങ്ങി അന്യം നിന്ന നാടൻ ഇനങ്ങളും ഇവിടെയുണ്ട്. വന്യമൃഗശല്യവും നഷ്ടവും കാരണം വയനാട്ടിലെ കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് പ്രതിസന്ധികൾ ഒന്നും വകവയ്ക്കാതെ അടുമാറിയിൽ യുവകര്‍ഷകര്‍ കൃഷി ഇറക്കിയിട്ടുള്ളത്.