വയനാട്: വയനാട്ടിൽ വിനോദ സഞ്ചാര മേഖല തിരിച്ചുവരവിന്‍റെ പാതയിൽ. ഒഴിവ് ദിവസങ്ങളിൽ ഒട്ടേറെ സഞ്ചാരികളാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നത്. രണ്ടു വെള്ളപ്പൊക്കങ്ങളും കൊവിഡ് വ്യാപനവും കുറച്ചൊന്നുമല്ല വയനാടിന്‍റെ വിനോദ സഞ്ചാര മേഖലയെ ബാധിച്ചത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ബാണാസുര സാഗർ, പൂക്കോട് തടാകം, കുറുവാദ്വീപ്, പഴശ്ശി പാർക്ക് തുടങ്ങിയ ഇടങ്ങളിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്. കേരളത്തിനുള്ളിൽ നിന്നുള്ളവരാണ് ജില്ലയിൽ എത്തുന്നവരിൽ അധികവും.
അതേസമയം, കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി 10 വയസ്സിന് താഴെ പ്രായമുള്ളവർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനമില്ല. 2020 മാർച്ച് മുതൽ ആഗസ്റ്റ് വരെ 755 കോടി രൂപയുടെ നഷ്ടമാണ് ജില്ലയിൽ വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായത്. ഡിടിപിസിയുടെ തനതു വരുമാനത്തിൽ മൂന്ന് കോടി 70 ലക്ഷം രൂപയുടെ നഷ്ടം വന്നു.