വയനാട്: മാനന്തവാടിക്കടുത്ത് കുറുക്കൻമൂലയിൽ ആദിവാസി യുവതിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് വയനാട് എസ്.പി. മരിച്ച ശോഭയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുറുക്കൻ മൂലയിൽ നാട്ടുകാരും ബന്ധുക്കളും സത്യാഗ്രഹം തുടങ്ങിയിരുന്നു.
ശോഭയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതായി എസ്.പി ഇളങ്കോ ആർ. പറഞ്ഞു. എ.എസ്.പിയും സൈബർ സെല്ലും അന്വേഷണസംഘത്തിന്‍റെ ഭാഗമാണ്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പോസ്റ്റുമോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയതിന്‍റെ തലേദിവസം രാത്രി ഫോൺ കോൾ വന്നതിനെത്തുടർന്ന് ശോഭ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇക്കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഫെബ്രുവരി മൂന്നിനാണ് വീടിനടുത്തുള്ള പറമ്പിൽ ശോഭയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സ്ഥലം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.