വയനാട്: വിദ്യാർഥി ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍, കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ അധ്യാപകർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ് റിപ്പോർട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എഎസ്പിയാണ് അധ്യാപകർക്കെതിരെ തെളിവുകളുണ്ടെന്ന് റിപ്പോർട്ട് ഹൈക്കോടതിയില്‍ നല്‍കിയത്. കേസില്‍ പ്രതികളായ അധ്യാപകരുടെയും ഡോക്ടറുടെയും മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.
ഷഹലെ ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കേസില്‍ പ്രതികളായ ബത്തേരി സർവജന സ്കൂളിലെ സയന്‍സ് അധ്യാപകനായ ഷിജില്‍, വൈസ് പ്രിന്‍സിപ്പല്‍ മോഹന്‍കുമാർ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോ. ജിസ മെറിന്‍ ജോയ് എന്നിവർ സമർപ്പിച്ച മുന്‍കൂർ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സർക്കാരിന്‍റെ വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടിയായി അന്വേഷണസംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് ഷഹലയ്ക്ക് ചികിത്സ നൽകുന്നതില്‍ അധ്യാപകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിശദീകരിക്കുന്നത്.
ഷഹലയ്ക്ക് പാമ്പ് കടിയേറ്റപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ നിർദേശിക്കുകയും പ്രാഥമിക ചികിത്സ നല്‍കാന്‍ ശ്രമിക്കുകയും ചെയ്ത മറ്റ് അധ്യാപകരേയും അധ്യാപക ഷിജില്‍ നിരുത്സാഹപ്പെടുത്തിയെന്ന് റിപ്പോർട്ടില്‍ പറയുന്നു. പാമ്പ് കടിയേറ്റെന്ന് സഹപാഠികളടക്കം ആവർത്തിച്ചു പറഞ്ഞിട്ടും അധ്യാപകന്‍ ചെവികൊണ്ടില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു. ഷഹലയെ ചികിത്സിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറും ആന്‍റിവെനം നല്‍കാതെ കോഴിക്കോട്ടേക്ക് റഫർ ചെയ്ത് ചികിത്സ വൈകിപ്പിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ പ്രതികള്‍ക്ക് മുന്‍കൂർ ജാമ്യം അനുവദിക്കരുതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എഎസ്പി ഡോ. വൈഭവ് സക്സേന ഹൈക്കോടതിക്ക് കൈമാറിയ വിശദീകരണത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.